Asianet News MalayalamAsianet News Malayalam

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച് പത്തൊമ്പതുകാരൻ; ഹൃദയാഘാതമെന്ന് സംശയം

ജിമ്മില്‍ പരിശീലനത്തിനിടെയും നൃത്ത പരിശീലനത്തിന് ഇടെയുമെല്ലാം ഇതുപോലെ ഹൃദയാഘാതം വന്ന് യുവാക്കള്‍ മരിക്കുന്നത് തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന സംഭവങ്ങള്‍ തന്നെയാണ്.

heart attack deaths in youngsters raise concern hyp
Author
First Published Sep 27, 2023, 8:50 PM IST

നൃത്തപരിശീലനത്തിനിടെ ഗുജറാത്തിലെ ജാംനഗറില്‍ പത്തൊമ്പതുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം ഏറെ ആശങ്ക സൃഷ്ടിക്കുകയാണിപ്പോള്‍.  വിനീത് മെഹുല്‍ബായ് എന്ന യുവാവാണ് മരിച്ചത്. സമാനമായ സംഭവങ്ങള്‍ തുടരെ ഉണ്ടാകുന്നതോടെയാണ് ഈ വാര്‍ത്ത ഏറെ ആശങ്ക സൃഷ്ടിക്കുന്നത്. 

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രയില്‍ ഇതുപോലെ നൃത്തം ചെയ്തുകൊണ്ടിരിക്കെ ഒരു യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍ മരിച്ച പത്തൊമ്പതുകാരനും ഹൃദയാഘാതമെന്നാണ് പ്രാമികമായി ലഭിക്കുന്ന സൂചന. 

ഒരാഴ്ച മുമ്പ് ഗുജാറത്തില്‍ തന്നെ ജുനഗഡില്‍ ഇരുപത്തിനാലുകാരനായ യുവാവും നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. 

കഴിഞ്ഞ മാസം തെലങ്കാനയില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയും സമാനമായ രീതിയില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെ തളര്‍ന്നുവീണ് മരിച്ചിരുന്നു. ഈ കുട്ടിക്കും ഹൃദയാഘാതം തന്നെയാണ് സംഭവിച്ചത്.

ജിമ്മില്‍ പരിശീലനത്തിനിടെയും നൃത്ത പരിശീലനത്തിന് ഇടെയുമെല്ലാം ഇതുപോലെ ഹൃദയാഘാതം വന്ന് യുവാക്കള്‍ മരിക്കുന്നത് തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന സംഭവങ്ങള്‍ തന്നെയാണ്. എന്താണ് ഇങ്ങനെ സംഭവിക്കാൻ കാരണമാകുന്നത് എന്നാണ് ഏവരും ചോദിക്കുന്നത്. 

മിക്ക കേസുകളിലും ഇവര്‍ക്കൊന്നും യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ക്ക് പിന്നില്‍ തീര്‍ച്ചയായും ഒളിഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതല്ലാതെ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ സംഭവിക്കുകയില്ല.

പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതങ്ങള്‍...

ചുരുങ്ങിയ സമയം കൊണ്ട് ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാവുകയും രോഗിയുടെ ശ്വാസഗതി നിലയ്ക്കുകയും രക്തയോട്ടം ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗി പെടുന്നനെ കുഴഞ്ഞുവീഴുകയാണ് ഇത്തരം സാഹചര്യങ്ങളിലുണ്ടാകുന്നത്. വളരെ പെട്ടെന്ന് തന്നെ മരണവും സംഭവിക്കുന്നു. 

പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും (ഹാര്‍ട്ട് അറ്റാക്ക്) ഹൃദയസ്തംഭനവും (കാര്‍ഡിയാക് അറസ്റ്റ്) രണ്ടാണ്. മുപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരില്‍ കാര്‍ഡിയാക് അറസ്റ്റ് അത്ര സാധാരണമല്ല. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സാധാരണവും ആയിരിക്കുന്നു. 

ഒരു സൂചനയും നല്‍കാതെ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ആളുകളിലുണ്ടാകാം. അത് തിരിച്ചറിയപ്പെടാതെ വര്‍ഷങ്ങളോളം നാം ജീവിക്കാം. ഇത് ജന്മനാ തന്നെയുണ്ടാകുന്നതും ആകാം. ഇടയ്ക്ക് വച്ച് പിടിപെടുന്നതും ആകാം. പാരമ്പര്യം, അമിതവണ്ണം, മോശം ഭക്ഷണം അടക്കമുള്ള മോശം ജീവിതരീതി, വ്യായാമമില്ലായ്മ, കടുത്ത മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല കാരണങ്ങളും ഹൃദയത്തിന് ദോഷമായി വരാം.

ഹൃദയം പ്രശ്നത്തിലാണെന്ന് അറിയാതെ നാം തീര്‍ത്തും 'നോര്‍മല്‍' ആയ ജീവിതം തുടരുന്നു. എന്നാല്‍ പിന്നീട് കായികമായി എന്തെങ്കിലും തുടര്‍ച്ചയായി ചെയ്യുന്ന സാഹചര്യത്തിലും മറ്റും ഹൃദയത്തിന്‍റെ പ്രശ്നം പെട്ടെന്ന് പുറത്തേക്ക് വരുന്നു. നേരത്തെ സൂചിപ്പിച്ച കേസുകളില്‍ മിക്കവാറും സംഭവിക്കുന്നത് ഇതുതന്നെയെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

പലപ്പോഴും വീട്ടുകാരും ഡോക്ടര്‍മാരും സുഹൃത്തുക്കളുമെല്ലാം നിസഹായരായിപ്പോകുന്ന അവസ്ഥയാണിത്. ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപതി, ഹാര്‍ട്ട് റിഥം ഡിസോര്‍ഡേഴ്സ്, ബ്ലണ്ട് ചെസ്റ്റ് ഇൻജൂറി എന്നിങ്ങനെ ഹൃദയം പല രീതിയിലും നേരത്തെ ബാധിക്കപ്പെട്ടിരിക്കാം. ചിലരില്‍ ഇതിന്‍റെ സൂചനയായി തലകറക്കം, കായികാധ്വാനം ചെയ്യുമ്പോള്‍ തളര്‍ച്ച, ശ്വാസതടസം എന്നിവയെല്ലാം ഉണ്ടാകാം. ഈ ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം തീര്‍ച്ചയായും പരിശോധന നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാതമോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍.

വര്‍ഷത്തില്‍ ഒരു തവണയെങ്കിലും മെഡിക്കല്‍ ചെക്കപ്പ് നടത്തുകയെന്നതാണ് ഇത്തരത്തിലുള്ള പെട്ടെന്നുള്ള മരണങ്ങളെ പ്രതിരോധിക്കുന്നതിന് നമുക്ക് ചെയ്യാവുന്നൊരു പരിഹാരം. വലിയൊരു പരിധി വരെ ഈ ശീലം നമ്മെ സുരക്ഷിതരാക്കും

Also Read:- ചുമ മാറുന്നില്ലേ? എങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ട പരിശോധന...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios