'ചിക്കന്‍പോക്‌സ്' എപ്പോഴെല്ലാം പകരും? രോഗിക്ക് കഴിക്കാനെന്തെല്ലാം നല്‍കാം? അറിയേണ്ടത്...

Published : Mar 05, 2019, 01:57 PM ISTUpdated : Mar 05, 2019, 02:07 PM IST
'ചിക്കന്‍പോക്‌സ്' എപ്പോഴെല്ലാം പകരും? രോഗിക്ക് കഴിക്കാനെന്തെല്ലാം നല്‍കാം? അറിയേണ്ടത്...

Synopsis

'വാരിസല്ല' എന്ന വൈറസ് മൂലമാണ് ചിക്കന്‍പോക്‌സ് ഉണ്ടാകുന്നത്. പനി, തലവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാം. ദേഹത്ത് വെള്ളം നിറഞ്ഞ കുമിളകള്‍ പോലെയുള്ള തടിപ്പുകള്‍ കാണാം. പനിയോടൊപ്പം അത്തരം തടിപ്പുകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.  

കേരളത്തില്‍ പലയിടങ്ങളിലായി 'ചിക്കന്‍പോക്‌സ്' വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ഈ വേനലില്‍. 'ചിക്കന്‍പോക്‌സ്' എന്ന രോഗത്തെ കുറിച്ച് നമുക്ക് പല അബദ്ധധാരണകളും ഉണ്ട്. രോഗിക്ക് കഴിക്കാന്‍ നല്‍കുന്ന ഭക്ഷണത്തെ കുറിച്ച് തൊട്ടങ്ങോട്ട് ആശയക്കുഴപ്പങ്ങള്‍ തുടങ്ങുകയായി. രോഗിയെ എങ്ങനെ ശ്രദ്ധിക്കണം? പകരാതിരിക്കാന്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ വേണം, എന്താണ് ചികിത്സ.... അങ്ങനെ പോകുന്നു സംശയങ്ങള്‍. 

ഇത്തരം സംശയങ്ങള്‍ ഒരൊറ്റ കുറിപ്പിലൂടെ പരിഹരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് 'ചിക്കന്‍പോക്‌സ്' രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കളെ കുറിച്ച് ഡോക്ടര്‍ പ്രതിപാദിച്ചിരിക്കുന്നത്. 

കുറിപ്പ് വായിക്കാം... 

ചിക്കന്‍പോക്‌സും, തെറ്റിദ്ധാരണകളും...

ചിക്കന്‍പോക്‌സ് ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു.  ഈ ആഴ്ചയില്‍ തന്നെ 4,5 കേസുകള്‍ ഒ.പിയില്‍ കാണുകയുണ്ടായി. ഇന്ന് വന്ന രോഗിയുടെ ചിത്രമാണ് താഴെ(അദ്ദേഹത്തിന് രോഗം വന്നിട്ട് ഒരാഴ്ചയായതിനാല്‍ കുരുക്കള്‍ പൊട്ടിയിട്ടുണ്ട്.)

'വാരിസല്ല' എന്ന വൈറസ് മൂലമാണ് ചിക്കന്‍പോക്‌സ് ഉണ്ടാകുന്നത്. പനി, തലവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാം. ദേഹത്ത് വെള്ളം നിറഞ്ഞ കുമിളകള്‍ പോലെയുള്ള തടിപ്പുകള്‍ കാണാം. പനിയോടൊപ്പം അത്തരം തടിപ്പുകള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

ചിക്കന്‍പോക്‌സ് വന്ന ഒരു രോഗിയില്‍ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളില്‍ കാണാം. പകരുവാന്‍ സാധ്യതയേറിയ ഒരു രോഗമാണിത്.

കുരുക്കള്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളില്‍ നിന്ന് രോഗം പകരാം.

ഒ.പിയില്‍ ചിക്കന്‍ പോക്‌സിനെ കുറിച്ച് ആളുകള്‍ പറയുന്ന രസകരമായ കുറെ തെറ്റിദ്ധാരണകള്‍ ഉണ്ട്. അവ നമുക്ക് തിരുത്താം.

1. ചിക്കന്‍പോക്‌സ് വന്നാല്‍ കഞ്ഞി മാത്രമേ കഴിക്കാവു എന്നത് തെറ്റാണ്. കഴിഞ്ഞ ദിവസം അത്തരം ഒരാളെ ഒ.പി യില്‍ കാണുകയും അദ്ദേഹത്തിന്റെ 5 കിലോ രണ്ടാഴ്ച കൊണ്ട് കുറയുകയും ചെയ്തു. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കന്‍പോക്‌സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും, പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക. എല്ലാം കഴിക്കാം.

2. ചിക്കന്‍പോക്‌സ് വന്നാല്‍ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല. കുളിക്കാം. ദേഹത്തുവന്ന കുരുക്കള്‍ പൊട്ടി പഴുക്കാതെ നോക്കിയാല്‍ മതി. കുളിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. 

3. ചിക്കന്‍പോക്‌സ് വന്നാല്‍ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവെപ്പ് 1.5 വയസുള്ള കുട്ടി മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവെപ്പ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയില്‍ ഏതാണ്ട് 2000 രൂപ വരുമെന്നതിനാല്‍ സാധാരണക്കാരന് ഈ കുത്തിവെപ്പ് എടുക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. 

4. ചിക്കന്‍പോക്‌സ് വന്ന ആള്‍ക്ക് 'അസൈക്ലോവീര്‍' എന്ന ഗുളിക കഴിച്ചാല്‍ ചിക്കന്‍പോക്‌സ് സങ്കീര്‍ണതകളില്ലാതെ മാറിയേക്കാം. കുരുക്കള്‍ പൊങ്ങുമ്പോള്‍ തന്നെ അവ കഴിച്ചുതുടങ്ങുക. കൂടെ പനിയുടെ ഗുളികയും കഴിക്കുക. ചൊറിച്ചില്‍ മറ്റും ഉണ്ടെങ്കില്‍ ലോഷന്‍ ഉപയോഗിക്കാം. ലക്ഷണങ്ങള്‍ അനുസരിച്ചു ചികില്‍സിക്കാം. ഡോക്ടറെ കണ്ടുമാത്രം ചികിത്സ തേടുക. ചിക്കന്‍പോക്‌സ് അത്ര നിസ്സാരക്കാരന്‍ അല്ല.

5. ചിക്കന്‍പോക്‌സ് വന്നാല്‍ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവര്‍ക്ക് പകരാതെയിരിക്കുവാന്‍ കുരുക്കള്‍ വന്നത് മുതല്‍ അവ പൊട്ടിയത് ശേഷവും 4,5 ദിവസം വീട്ടില്‍ തന്നെയിരിക്കുക.

6. കുത്തിവെപ്പ് എടുത്തയാള്‍ക്ക് ചിക്കന്‍പോക്‌സ് വരാന്‍ ചെറിയ സാധ്യതയുണ്ട്. പക്ഷെ വന്നാല്‍ തന്നെ ചെറിയ രീതിയിലെ വരു. ഒരാള്‍ക്ക് ചിക്കന്‍പോക്‌സ് വന്നാല്‍, അയാളുമായി അടുത്തു ഇടപഴകിയ ആള്‍ 72 മരിക്കൂറിനുള്ളില്‍ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. 5 ദിവസത്തിനുള്ളില്‍ എടുത്താലും മതി. രോഗം മൈല്‍ഡായിട്ടെ വരൂ. 

7. ഒരിക്കല്‍ ചിക്കന്‍പോക്‌സ് വന്നാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി തരാറുണ്ട്. പിന്നീട് അതേ വ്യക്തിയ്ക്ക് shingles എന്ന തരം അസുഖം വരാം. ദേഹത്തെ ചില ഭാഗങ്ങളില്‍ ധാരാളമായി കുമിളകള്‍ പോലത്തെ കുരുക്കള്‍ പൊങ്ങുക. അസഹനീയമായ വേദന അനുഭവപ്പെടാം. അത് പകരില്ല. 

ഡോ. ഷിനു ശ്യാമളന്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി