Cancer Symptoms : ഭക്ഷണം കഴിക്കാൻ വിഷമം; ഈ ക്യാൻസര്‍ ലക്ഷണങ്ങള്‍ അറിയൂ

By Web TeamFirst Published Jul 7, 2022, 8:44 PM IST
Highlights

ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചിടത്തോളം ഇത് സമയത്തിന് നിര്‍ണയിക്കാൻ സാധിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെയെങ്കിലും ഭൂരിഭാഗം വരുന്ന അര്‍ബുദങ്ങളും ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാൻ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാണ്.

അര്‍ബുദരോഗം അഥവാ ക്യാൻസറിനെ കുറിച്ച് അറിയാത്തവര്‍ കാണില്ല. വ്യത്യസ്തമായ അവയവങ്ങളെ ബാധിക്കുന്നതിനാല്‍ തന്നെ ക്യാൻസറും അത്രയും വ്യത്യസ്തമായി തന്നെ ഉണ്ട്. ഇവയില്‍ പലതിനെ കുറിച്ചും നമുക്ക് വേണ്ട അവബോധമുണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ക്യാൻസര്‍ ലക്ഷണങ്ങള്‍ ( Cancer Symptoms )  പലപ്പോഴും കാണാതെ പോകുന്നതും സാധാരണമാണ്.

ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചിടത്തോളം ഇത് സമയത്തിന് നിര്‍ണയിക്കാൻ സാധിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെയെങ്കിലും ഭൂരിഭാഗം വരുന്ന അര്‍ബുദങ്ങളും ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാൻ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാണ്. എന്നാല്‍ സമയത്തിന് രോഗം കണ്ടെത്തപ്പെടാതെ പോകുന്ന സാഹചര്യങ്ങള്‍ ഏറെയാണ്. ഇത് നേരത്തെ പറഞ്ഞത് പോലെ ലക്ഷണങ്ങളെ കാര്യമായി ഗൗനിക്കാത്തത് മൂലമാണ് സംഭവിക്കുന്നത്. 

ഇത്തരത്തില്‍ നമ്മള്‍ നിസാരമായി കണക്കാക്കിയേക്കാവുന്ന ചില ക്യാന്‍സര്‍ ലക്ഷണങ്ങളെ കുറിച്ച് അറിയാം. ലോകത്തില്‍ തന്നെ ഏറ്റവുമധികം കാണപ്പെടുന്ന ക്യാന്‍സറുകളില്‍ ആദ്യ പത്തിനത്തില്‍ ഉള്‍പ്പെടുന്നതാണ് അന്നനാളത്തെ ബാധിക്കുന്ന ക്യാൻസര്‍ ( Esophagus Cancer ). അന്നനാള അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യം സൂചിപ്പിച്ചതിന് സമാനമായി പലപ്പോഴും മിക്കവരും നിസാരമായി തള്ളിക്കളയുന്നതാണ്. അതുകൊണ്ട് തന്നെ അവസാനഘട്ടത്തില്‍ മാത്രം രോഗം തിരിച്ചറിയപ്പെടുന്ന കേസുകളും നിരവധിയാണ്. 

പ്രധാനമായും ഭക്ഷണം കഴിക്കാനുള്ള വിഷമമാണ് അന്നനാള അര്‍ബുദ ലക്ഷണമായി വരുന്നത്. ഭക്ഷണം ഇറക്കാൻ തന്നെ പ്രയാസം തോന്നാം. ഇതുമൂലം കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയാം. അതിന് അനുസരിച്ച് തൂക്കം കുറയാം. അതുപോലെ ഭക്ഷണം ചവച്ചരച്ച് കഴിക്കാനുള്ള പ്രയാസം കൊണ്ട് അല്‍പാല്‍പമായി ചവയ്ക്കാതെ തന്നെ വിഴുങ്ങാനും രോഗി ശ്രമിച്ചേക്കാം. ഇതെല്ലാം അന്നനാള അര്‍ബദുമുള്ളവരില്‍ തുടക്കത്തിലേ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. 

പലപ്പോഴും ഈ കാര്യങ്ങള്‍ ആളുകള്‍ വേണ്ടത്ര ഗൗനിക്കാതെ പോകാം. അതുമൂലം രോഗം മൂര്‍ച്ഛിക്കുന്നത് വരെ രോഗം അറിയാതെയും പോകുന്നു. 

ഭക്ഷണം കഴിക്കാനുള്ള പ്രയാസത്തിന് പുറമെ ദഹനപ്രശ്നങ്ങളാണ് അന്നനാള അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളായി ( Cancer Symptoms ) പിന്നീട് വരാറ്. ഇവയും നിത്യജീവിതത്തില്‍ സാധാരണമായ ആരോഗ്യപ്രശ്നങ്ങളായി മിക്കവരും കണക്കാക്കാം. 

ഓക്കാനം, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ചുമ, വിശപ്പില്ലായ്മ, തളര്‍ച്ച, നെഞ്ചില്‍ വേദന, പ്രത്യേകരീതിയില്‍ അകത്തുനിന്ന് ശബ്ദം (കുറുകല്‍ പോലെ) എന്നിവയും അന്നനാള അര്‍ബുദത്തിന്‍റെ ( Esophagus Cancer ) ലക്ഷണങ്ങളായി വരുന്നതാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ ഏതെങ്കിലും നേരിട്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുക. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങളിലും ഇത്തരം ലക്ഷണങ്ങള്‍ കാണാവുന്നതാണ്. അതിനാല്‍ അനാവശ്യമായ ഭയാശങ്കകള്‍ വേണ്ട. പരിശോധന നിര്‍ബന്ധമായും ചെയ്യുക.

Also Read:- നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില അസുഖങ്ങള്‍

tags
click me!