ദയാവധമില്ല, തുടർവിദ്യാഭ്യാസം 5 വ‍ർഷം 30 മണിക്കൂർ; പുതിയനിർദ്ദേശങ്ങളോട് മെഡിക്കൽ സമൂഹത്തിന്‍റെ പ്രതികരണം എന്ത്?

Published : May 26, 2022, 10:17 PM ISTUpdated : May 26, 2022, 10:21 PM IST
ദയാവധമില്ല, തുടർവിദ്യാഭ്യാസം 5 വ‍ർഷം 30 മണിക്കൂർ; പുതിയനിർദ്ദേശങ്ങളോട് മെഡിക്കൽ സമൂഹത്തിന്‍റെ പ്രതികരണം എന്ത്?

Synopsis

ഡോക്ടർ എന്ന വിശേഷണം ചേർക്കണമെങ്കിൽ ​ദേശീയ മെഡിക്കൽ കമ്മിഷൻ, 2019ലെ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തവരാകണം. അതായത് ഫിസിയോ തെറാപ്പിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുമാർക്കും ഒന്നും ഡോക്ടർ എന്ന വിശേഷണം കിട്ടില്ല

ഡോക്ടറാണോ, എവിടെയാണ് പഠിച്ചത്, ഏതാ ഡി​ഗ്രി, വിദേശമാണോ സ്വദേശമാണോ, നൂതന ചികിൽസകൾക്കൊപ്പം അപ്ഡേറ്റഡ് ആണോ ഇതൊക്കെ ഇനി അറിയാം. അറിയിക്കണമെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ കരട് നിർദേശങ്ങൾ പറയുന്നത്.

ഡോക്ടർ എന്ന വിശേഷണം ചേർക്കണമെങ്കിൽ ​ദേശീയ മെഡിക്കൽ കമ്മിഷൻ, 2019ലെ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തവരാകണം. അതായത് ഫിസിയോ തെറാപ്പിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുമാർക്കും( പി എച്ച് ഡി ഉണ്ടെങ്കിൽ ആ ഡോക്ടറേറ്റ് വയ്ക്കാം) ഒന്നും ഡോക്ടർ എന്ന വിശേഷണം കിട്ടില്ല. ദീർഘകാലമായി മെഡിക്കൽ ഡോക്ടർമാരുടെ ആവശ്യത്തിനാണ് കരട് നിർദേശത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ പച്ചക്കൊടി കാണിക്കുന്നത്.

ഇനി ഡോക്ടർമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്.

അഞ്ച് വർഷം കൂടുമ്പോൾ ലൈസൻസ് പുതുക്കുന്നതിനൊപ്പം മറ്റൊരു പ്രധാനപ്പെട്ട സം​ഗതി കൂടെയുണ്ട്. സ്വയം അപ്ഡേറ്റ് ആകണം. നൂതന ചികിൽസകൾ , മാറുന്ന ചികിൽസാ രീതീകൾ , മരുന്നുകൾ എല്ലാം അറിയണം. അതിനായി തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുക്കണം. കണ്ടിന്യൂയിങ് മെഡിക്കൽ എജ്യൂക്കേഷൻ എന്നതിനെ മാറ്റി കണ്ടിന്യൂസ് പ്രൊഫഷണൽ ഡെവലപ്മെന്റ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ അഞ്ച് വർഷത്തിനുള്ളിൽ 30 മണിക്കൂർ കൃത്യമായി പങ്കെടുത്തിരിക്കണം. അം​ഗീകൃത സംഘടനകളോ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആകണം ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്വയം ഉറപ്പുവരുത്തുകയും വേണം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് പ്രാക്ടീസ് ചെയ്യണമെങ്കിൽ അതാത് സംസ്ഥാന മെഡിക്കൽ കൗൺസിലുകളിൽ കൂടി രജിസ്റ്റർ ചെയ്യണം. ഡോക്ടർമാർ മെഡിക്കൽ ഷോപ്പ് തുടങ്ങരുത്. എന്നാൽ സ്വന്തം രോ​ഗിക്ക് മരുന്ന് വിൽക്കാം.

ചൈന , റഷ്യ , യുക്രെയ്ൻ അങ്ങനെ പല രാജ്യങ്ങളിൽ നിന്നും മെഡിക്കൽ ഡി​ഗ്രി നേടി വരുന്നവർക്ക് ബാധകമാകുന്ന നിർദേശമാണ് മറ്റൊരു പ്രധാനപ്പെട്ട ഒന്ന്. ചില രാജ്യങ്ങളിൽ എം ബി ബി എസ് ബിരുദത്തെ എം ഡി ബിരുദം എന്നാണ് നൽകുന്നത്. അതിനി ഇന്ത്യയിൽ അം​ഗീകരിക്കില്ല. പകരം ഇന്ത്യയിലെ ഏത് കോഴ്സിന് ആണോ തതുല്യമായത് അത് വേണം പ്രദർശിപ്പിക്കാൻ. അതായത് എം ബി ബി സിന് തുല്യമായ ഡി​ഗ്രി നേടിയെത്തിയാൽ വിദേശ രാജ്യത്ത് നിന്നു നൽകുന്ന എം ഡി എന്ന സർട്ടിഫിക്കറ്റിലുള്ള ബിരുദം വയ്ക്കാനാകില്ല.

