കൊറോണാ ഭീതിക്കിടെ 'ഹലാൽ' ഹാൻഡ് സാനിറ്റൈസറുകളുടെ പേരിൽ തട്ടിപ്പ് വ്യാപകം

By Babu RamachandranFirst Published Mar 19, 2020, 5:48 AM IST
Highlights

മലേഷ്യയിൽ 61 ശതമാനത്തിൽ അധികം പേരും ഇസ്ലാം മതവിശ്വാസികളാണ്. എന്നുവെച്ചാൽ, ആൽക്കഹോളിന്റെ ഉപഭോഗം മതനിയമപ്രകാരം നിഷിദ്ധമായിട്ടുള്ളവർ.

ലോകത്തെമ്പാടും ഭീതി പടർത്തിക്കൊണ്ട് കൊറോണവൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ അതിനെതിരായ പ്രതിരോധങ്ങളിലുമാണ്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യപടി എന്നത്, കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. അതിന് ആരോഗ്യ സംവിധാനങ്ങൾ നിർദേശിക്കുന്ന മാർഗമോ, 60 -70 ശതമാനം ആൽക്കഹോൾ അംശമുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നതും. ഈ നിർദേശം വന്നതിനു ശേഷം ഹാൻഡ് സാനിറ്റൈസറുകൾ ധാരാളമായി വാങ്ങിക്കൂട്ടാൻ തുടങ്ങി ജനം. അതോടെ സാനിറ്റൈസറുകൾക്ക് ക്ഷാമമുണ്ടാകാനും, കരിഞ്ചന്തയിൽ പത്തിരട്ടി വിലയ്ക്ക് വിൽക്കപ്പെടാനും തുടങ്ങി. 

അതിനിടയിലാണ് സാനിറ്റൈസറിന്റെ പേരും പറഞ്ഞ് അടുത്ത തട്ടിപ്പുമായി ചിലർ ഇറങ്ങിയിരിക്കുന്നത്. ഇത്തവണ മതത്തിന്റെ പേരും പറഞ്ഞുകൊണ്ടാണ് തട്ടിപ്പ്. ഇത് അരങ്ങേറുന്നത് മലേഷ്യയിലും. മലേഷ്യയിൽ 61 ശതമാനത്തിൽ അധികം പേരും ഇസ്ലാം മതവിശ്വാസികളാണ്. എന്നുവെച്ചാൽ, ആൽക്കഹോളിന്റെ ഉപഭോഗം മതനിയമപ്രകാരം നിഷിദ്ധമായിട്ടുള്ളവർ. അതോടെ സാനിറ്റൈസറിന്റെ കാര്യം വന്നപ്പോഴും അവരിൽ പലർക്കും ആകെ സംശയമായി.  60 -70 % ആൽക്കഹോൾ എന്ന് പച്ചക്കെഴുതി വെച്ചിട്ടുള്ള ഈ സാനിറ്റൈസർ എങ്ങനെയാണ് ഉപയോഗിക്കുക? ഇത് ഹലാലാണോ? 

ജനങ്ങളുടെ ഈ ആശങ്ക മുതലെടുത്തുകൊണ്ടാണ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ചില വീരന്മാർ പുതിയ തട്ടിപ്പും കൊണ്ട് ഇറങ്ങിയത്. ഇന്റർനെറ്റ് വഴിയാണ് പ്രധാന കച്ചവടം. 'ഹലാൽ' ആൽക്കഹോൾ ഫ്രീ സാനിറ്റൈസർ എന്നതാണ് അവരുടെ ഓഫർ. 100 % ഹലാലാണ് ഈ ഉത്പന്നം, തികച്ചുംഇസ്ലാമികവും. 75 ശതമാനം വരുന്ന ഹൈ പ്യൂരിറ്റി എത്തനോൾ ചേർത്തുണ്ടാക്കിയ ഈ സാനിറ്റൈസർ 60 മില്ലിക്ക് അവർ ചാർജ്ജ് ചെയ്തത് 16 മലേഷ്യൻ റിങ്കിറ്റ് ആണ്. അതായത് നമ്മുടെ 250 രൂപയോളം. പലരും അതിനെ 'മുസ്ലിം ഫ്രണ്ട്‌ലി' എന്നൊക്കെ ടാഗ് ചെയ്തതായി വില്പന. ഇതിൽ തന്നെ കൂടിയ ഇനം വരുന്നത് ഏകദേശം 35 റിങ്കിറ്റ് വിലയ്ക്കാണ്. സാധാരണ സാനിറ്റൈസറിന് മലേഷ്യയിൽ വെറും 6 റിങ്കിറ്റ് മാത്രമാണ് വില എന്നോർക്കണം. അതായത്, 'ഹലാൽ' സാനിറ്റൈസർ ഇവർ വിൽക്കുന്നത് ചുരുങ്ങിയത് ആറിരട്ടിയെങ്കിലും വിലയ്ക്കാണ്. 

 

Instant Hand Sanitizer
75% High Purity Ethanol
60ML
RM15
Remove bacteria quickly and efficiently
Compact and portable, ready to use in your bag
Can be used for hand washing or disinfecting items
Suitable for adults and kids
HALAL ✅

0125006349 Wawa pic.twitter.com/cuZmCwAGOC

— WZ 💫 (@sdtnajwa)

തങ്ങളുടെ ഉത്പന്നത്തിൽ പരിശുദ്ധമായ എത്തനോൾ മാത്രമാണുള്ളത്, ആൽക്കഹോൾ ഇല്ല എന്നും പറഞ്ഞ് ആളുകളെപ്പറ്റിക്കാനിറങ്ങുന്നവർ, എത്തനോൾ തന്നെ ഒരു ആൽക്കഹോൾ ആണ് എന്നും അത് മദ്യത്തിന്റെ ഭാഗമാണ് എന്നുമുള്ള വസ്തുതകൾ സൗകര്യപൂർവം വിസ്മരിക്കുന്നു. 

 

Takyahlah dok tunggang agama dan jual Hand Sanitizer ‘halal’ waktu wabak Covid-19 ni.

Mufti Wilayah yang kini Menteri Hal Ehwal Agama dah kata penggunaan Hand Sanitizer alkohol ialah HARUS, tidak najis dan boleh guna untuk solat pic.twitter.com/Lwj7sDrPP5

— Asrul Muzaffar🇲🇾 (@asrulmm)

എന്തായാലും " കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തെ മതത്തിന്റെ പേരിൽ ദുരുപയോഗം ചെയ്യരുത്" എന്നുള്ള ഫത്വ ഫെഡറൽ ടെറിട്ടറീസ് മുഫ്തിയിൽ നിന്നും വന്നുകഴിഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രിയുടെ മതവകുപ്പ് മന്ത്രി ഡോ. സുൽക്കിഫ്ലി മുഹമ്മദ് അൽ ബക്രി രാജ്യത്തെ മുസ്ലിങ്ങൾക്ക് 60 -70 % ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാനുള്ള മതപരമായ അനുമതി നൽകി ഉത്തരവിട്ടിട്ടുണ്ട്. ഹലാൽ എന്നും പറഞ്ഞ് അരങ്ങേറുന്ന തട്ടിപ്പുകൾക്ക് നിന്നുകൊടുക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

 

മരുന്നുകളിലും സുഗന്ധ ദ്രവ്യങ്ങളിലും ഉള്ള ആൽക്കഹോൾ മനുഷ്യ ജീവിതത്തിന് അനുപേക്ഷണീയവും, മതത്തിന് യാതൊരു ദോഷവുമുണ്ടാക്കാത്തതും ആകയാൽ അനുവദനീയമാണ് എന്ന് മലേഷ്യയിലെ ദേശീയ ഫത്‌വാ കമ്മിറ്റിയും അഭിപ്രായപ്പെട്ടു കഴിഞ്ഞു. 

click me!