
ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്കീൻ ടൈം ഒഴിവാക്കുകയെന്നത് സാധ്യമല്ല. ജോലി, പഠനം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഓണ്‍ലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ അത് എത്രമാത്രം നമ്മുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് കണ്ണുകളെ ബാധിക്കുമെന്നത് അറിഞ്ഞിരിക്കേണ്ട പ്രശ്നം തന്നെയാണ്.
പലരും അധികമായ സ്ക്രീൻ സമയം കണ്ണുകളെ ബാധിക്കുന്നുവെന്ന് തിരിച്ചറിയുക പോലുമില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും കാര്യത്തിലാണ് ആരോഗ്യവിദഗ്ധര്‍ ഏറെ ആശങ്ക പുലര്‍ത്തുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച് ഏറ്റവുമധികം സ്ക്രീൻ സമയമെടുക്കുന്നത് ഈ വിഭാഗക്കാരാണ്, അതേസമയം ആരോഗ്യവികാസം സംഭവിക്കുന്ന പ്രായത്തിലേ അവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ബാധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ഇത്തരത്തില്‍ സ്ക്രീൻ സമയം കൂടുമ്പോള്‍ പ്രായഭേദമില്ലാതെ ബാധിക്കാവുന്നൊരു പ്രശ്നമാണ് ഹ്രസ്വദൃഷ്ടി (മയോപിയ). കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹ്രസ്വദൃഷ്ടി ബാധിക്കുന്നവരുടെ എണ്ണം, പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്മാര്‍ട്ട് ഫോണിന്‍റെ അമിതോപയോഗം തന്നെയാണ് കാരണം.
മയോപിയ തിരിച്ചറിയാൻ?
എങ്ങനെയാണ് ഹ്രസ്വദൃഷ്ടി തിരിച്ചറിയാൻ സാധിക്കുക? എന്താണ് ഇതിന്‍റെ ലക്ഷണങ്ങള്‍ എന്നാണിനി വിശദീകരിക്കുന്നത്.
ദൂരെയുള്ള വസ്തുക്കളെ/ അക്ഷരങ്ങളെ/ ആളുകളെ കാണാൻ പ്രയാസം. കാഴ്ച മങ്ങുന്നതായി അനുഭവപ്പെടാം. ഇത് തന്നെ പല തീവ്രതയിലാണ് അനുഭവപ്പെടുക. ദൂരെയുള്ളത് കാണാൻ കണ്ണ് അല്‍പമൊന്ന് അടച്ചുപിടിച്ച് സൂക്ഷിച്ച് നോക്കേണ്ടി വരാം. ഇടവിട്ട് തലവേദന അനുഭവപ്പെടുന്നതും മയോപിയയുടെ ലക്ഷണമാകാം.
ഇതിന് പുറമെ എപ്പോഴും കണ്ണിന് അല്‍പം മുറുക്കമോ വേദനയോ സമ്മര്‍ദ്ദമോ തോന്നുന്നതും മയോപിയ ലക്ഷണമാകാം. പ്രത്യേകിച്ച് ദൂരെയുള്ള കാഴ്ചയിലേക്ക് ഏറെ നേരം നോക്കിയതിന് ശേഷം.
കുട്ടികളിലാണെങ്കില്‍ വൈറ്റ്ബോര്‍ഡിലോ, പ്രൊജക്ടഡ് സ്ക്രീനിലോ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ കാണാൻ പ്രയാസം തോന്നുന്നത്, ഇടയ്ക്കിടെ കണ്ണ് ചിമ്മിക്കൊണ്ടിരിക്കുന്നത്, കണ്ണ് തിരുമ്മിക്കൊണ്ടേയിരിക്കുന്നത്, സ്ക്രീനിന് അടുത്ത് പോയിരിക്കുന്നത് എല്ലാം മയോപിയ ലക്ഷണങ്ങളായി വരുന്നതാണ്.
മുതിര്‍ന്നവര്‍ക്കാണെങ്കില്‍ ബോര്‍ഡുകള്‍ വായിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥ ഉദാഹരണമായി പറയാം. ബസിന് മുകളിലോ കടകള്‍ക്ക് മുകളിലോ ഉള്ള ബോര്‍ഡുകളിലെ അക്ഷരങ്ങളെല്ലാം ഇതിലുള്‍പ്പെടും. ചിലര്‍ക്ക് വെളിച്ചം കുറയുന്ന സാഹചര്യത്തില്‍ കണ്ണ് കാണാൻ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇത് ഏറെയും ബുദ്ധിമുട്ട് സൃഷ്ടിക്കുക രാത്രിയിലാണ്.
സ്ക്രീൻ സമയം പരിമിതപ്പെടുത്തുക എന്നത് തന്നെയാണ് ഇതിനുള്ളൊരു പരിഹാരം. ജോലിയാവശ്യത്തിനോ പഠനത്തിനോ സ്ക്രീൻ സമയം ചെലവിടുന്നതിന് പുറമെ സ്ക്രീൻ സമയം കുറയ്ക്കാനാണ് ഏവരും ശ്രമിക്കേണ്ടത്.
Also Read:-ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളില്‍ കൂടുതല്‍ ഗുരുതരമോ? എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam