
സൗന്ദര്യവര്‍ധനവിന് വേണ്ടി ചെയ്യുന്ന കോസ്മെറ്റിക് സര്‍ജറി, അല്ലെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറി ഇന്ന് കുറെക്കൂടി വ്യാപകമാണ്. മുൻകാലങ്ങളിലെല്ലാം പ്രശസ്തരായ സെലിബ്രിറ്റികളും സമ്പന്നരും മാത്രമായിരുന്നു പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തിരുന്നതെങ്കില്‍ ഇന്ന് അതിന്‍റെ അവസ്ഥകളൊക്കെ മാറിക്കഴിഞ്ഞു.
എന്നാല്‍ വിശ്വാസ്യതയുള്ള ക്ലിനിക്കുകളില്‍ നിന്നോ ഡോക്ടര്‍മാരില്‍ നിന്നോ അല്ല ചികിത്സ തേടുന്നതെങ്കില്‍ വലിയ സങ്കീര്‍ണതകളും ജീവന് തന്നെ വെല്ലുവിളിയും നേരിടാവുന്ന ഏരിയ ആണ് പ്ലാസ്റ്റിക് സര്‍ജറിയും. ഇത്തരത്തിലുള്ള പല വാര്‍ത്തകളും നാം കേള്‍ക്കാറുള്ളതാണ്.
ഇപ്പോഴിതാ സമാനമായൊരു ദാരുണമായ വാര്‍ത്തയാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിലെ പിഴവിനെ തുടര്‍ന്ന് പ്രമുഖ അര്‍ജന്‍റീനിയൻ നടി സില്‍വിന ലൂണ മരിച്ചു എന്നതാണ് വാര്‍ത്ത. അര്‍ജന്‍റീനിയൻ മാധ്യമങ്ങളാണ് സില്‍വിനയുടെ അഭിഭാഷകനെ ഉദ്ദരിച്ചുകൊണ്ട് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
നാല്‍പത്തിമൂന്നുകാരിയായ സില്‍വിന, വര്‍ഷങ്ങള്‍ക്ക് മുമ്പാണത്രേ സൗന്ദര്യവര്‍ധനവിനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. ശരീരത്തിന് ദോഷകരമായ എന്തോ ഒരു വസ്തു സര്‍ജറിയിലൂടെ സില്‍വിനയുടെ ശരീരത്തില്‍ പിടിപ്പിച്ചു എന്നത് മാത്രമാണ് ലഭ്യമായ വിവരം. എന്തായാലും ഇതിന് ശേഷം ഇവര്‍ പല രോഗങ്ങളും നേരിടാൻ തുടങ്ങി.
വൃക്കകളാണ് ഏറെയും ബാധിക്കപ്പെട്ടത്. പ്ലാസ്റ്റിക് സര്‍ജറിയാണ് വില്ലനായത് എന്ന് മനസിലാക്കിയതോടെ ഇത് ചെയ്ത ഡോക്ടര്‍ക്കെതിരെ ഇവര്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങി. ഈ കേസില്‍ പക്ഷേ ഇതുവരെ വിധി വന്നിട്ടില്ല.
വര്‍ഷങ്ങളോളം വൃക്ക രോഗവുമായും മറ്റ് പ്രയാസങ്ങളുമായി ഇവര്‍ മുന്നോട്ട് നീങ്ങി. കുറഞ്ഞത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലുമാണ് ഇവര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഏതാനും മാസങ്ങളായി വൃക്ക തീര്‍ത്തും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ ലൈഫ് സപ്പോര്‍ട്ടിലായിരുന്നു ഇവര്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നത്. ഇനി സില്‍വിന ജീവിതത്തിലേക്ക് തിരികെയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചതോടെ ലൈഫ് സപ്പോര്‍ട്ട് പിൻവലിക്കാൻ ബന്ധുക്കളും മറ്റും തീരുമാനിക്കുകയായിരുന്നു.
സില്‍വിനയുടെ മരണത്തോടെ ഡോക്ടര്‍ക്കെതിരായ പ്രതിഷേധം കുറെക്കൂടി ശക്തമായിട്ടുണ്ട്. ഇതിനിടെ പ്ലാസ്റ്റിക് സര്‍ജറികളിലെ പിഴവ് രോഗികളുടെ ജീവൻ കവരുന്നതും, ആരോഗ്യകരമായ ജീവിതാവസ്ഥകള്‍ തകിടം മറിക്കുന്നതും തടണമെന്നും അനധികൃതമായി ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്ന കേന്ദ്രങ്ങളെയും സര്‍ജനുകളെയും നിയമപരമായി ഒതുക്കണണെന്നും ആവശ്യമുയരുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ടായിരുന്ന സില്‍വിനയുടെ മരണത്തില്‍ അസംഖ്യം പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്. ആരോഗ്യനില മോശമാകുന്നത് വരെയും സില്‍വിന സോഷ്യല്‍ മീഡിയിയലും കരിയറിലുമെല്ലാം സജീവമായിരുന്നു.
Also Read:- സ്തനങ്ങള്‍ ഭംഗിയാക്കാൻ ചെയ്ത ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ; യുവതി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-