
ഏറെ ആശങ്കകളോടെയാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെല്ലാം നാം ഓരോ ദിവസവും കാത്തിരിക്കുന്നത്. മാരകമായ രോഗകാരിയെ കുറിച്ച് പുറത്തെത്തുന്ന പുതിയ പഠനങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാം നമുക്ക് അറിഞ്ഞേ മതിയാകൂ.
അത്തരത്തില്‍ കഴിഞ്ഞ ദിവസം യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആസ്ത്മ രോഗികളോട് 12 ആഴ്ചയെങ്കിലും കരുതലോടെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതോടെ ആസ്ത്മയും കൊറോണ വൈറസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യം ഉയരുകയാണ്.
ആസ്ത്മ രോഗികള്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത, മറ്റുള്ളവരിലുള്ള അതേ അളവില്‍ മാത്രമാണുള്ളത്. എന്നാല്‍ വൈറസ് ബാധിച്ചുകഴിഞ്ഞാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അല്‍പം സങ്കീര്‍ണ്ണമാകുന്ന സാഹചര്യം ഇവരിലുണ്ടാകാമെന്നാണ് യുകെയിലെ 'ആസ്ത്മ.ഓര്‍ഗനൈസേഷന്‍' അവകാശപ്പെടുന്നത്.
ഈ ഘട്ടത്തില്‍ ആസ്ത്മ രോഗികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്, പൊതുവിടങ്ങളിലെ സന്ദര്‍ശനം സംബന്ധിച്ച പ്രശ്‌നങ്ങളാണ്. മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ അപകടസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ പോകാതിരിക്കുകയാണ് ഉത്തമമെന്ന് യുകെയുടെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൊനാഥന്‍ വാന്‍ ടാം അറിയിക്കുന്നു.
അതുപോലെ തന്നെ ദിവസവും ഇന്‍ഹെയിലര്‍ ഉപയോഗിക്കേണ്ടവരാണെങ്കില്‍ മുടങ്ങാതെ അത് ചെയ്യുക, റിലീവര്‍ ഇന്‍ഹെയിലറുണ്ടെങ്കില്‍ അത് എപ്പോഴും കൂടെ സൂക്ഷിക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തുടരാതിരിക്കുക, പുകവലിയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഈ അവസരത്തില്‍ ഒഴിവാക്കാനോ അല്ലാത്ത പക്ഷം നല്ലതോതില്‍ നിയന്ത്രിക്കാനോ ശ്രദ്ധിക്കുക- ഇത്രയും നിര്‍ദേശങ്ങളാണ് ഡോ.ജൊനാഥന്‍ വാം ടാം നല്‍കുന്നത്.
രോഗലക്ഷണങ്ങളൊന്നും തന്നെ കാണിക്കാത്ത പക്ഷം ആസ്ത്മ രോഗികളും മറ്റുള്ളവരെ പോലെ തന്നെ ഏകാന്തവാസത്തിലേര്‍പ്പെടേണ്ടതില്ല. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് മറ്റ് കാര്യങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമാണോ എന്നുറപ്പിച്ച ശേഷം മാത്രം മതി. അതുപോലെ വീട്ടിലുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരില്‍ നിന്ന് നിര്‍ബന്ധമായും അകലം പാലിക്കുക. ഇടവിട്ട് കൈകള്‍ വൃത്തിയാക്കുന്ന പതിവ് ആസ്ത്മ രോഗികളും തുടരേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam