
ക്ലോസ്ട്രോഫോബിയ രോഗാവസ്ഥയെ കുറിച്ച് അധികം ആളുകൾക്കും അറിയില്ല. ഒരു പ്രത്യേക സാഹചര്യത്തോടോ വസ്തുവിനോടോ തോന്നുന്ന അകാരണമായ ഭയമാണ് ഫോബിയ. ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തടയാമെന്നതിനെ കുറിച്ചും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്ന ലേഖനം.
ഒരു അടഞ്ഞ മുറിയിൽ ഇരിക്കേണ്ടി വന്നാൽ വല്ലാത്ത പേടി തോന്നാറുണ്ടോ? ഉത്കണ്ഠ കൊണ്ടുണ്ടാകുന്ന ക്ലോസ്ട്രോഫോബിയ എന്ന അവസ്ഥ ഉള്ളവരിലാണ് ഇങ്ങനെ പേടി തോന്നുക. ലിഫ്റ്റിൽ കയറുക, ആളുകൾ കൂടിനിൽകുന്ന സ്ഥലങ്ങൾ- ഉദാഹരണത്തിന് ഒരു ഓഡിറ്റോറിയത്തിൽ, വിമാനത്തിൽ യാത്ര ചെയ്യുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളെ അവർ വല്ലാതെ പേടിക്കും. അതിനാൽ തന്നെ എങ്ങനെയും അങ്ങനെയുള്ള സാഹചര്യങ്ങളെ ഒഴിവാക്കാനും അവർ ശ്രമിക്കും. ഇനി ഒഴിവാക്കാൻ കഴിഞ്ഞില്ല എങ്കിൽ പെട്ടെന്ന് ആ സാഹചര്യത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുക.
സാധാരണ ആളുകൾ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളെയാണ് ഇവർ ഭയക്കുന്നത് എന്നതാണ് ഫോബിയയുടെ പ്രത്യേകത. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ രക്ഷപെടാൻ കഴിയാതെപോകും, ശ്വാസം കിട്ടാതെ വരുമോ എന്നെല്ലാമുള്ള ചിന്തയാണ് ഇവരുടെ ഭയത്തിന് കാരണം. പേടിയുള്ള സാഹചര്യങ്ങളിൽ ഇനി പറയുന്ന ടെൻഷന്റെ ലക്ഷണങ്ങൾ അവർക്ക് അനുഭവപ്പെടും.
● നെഞ്ചിടിപ്പു കൂടുക
● വിയർക്കുക
● ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
● തലചുറ്റുക
● വയറിന് അസ്വസ്ഥത
● നിയന്ത്രണം വിട്ടുപോകുന്നപോലെ തോന്നുക
● പെട്ടെന്ന് ആ സാഹചര്യത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുക
● അകപ്പെട്ടുപോയി ഇനി രക്ഷപ്പെടാനാവില്ല എന്ന വല്ലാത്ത ഭയം തോന്നുക
പ്രധാനമായും ഭയം തോന്നാൻ ഇടയുള്ള സാഹചര്യങ്ങൾ:
● ലിഫ്റ്റ്
● ടണൽ
● അടഞ്ഞ മുറി
● MRI/ CT സ്കാനുകൾ എടുക്കാൻ ഭയം
● വിമാനത്തിൽ യാത്ര ചെയ്യുക
● കാർ ലോക്ക് ഇട്ടശേഷം യാത്ര ചെയ്യുക
കാരണങ്ങൾ:
● വീട്ടിലുള്ളവരോ മറ്റാളുകളോ ഭയത്തോടെ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത് കണ്ടു വളരുക
● മുൻപ് എപ്പോഴെങ്കിലും അങ്ങനെ ഒരു സാഹചര്യത്തിൽ അകപ്പെട്ടത് (ഉദാ: ലിഫ്റ്റിൽ കുറച്ചു സമയം കുടുങ്ങിപ്പോവുക)
● വീട്ടിൽ ഉത്കണ്ഠ ഉള്ള മറ്റാളുകൾ ഉണ്ടെങ്കിൽ
പരിഹാര മാർഗ്ഗങ്ങൾ:
സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ഈ അവസ്ഥ മാറ്റിയെടുക്കാൻ കഴിയും. റിലാക്സേഷൻ ട്രെയിനിങ്, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി, എക്സ്പോഷെർ തെറാപ്പി, സിസ്റ്റമാറ്റിക് ഡിസെൻസിട്ടൈസേഷൻ എന്നിങ്ങനെയുള്ള മനഃശാസ്ത്ര ചികിത്സകൾ ക്ലോസ്ട്രോഫോബിയ മാറ്റിയെടുക്കാൻ സഹായിക്കും.
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam