
മധുരം ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ഏറ്റവും ചുരുങ്ങിയത് ചായയില്‍ ചേര്‍ത്തെങ്കിലും അല്‍പം മധുരം ദിവസവും കഴിക്കാത്തവര്‍ കാണില്ല. ഇങ്ങനെ പരിമിതമായ അളവില്‍ മധുരം കഴിക്കുന്നത് ശരീത്തിന് നല്ലതുതന്നെയാണ് കെട്ടോ. മധുരം പരിപൂര്‍ണമായി ഉപേക്ഷിക്കുന്നത് അത്ര നല്ലതുമല്ല.
എന്നാല്‍ അല്‍പം വണ്ണമുള്ളവരാണെങ്കില്‍ അവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മധുരം ഒഴിവാക്കാവുന്നതാണ്.
മധുരം പരിമിതമായ അളവില്‍ നല്ലതാണെന്ന് പറയുമ്പോള്‍ അതിലധികമായാല്‍ പ്രശ്നം ആണെന്നും അര്‍ത്ഥമുണ്ട്. പ്രശ്നം എന്ന് പറഞ്ഞാല്‍ സാമാന്യം വലിയ വെല്ലുവിളി തന്നെയാണ് ഇത് ആരോഗ്യത്തിനുമേല്‍ ഉയര്‍ത്തുന്നത്.
പ്രത്യേകിച്ച് മധുരപാനീയങ്ങള്‍, പലഹാരങ്ങള്‍, പാക്കറ്റ് വിഭവങ്ങള്‍ എന്നിവയിലൂടെയെല്ലാം അകത്തെത്തുന്ന മധുരം. ഇവയാണ് കൂടുതലും പേടിക്കേണ്ടത്. എന്നാലിപ്പോഴത്തെ ജീവിതരീതികളില്‍ ഇങ്ങനെയുള്ള വിഭവങ്ങളില്‍ നിന്നുള്ള മധുരം ഒഴിച്ചുനിര്‍ത്താനും പ്രയാസമാണ്.
എന്തായാലും മധുരം അമിതമാകുന്നത് വണ്ണം കൂടുന്നതിലേക്കും പ്രമേഹത്തിലേക്കും അടക്കം പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കാം. ഇത്തരത്തില്‍ മധുരം അധികമായി കഴിക്കുന്നത് ഭാവിയില്‍ ക്യാൻസറിലേക്കും നയിക്കുമോ? ഇങ്ങനെയൊരു വാദം നിങ്ങളും കേട്ടിരിക്കാം.
ഈ വിഷയത്തില്‍ ഗവേഷണങ്ങള്‍ പലതും നടന്നുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ മധുരം എങ്ങനെയാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്നത് വിവരിക്കാം.
അധികവും നേരത്തെ സൂചിപ്പിച്ചത് പോലെ മധുര പാനീയങ്ങള്‍- പലഹാരങ്ങള്‍ എന്നിവയിലൂടെ അകത്തെത്തുന്ന മധുരമാണ് ഏറ്റവും അപകടം. ഇവ അളവില്ലാതെ മനുഷ്യര്‍ കഴിച്ചുകൂട്ടുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ ദിവസവും നമുക്ക് ആവശ്യമായ- അല്ലെങ്കില്‍ നമുക്ക് കഴിക്കാവുന്ന അളവില്‍ കവിഞ്ഞ് മധുരം ശരീരത്തിലെത്തുന്നതോടെ ജീവിതശൈലീരോഗങ്ങളും അമിതവണ്ണവുമെല്ലാം ഉണ്ടാകുന്നു. ഈ ഘടകങ്ങള്‍ എല്ലാം ഒന്നിക്കുമ്പോള്‍ അത് ക്യാൻസര്‍ സാധ്യതയും വര്‍ധിപ്പിക്കുകയാണ്.
എന്നുവച്ചാല്‍ മധുരപ്രേമിയായ ഒരാള്‍ക്ക് നിര്‍ബന്ധമായും ഭാവിയില്‍ ക്യാൻസര്‍ വരുമെന്നല്ല. പല ഘടകങ്ങള്‍ ചേര്‍ന്ന് ക്യാൻസറിലേക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമ്പോള്‍ അതിലൊരു ഘടകമായി മധുരവും അമിതവണ്ണവുമെല്ലാം മാറുകയാണ്.
ഏതൊരു ക്യാൻസറിനും കാരണമാകുന്ന ഘടകങ്ങള്‍ ഒന്നിലധികം തന്നെയാണ്. അത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും.
പഴങ്ങളില്‍ നിന്നോ പച്ചക്കറികളില്‍ നിന്നോ ധാന്യങ്ങളില്‍ നിന്നോ ശരീരത്തിലെത്തുന്ന മധുരം പ്രശ്നങ്ങളുണ്ടാക്കുന്നതല്ല. എന്നാല്‍ പ്രോസസ്ഡ് ഫുഡ്സ്- കോള- സോഡ പോലുള്ള മധുരപാനീയങ്ങള്‍ എന്നിവയിലൂടെ എത്തുന്ന മധുരമാണ് ശരീരത്തിന് അപകടമാകുന്നത്. അതിനാല്‍ ഇത്തരം മധുരങ്ങള്‍ കഴിയുന്നിടത്തോളം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
Also Read:- നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് പത്തൊമ്പതുകാരൻ; ഹൃദയാഘാതമെന്ന് സംശയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam