
കൊവിഡ് 19 പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ തന്നെയാണ് ബാധിക്കുന്നത്. മിക്ക രോഗികളിലും അവസ്ഥ മോശമാകുന്നതും രോഗം ശ്വാസകോശത്തെ കടന്നുപിടിക്കുമ്പോഴാണ്. എന്നാല്‍ ശ്വാസകോശത്തെ മാത്രമല്ല, മറ്റ് പല അവയവങ്ങളേയും കൊവിഡ് സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ദില്ലി എയിംസ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചായിരുന്നു ചര്‍ച്ച.
'കൊവിഡ് 19നെ നമ്മള്‍ നേരിടാന്‍ തുടങ്ങിയിട്ട് എട്ട് മാസമാകുന്നു. ഇക്കാലയളവിനുള്ളില്‍ ഒരുപാട് കാര്യങ്ങളാണ് രോഗം സംബന്ധിച്ച് നമ്മള്‍ കണ്ടെത്തിയിരിക്കുന്നത്. ഇനിയും പഠിക്കാനേറെ ബാക്കി കിടക്കുന്നു. അതിനാല്‍ തന്നെ കൊവിഡ് ചികിത്സയിലും നിരന്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മിക്ക രോഗികളിലും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയാണ് കൊവിഡ് സൃഷ്ടിക്കുന്നത്...
...എന്നാല്‍ ഇതിന് പുറമെ ഒരു വിഭാഗം കൊവിഡ് രോഗികള്‍ കൂടിയുണ്ട്. ഹൃദയത്തെയോ തലച്ചോറിനെയോ മറ്റേതെങ്കിലും അവയവങ്ങളെയോ എല്ലാം പല രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തപ്പെടുന്നവര്‍. ഇതെല്ലാം കൊവിഡുമായി ചേര്‍ത്തുവായിക്കാനാകും എന്ന് ഉറപ്പിക്കാനാവില്ല. എങ്കില്‍ പോലും ഒന്ന് നമുക്ക് ഉറപ്പിച്ചുപറയാനാകും. കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. അത് മറ്റ് പല അവയവങ്ങളേയും ബാധിക്കുന്നുണ്ട്...
...കാരണം കൊറോണ വൈറസ് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നത് കോശങ്ങളിലെ ACE2 പ്രോട്ടീനിലൂടെയാണ്. ഇത് ശ്വാസകോശകത്തില്‍ മാത്രമല്ല. മറ്റ് പല അവയവങ്ങളിലെ കോശങ്ങളിലും കാണപ്പെടുന്നുണ്ട്. അതിനാല്‍ ഈ അവയവങ്ങളെല്ലാം തന്നെ രോഗഭീഷണി നേരിടുന്നുണ്ടെന്ന് പറയാനാകും...' - ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു.
ശ്വാസകോശത്തെ എത്രമാത്രം ബാധിച്ചു എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ കൊവിഡ് രോഗികളെ ചെറിയ അണുബാധ, ശരാശരി, തീവ്രവിഭാഗം എന്നിങ്ങനെ വേര്‍തിരിക്കുന്നതെന്നും ഈ പട്ടികപ്പെടുത്തല്‍ അപകടമാണെന്നും ഡേ. രണ്‍ദീപ് ഗുലേരിയ ചൂണ്ടിക്കാട്ടുന്നു. മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം കൂടി പരിശോധിച്ച ശേഷം മാത്രമേ രോഗിയുടെ അവസ്ഥ നിര്‍ണയിക്കാനാകൂ, അതിനാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അത്തരത്തില്‍ തിരുത്തേണ്ടിയിരിക്കുന്നു- അദ്ദേഹം പറയുന്നു.
കൊവിഡ് മറ്റ് അവയവങ്ങളെ ബാധിക്കുന്നുണ്ടെന്ന ആശങ്ക വ്യക്തമാക്കാന്‍ ഉതകുന്ന ചില കേസ് വിശദാംശങ്ങളും ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്കിടെ പങ്കുവച്ചു. പക്ഷാഘാതം (സ്‌ട്രോക്ക്), ഹൃദയാഘാതം, രക്തം കട്ട പിടിക്കുന്ന അവസ്ഥ (ക്ലോട്ടിംഗ്), തലച്ചോറിനെ ബാധിക്കുന്ന 'കോര്‍ട്ടിക്കല്‍ വെയിന്‍ ത്രോംബോസിസ്', എന്‍സഫലൈറ്റിസ് തുടങ്ങി പല അസുഖങ്ങളും നേരിട്ട കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ ഡോക്ടര്‍മാര്‍ വിലയിരുത്തി.
ഇവയെല്ലാം കൊവിഡ് മൂലമാണ് സംഭവിച്ചതെന്ന് ഉറപ്പിക്കുകയല്ല, മറിച്ച് സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത് കൊവിഡിലേക്കാണെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നുമാണ് വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam