കൊവിഡ് ബാധയുള്ളയാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗമെത്തുമോ?

By Web TeamFirst Published Aug 21, 2020, 10:24 PM IST
Highlights

വായുവിലൂടെ കൊവിഡ് പകരുമോയെന്ന സംശയാണ് ഏറെയും ആശങ്കകള്‍ക്കിടയാക്കിയത്. വായുവിലൂടെ രോഗം പകരുമെങ്കില്‍ അത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുകയെന്ന് നമുക്കറിയാം. എന്തായാലും ഈ സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയാനാകാത്തതിനാല്‍ ശാസ്ത്രലോകം ഇക്കാര്യത്തെ ജാഗ്രതയോടെ സമീപിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്

കൊവിഡ് 19 വ്യാപനം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ എത്തരത്തിലെല്ലാമാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കെത്തുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കല്‍ തന്നെയാണ് പ്രധാനം. സാധാരണഗതിയില്‍ ഒരാളുടെ വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന സ്രവകണങ്ങള്‍ മറ്റൊരാളിലേക്ക് എത്തുന്നതിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്. എന്നാല്‍ സ്രവകണങ്ങള്‍ മറ്റ് പ്രതലങ്ങളില്‍ വീണ്, അത് സ്പര്‍ശിക്കുന്നതിലൂടെയും, വായുവിലൂടെയുമെല്ലാം കൊവിഡ് 19 പകരും എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ വന്നിരുന്നു. 

ഇക്കൂട്ടത്തില്‍ വായുവിലൂടെ കൊവിഡ് പകരുമോയെന്ന സംശയാണ് ഏറെയും ആശങ്കകള്‍ക്കിടയാക്കിയത്. വായുവിലൂടെ രോഗം പകരുമെങ്കില്‍ അത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുകയെന്ന് നമുക്കറിയാം. എന്തായാലും ഈ സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയാനാകാത്തതിനാല്‍ ശാസ്ത്രലോകം ഇക്കാര്യത്തെ ജാഗ്രതയോടെ സമീപിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് ലോകാരോഗ്യ സംഘടന തങ്ങളുടെ കൊവിഡ് മാര്‍ഗിര്‍ദേശങ്ങളില്‍ വായുവിലൂടെ പകരുന്നത് തടയാന്‍ എടുക്കേണ്ട മുന്നൊരുക്കങ്ങള്‍ കൂടി ചേര്‍ക്കുകയും ചെയ്തിരുന്നു. 

ഇത്തരത്തില്‍ വായുവിലൂടെ പകരുമെങ്കില്‍ രോഗബാധയുള്ളാള്‍ പുകവലിക്കുന്നതും മറ്റുള്ളവര്‍ക്ക് ഭീഷണിയാകുമോ? കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പലരും തങ്ങള്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുന്നത് പോലുമില്ല. ഇങ്ങനെയുള്ള അവസരത്തിലാണ് പുകവലിയിലൂടെ മറ്റുള്ളവരിലേക്ക് രോഗമെത്തുമോ എന്ന ആശങ്ക ഉയരുന്നത്. 

ഇക്കാര്യത്തിലും അല്‍പം ജാഗ്രത പുലര്‍ത്തിയേ മതിയാകൂ എന്നാണ് പുതിയൊരു റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിവരുന്നത്. രോഗബാധയുള്ളയൊരാള്‍ പുകവലിക്കുമ്പോള്‍ അയാളുടെ ശ്വാസകോശത്തിലെത്തിയ ശേഷം പുറത്തേക്ക് വരുന്ന പുകയില്‍ രോഗകാരിയായ വൈറസ് ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇവര്‍ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ വളരെ ചെറിയൊരു സാധ്യത മാത്രമാണിതെന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നു. 

'മറ്റൊരാള്‍ വലിക്കുന്ന സിഗരറ്റിന്റെ പുക നമ്മള്‍ ശ്വസിക്കുമ്പോള്‍, അയാളുടെ ശ്വാസകോശത്തിലുണ്ടായിരുന്ന വായു കൂടിയാണ് നമ്മള്‍ അകത്തേക്കെടുക്കുന്നത്. ഇത് പൊതുവില്‍ തന്നെ വളരെ അനാരോഗ്യകരമാണെന്ന് അറിയാമല്ലോ. കൂടാതെ കൊവിഡ് 19ന്റെ കാലത്ത് ഇത് പുതിയ ഭീഷണി കൂടി ഉയര്‍ത്തുന്നുണ്ട്. വായുവിലൂടെ രോഗം പകരുമോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ പഠനങ്ങള്‍ക്കായിട്ടില്ല. എന്നാല്‍ ഈ സാധ്യത വിദഗ്ധര്‍ പോലും തള്ളിക്കളഞ്ഞിട്ടുമില്ല. അതിനാല്‍ത്തന്നെ പുകവലിയുടെ കാര്യത്തിലും നമ്മള്‍ ശ്രദ്ധ നല്‍കുന്നതാണ് ഉചിതം...'- കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ വില്യം റിസ്റ്റന്‍പാര്‍ട്ട് പറയുന്നു.

Also Read:- അകത്തിരിക്കുമ്പോഴും മാസ്‌ക് വേണോ? പുതിയ കണ്ടെത്തലുമായി ഗവേഷകര്‍...

click me!