മൂക്കിലിട്ട വിരല്‍ നുണയുന്ന കുട്ടികളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത് ഇതാണ്...

By Web TeamFirst Published Mar 22, 2019, 11:12 PM IST
Highlights

മൂക്കിൽ വിരലിട്ട ശേഷം ആ വിരൽ നുണയുന്ന കുട്ടികളുടെ ശീലം അങ്ങനെ അത്ര പെട്ടെന്നൊന്നും നിയന്ത്രിക്കാൻ സാധ്യമല്ല. എത്ര വഴക്ക് പറഞ്ഞാലും കുട്ടികള്‍ അത് ആവര്‍ത്തിച്ച് ചെയ്യുന്നതും കാണാറുണ്ട്. എന്തായിരിക്കാം പിന്നെയും കുട്ടിയെ അതുതന്നെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്? 

ചില കുട്ടികള്‍ എപ്പോഴും മൂക്കില്‍ വിരല്‍ കടത്തി, പിന്നീട് ആ വിരല്‍ വായിലിട്ട് നുണയുന്നത് കണ്ടിട്ടില്ലേ? മിക്കപ്പോഴും ഇത് കാണുന്ന പാടെ തന്നെ മാതാപിതാക്കള്‍ കുട്ടിയെ ശാസിക്കുകയോ അടിക്കുകയോ ചെയ്യുകയാണ് പതിവ്. കാരണം ഇതൊരു മാന്യമല്ലാത്ത സ്വഭാവമായാണ് നമ്മള്‍ കണക്കാക്കുന്നത്. 

എന്നാല്‍ എത്ര വഴക്ക് പറഞ്ഞാലും, നിയന്ത്രിച്ചാലും കുട്ടികള്‍ അത് ആവര്‍ത്തിച്ച് ചെയ്യുന്നതും കാണാറുണ്ട്. എന്തായിരിക്കാം പിന്നെയും കുട്ടിയെ അതുതന്നെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്? 

കാനഡയിലെ സസ്‌കാച്ചെവാന്‍ യൂണിവേഴ്‌സിറ്റിയില്‍ ബയോകെമിസ്ട്രി പ്രൊഫസറായ സ്‌കോട്ട് നാപ്പര്‍ ഇതിനൊരു കാരണം പറയുന്നുണ്ട്. കേട്ടാല്‍ നമുക്ക് അല്‍പം അസ്വസ്ഥതയൊക്കെ തോന്നിയേക്കാം. എങ്കിലും വാസ്തവം അതാണെന്നാണ് നാപ്പര്‍ അവകാശപ്പെടുന്നത്. 

എന്തെന്നാല്‍ മൂക്കിനകത്തുണ്ടാകുന്ന 'മ്യൂകസ്' അഥവാ സ്രവം, നമ്മള്‍ ശ്വസിച്ചുകയറ്റുന്ന പൊടിയുമായും മറ്റ് അണുക്കളുമായും ചേര്‍ന്ന് ഖരരൂപത്തിലുള്ള പദാര്‍ത്ഥങ്ങളാകുന്നു. ഇത് കുട്ടികള്‍ക്ക് നല്ല രുചിയുള്ളതായി തോന്നുമത്രേ. ഈ രുചി കൊണ്ട് മാത്രമാണ് കുട്ടികള്‍ ശീലം ഉപേക്ഷിക്കാത്തതെന്നാണ് നാപ്പര്‍ പറയുന്നത്. 

ഇനി ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയാണ് മാതാപിതാക്കള്‍ക്ക് ആശങ്കയെങ്കില്‍ അതും തെറ്റാണെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികളെ മികച്ച രോഗപ്രതിരോധ ശേഷി ഉള്ളവരാക്കാന്‍ ഈ ശീലം സഹായിക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്. മൂക്കിനകത്ത് വന്നുപെടുന്ന ബാക്ടീരിയകള്‍ ഉള്‍പ്പെടെയുള്ള അണുക്കളെ അകത്താക്കുന്നതോടെ അത്തരം അണുക്കളോട് പൊരുതാനുള്ള ശരീരത്തിന്റെ ശേഷി വര്‍ധിക്കുമത്രേ. നാപ്പറിനെപ്പോലെയുള്ള വിദഗ്ധര്‍ തന്നെയാണ് ഇത്തരം വാദങ്ങള്‍ നിരത്തുന്നതും. 

'മൂക്കിനകത്തുണ്ടാകുന്ന ഖരരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ സത്യത്തില്‍ ഒരു മരുന്ന് പോലെയാണ് ശരീരത്തിലെത്തുമ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഉറപ്പിക്കുന്ന തരത്തിലുള്ള പഠനങ്ങളൊക്കെ മുമ്പ് നടന്നിട്ടുള്ളതാണ്..'- ഓസ്ട്രിയന്‍ ലംഗ് സ്‌പെഷ്യലിസ്റ്റായ പ്രൊ.ഫ്രഡറിക് ബൈഷെങ്ങര്‍ പറയുന്നു. 

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പരസ്യമായി കുട്ടികള്‍ ഇത് ചെയ്യുന്നത് കണ്ടുനില്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാകാം. അതിനാല്‍ തന്നെ അവരെ പരസ്യമായി ഇത് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതേസമയം കുട്ടിയില്‍ വലിയ രീതിയിലുള്ള 'കോംപ്ലക്‌സ്' ഉണ്ടാക്കാന്‍ ഈ സാഹചര്യം ഇടയാകരുതെന്ന് പീഡിയാട്രീഷ്യന്മാര്‍ പറയുന്നു. വളര്‍ന്നുവരുമ്പോള്‍ ഭൂരിഭാഗം കുട്ടികളും ഈ ശീലം സ്വാഭാവികമായി ഉപേക്ഷിക്കുമെന്നും ഇവര്‍ പറയുന്നു.

click me!