ടെലി മെഡിസിന് അം​ഗീകാരം നൽകുന്നുണ്ട്. എന്നാൽ ചികിൽസയും മരുന്ന് നിർദേശവും സോഷ്യൽ മീഡിയ വഴി വേണ്ടെന്നാണ് ദേശീയ മെഡിക്കൽ കമ്മിഷൻ കരട് പറയുന്നത്. രോ​ഗിയുടെ ലാബ് റിപ്പോർട്ടോ സ്കാൻ അടക്കമുള്ള വിശദാംശങ്ങളോ ശസ്ത്രക്രിയ ചെയ്യുന്ന പടമോ ദൃശ്യങ്ങളോ ഒന്നും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കരുതെന്ന നിർദേശവും ഉണ്ട്. ഡോക്ടർമാർ സോഷ്യൽ മീഡിയ വഴി നൽകുന്ന ഉപദേശങ്ങൾ  രോ​ഗികളെ തെറ്റിദ്ധരിപ്പിക്കുന്നത് ആകരുതെന്ന നിർദേശവും ഉണ്ട്. 

ദയാവധത്തിന് അനുമതി ഇല്ലാത്തത് തുടരും

ഇന്ത്യയിൽ ദയാവധത്തിന് അനുമതി ഇല്ല. അതിനായുളള ആവശ്യങ്ങൾ മെഡിക്കൽ രം​ഗത്തുളളവർ തന്നെ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും അത് അം​ഗീകരിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ തയാറായിട്ടില്ല. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നവരിൽ പോലും അവയവദാനമെന്ന മഹത് പ്രക്രിയ ഉറപ്പായാൽ മാത്രമാണ് വെന്റിലേറ്റർ അടക്കം ലൈഫ് സപ്പോർട്ടിങ് സംവിധാനങ്ങൾ മാറ്റാൻ അനുമതി നൽകിയിട്ടുള്ളത്. രോ​ഗം ഭേദമാകാതെ കിടപ്പിലാകുമെന്നുറപ്പായാൽ രോ​ഗിയുടെ സമ്മതത്തോടെ വിദ​ഗ്ധ ഡോക്ടർമാരുടെ നിർദേശത്തിൽ ദയാവധം അനുവദിക്കണമെന്നാണ് മെഡിക്കൽ രം​ഗത്തുള്ള പ്രഗത്ഭരുടേയും ആവശ്യം. ഇതിന് പ്രായം കണക്കാക്കേണ്ടതില്ല. അതേസമയം വിമർശനങ്ങളും ദുരുപയോ​ഗവും ഒഴിവാക്കാൻ കർശന മേൽനോട്ടവും നിയന്ത്രണങ്ങളും ആകാമന്നും ആവശ്യം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് അഭിപ്രായം തേടി സുപ്രീംകോടതി 2014ൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന് താൽപര്യമില്ലെന്ന് കരട് നിർദേശം വ്യക്തമാക്കുന്നുണ്ട്.

തുടർ വിദ്യാഭ്യാസ പരിപാടി ഡോക്ടർമാരുടെ സംഘടനകളെല്ലാം സ്വാഗതം ചെയ്യുകയാണ്. പുതിയ ചികിത്സാ രീതി, മരുന്നുകളെക്കുറിച്ചുള്ള പഠനം എന്നിവയിലെല്ലാം പൊതുവേ അനുകൂല നിലപാടാണ്. എന്നാൽ ദയാവധത്തിന്‍റെ കാര്യത്തിൽ രണ്ട് പക്ഷമുണ്ട്. കേരളത്തിലെയടക്കമുള്ള ആരോഗ്യരംഗത്തെ ഒരു വിഭാഗം വിദഗ്ദരുടെ അഭിപ്രായം ദയാവധം അനുവദിക്കണമെന്നാണ്. ഒരിക്കലും ചികിത്സിച്ച് ഭേദമാകാത്ത രോഗമുള്ളവർക്ക് അവരുടെ അനുമതിയോടെ ദയാവധം നൽകണമെന്ന കാര്യം ഇവർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ ചർച്ചക‌ൾ അവസാനിക്കാതെ തുടരുകയാണ്.

കുരങ്ങുപനി; ഇന്ത്യയിലും ജാഗ്രത, മാർഗനിർദേശം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

'ജീവിതം മടുത്തു', ദയാവധം വേണമെന്ന് മലയാളിയായ ട്രാന്‍സ് വുമണ്‍; ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി, ജോലി ഉറപ്പാക്കി

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക