
ആരോഗ്യകരമായ സ്വതന്ത്ര ലൈംഗികതയെ സ്വാഗതം ചെയ്യുന്ന സംസ്‌കാരമാണ് പല വിദേശരാജ്യങ്ങളിലുമുള്ളത്. ഇക്കൂട്ടത്തില്‍ തന്നെയാണ് യുഎസും ഉള്‍പ്പെടുന്നത്.
എന്നാല്‍ കൗമാരക്കാരുടെ കാര്യത്തിലാകുമ്പോള്‍ അവരുടെ ശാരീരിക- മാനസിക ആരോഗ്യകാര്യങ്ങളില്‍ ഭരണകൂടത്തിന് കൃത്യമായ താല്‍പര്യങ്ങളുണ്ട്. കൗമാരക്കാരിലെ ആത്മഹത്യ, മാനസികാഘാതങ്ങള്‍, ചെറുപ്രായത്തിലേ അമ്മമാരാകേണ്ടി വരുന്ന അവസ്ഥ എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ ജാഗ്രത.
ഇത്തരത്തില്‍ കൗമാരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ അവരുടെ അവസ്ഥകള്‍ വിലയിരുത്താന്‍ 1990ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇപ്പോഴും 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍വേ നടത്തിവരുന്നു.
അടുത്തിടെയാണ് സിഡിസിയുടെ ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത്. ലഹരി ഉപയോഗം, ഡയറ്റും വ്യായാമവും, ലൈംഗികത എന്നീ വിഷയങ്ങളാണ് പ്രധാനമായും സര്‍വേ അഭിസംബോധന ചെയ്യുന്നത്.
സര്‍വേയുടെ ഭാഗമായി പതിനാല് വയസ് മുതല്‍ പതിനേഴ് വയസുവരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത ആകെ വിദ്യാര്‍ത്ഥികളില്‍ 27 ശതമാനത്തിലധികം പേരും 'ആക്ടീവ്' ലൈംഗികജീവിതം നയിക്കുന്നതായി വെളിപ്പെടുത്തി. ഇതില്‍ പകുതി പേര്‍ മാത്രമാണ് (54 %) നിരോധനത്തിനായി കോണ്ടം ഉപയോഗിച്ചതത്രേ.
ലൈംഗിക രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി കേവലം 9 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കോണ്ടം ഉപയോഗിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു. ഏറെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണിതെന്നാണ് സിഡിസി ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യത്തെ പണയപ്പെടുത്തിക്കൊണ്ട് സുരക്ഷിതമല്ലാത്ത സെക്‌സിലാണ് വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സര്‍വേഫലം വന്നതോടെ സിഡിസി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണത്തിനൊരുങ്ങുകയാണിപ്പോള്‍. വിദ്യാഭ്യാസവും സാമൂഹികാവബോധവും ലഭിച്ചിട്ടും ഇത്തരം വിഷയങ്ങളില്‍ കൗമാരക്കാരെടുക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും സിഡിസി വ്യക്തമാക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ അമ്മമാരാകുന്ന സാഹചര്യം ഇനിയും ശക്തമായി തുടരാനും ലൈംഗിക രോഗങ്ങള്‍ വ്യാപകമാകാനും ഈ അവസ്ഥകള്‍ കാരണമായേക്കുമെന്നും സിഡിസി വിശദീകരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam