പറഞ്ഞാല്‍ വിശ്വസിക്കുമോ? ഈ പ്രമുഖരെല്ലാം 'ഡിസ്ലെക്‌സിയ' ഉള്ളവരായിരുന്നു...

Published : Mar 04, 2019, 08:14 PM IST
പറഞ്ഞാല്‍ വിശ്വസിക്കുമോ? ഈ പ്രമുഖരെല്ലാം 'ഡിസ്ലെക്‌സിയ' ഉള്ളവരായിരുന്നു...

Synopsis

'എല്ലാവരും പ്രതിഭകളാണ്. എന്നാല്‍ മരം കേറാനുള്ള കഴിവിനെ അടിസ്ഥാനപ്പെടുത്തി ഒരു മീനിന്റെ കഴിവ് അളക്കാനാകുമോ? അങ്ങനെ ചെയ്താല്‍ മീന്‍ ജീവിതകാലം മുഴുവന്‍ താന്‍ പോരാത്തയാളാണെന്ന് ധരിക്കും..' - ഐന്‍സ്റ്റീന്റെ വാക്കുകളാണിത്. 'ഡിസ്ലെക്‌സിയ' എന്ന അവസ്ഥയെ അടിസ്ഥാനമാക്കി, ആ വ്യക്തിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിലെ പ്രശ്‌നമാണ് ഐന്‍സ്റ്റീന്‍ ഇതിലൂടെ ചൂണ്ടിക്കാട്ടിയത്

ഒരുപോലെ ഭക്ഷണവും വസ്ത്രവും മറ്റ് സൗകര്യങ്ങളും അനുഭവിക്കുമ്പോഴും മനുഷ്യര്‍ വ്യത്യസ്തമായ രീതിയില്‍ പെരുമാറാറില്ലേ? ചിന്തിക്കാറില്ലേ? ഇത് ഏതെങ്കിലും തരത്തിലുള്ള രോഗമായി നമ്മള്‍ കണക്കാക്കാറുണ്ടോ? അതില്‍ കൂടുതലൊന്നും 'ഡിസ്ലക്‌സിയ' ബാധിച്ചവരുടെ കാര്യത്തിലും കണക്കാക്കേണ്ടതില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

നമ്മള്‍ കാലാകാലങ്ങളായി ശീലിച്ചുവന്നിരിക്കുന്ന പഠന സമ്പ്രദായങ്ങള്‍, അത് എഴുത്തായാലും വായനയായാലും ഉച്ചാരണമായാലും അതില്‍ നമ്മള്‍ ഉറപ്പിച്ചുവച്ചിരിക്കുന്ന ഒരു ഘടനയുണ്ട്. ആ ഘടനയില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുന്നവരാണ് 'ഡിസ്ലെക്‌സിയ' ഉള്ളവര്‍. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അത് പ്രകടിപ്പിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമെല്ലാം അവരവരുടേതായ രീതി കാണും. അതും ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതായത്, അത്തരം ആളുകളില്‍ തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാണാനുള്ള സാധ്യതയില്ലെന്ന് ചുരുക്കം. 

മാത്രമല്ല, ചില കേസുകളില്‍ 'ഡിസ്ലെക്‌സിയ'യുള്ള ആളുകള്‍ സാധാരണക്കാരെക്കാള്‍ ബുദ്ധികൂര്‍മ്മതയുള്ളവരാകാറുണ്ടെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ സാക്ഷ്യപ്പെടുത്തലിനെ ശരിവയ്ക്കുന്നതാണ് 2015ല്‍ 'ഡിസ്ലെക്‌സിയ ഡെയ്‌ലി' പുറത്തുവിട്ട ഒരു വീഡിയോ. 'ഡിസ്ലെക്‌സിയ' ഉള്ള പ്രമുഖരെ കുറിച്ചാണ് ഈ വീഡിയോ. 'ഡിസ്ലെക്‌സിയ' തന്റെ ജീവിതത്തെ എത്തരത്തിലെല്ലാം സ്വാധീനിച്ചുവെന്ന് ഓരോരുത്തരും പല സമയങ്ങളിലായി വ്യക്തമാക്കിയതിന്റെ ഒരു ഏകോപനമാണിത്. 

അഗത ക്രിസ്റ്റി...

'ഞാന്‍ എന്നെത്തന്നെ കണ്ടിരുന്നത്, കുടുംബത്തിലെ ഏറ്റവും വേഗത കുറഞ്ഞയാളെന്ന നിലയ്ക്കായിരുന്നു. അത് സത്യമാണ്. അതുകൊണ്ടുതന്നെ ഞാനക്കാര്യം പെട്ടെന്ന് അംഗീകരിച്ചു. എഴുത്തും ഉച്ചാരണവും എനിക്കെപ്പോഴും ബുദ്ധിമുട്ടായിരുന്നു. എന്റെ അക്ഷരങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇതുവരേക്കും അതങ്ങിനെ തന്നെ...'

ലോകം അറിയപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരിയും നോവലിസ്റ്റുമാണ് അഗത ക്രിസ്റ്റി. ഏറ്റവുമധികം കൃതികള്‍ വിറ്റഴിക്കപ്പെട്ട ലോകത്തിലെ തന്നെ പ്രമുഖ എഴുത്തുകാരില്‍ ഒരാള്‍. ഇവരുടെ നോവലുകളുടെ കോടിക്കണക്കിന് കോപ്പികളാണ് ലോകമൊട്ടാകെ വിറ്റഴിക്കപ്പെട്ടത്. 

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍...

ഐന്‍സ്റ്റീന് വേഗത പോരെന്നും സമൂഹവുമായി എങ്ങനെ ഇടപെടണമെന്ന് അറിയില്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റേതായ സ്വപ്‌നലോകത്തില്‍ വിരാജിക്കുകയാണെന്നും അധ്യാപകര്‍ പറയുമായിരുന്നത്രേ. 

'എല്ലാവരും പ്രതിഭകളാണ്. എന്നാല്‍ മരം കേറാനുള്ള കഴിവിനെ അടിസ്ഥാനപ്പെടുത്തി ഒരു മീനിന്റെ കഴിവ് അളക്കാനാകുമോ? അങ്ങനെ ചെയ്താല്‍ മീന്‍ ജീവിതകാലം മുഴുവന്‍ താന്‍ പോരാത്തയാളാണെന്ന് ധരിക്കും..' - ഐന്‍സ്റ്റീന്റെ വാക്കുകളാണിത്. 'ഡിസ്ലെക്‌സിയ' എന്ന അവസ്ഥയെ അടിസ്ഥാനമാക്കി, ആ വ്യക്തിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിലെ പ്രശ്‌നമാണ് ഐന്‍സ്റ്റീന്‍ ഇതിലൂടെ ചൂണ്ടിക്കാട്ടിയത്.  

തോമസ് ആൽവാ എഡിസൺ...

'എന്റെ അധ്യാപകര്‍ വിചാരിച്ചു, ഞാന്‍ ബുദ്ധിശൂന്യനാണെന്ന്. അച്ഛന്‍ ധരിച്ചത് ഞാന്‍ ഒരു മണ്ടനാണെന്നാണ്. ഞാനും കരുതി ഞാനൊരു ബുദ്ധിയില്ലാത്ത മനുഷ്യനാണെന്ന്...'- ഇത് തോമസ് ആല്‍വാ എഡിസന്റെ വാക്കുകളാണ്. ഇലക്ട്രിക് ലൈറ്റിന്റെ കണ്ടുപിടുത്തമുള്‍പ്പെടെ ആയിരത്തിലധികം കണ്ടുപിടുത്തങ്ങള്‍ക്ക് ലോകം പേറ്റന്റ് നല്‍കിയ ആളാണ് എഡിസണ്‍.

നോളൻ റയാൻ...

'എനിക്ക് 'ഡിസ്ലെക്‌സിയ' ആണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്ത് വിചിത്രമാണത് അല്ലേ?' - നിസ്സഹായമായ തന്റെ അവസ്ഥയെ ഇങ്ങനെ പറഞ്ഞുവച്ചു, ലോകപ്രശസ്ത ബേസ് ബോള്‍ കളിക്കാരന്‍ നോളന്‍ റയാന്‍. മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗതയില്‍ പിച്ച് ചെയ്യുന്നതില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കായികതാരമായിരുന്നു നോളന്‍.

ഷേർ...

'ഞാന്‍ സ്‌കൂളിലാകുമ്പോള്‍ ഒട്ടും പഠിക്കുമായിരുന്നില്ല. എല്ലാ വിഷയങ്ങളിലും എനിക്ക് മോശം ഗ്രേഡ് ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത്. കഴിവിന് അനുസരിച്ച് പഠിക്കുന്നില്ല എന്നുതന്നെയായിരുന്നു എന്റെ എല്ലാ പ്രോഗസ് റിപ്പോര്‍ട്ടുകളിലും അധ്യാപകര്‍ രേഖപ്പെടുത്തിയിരുന്നത്...' - ലോകം അറിയപ്പെടുന്ന നടിയും പാട്ടുകാരിയുമായി മാറിയ ഷേറിന്റെതാണ് ഈ വാക്കുകള്‍.

വിൽ സ്മിത്ത്...

'ശരിക്ക് ഞാനൊരു പ്രകൃതിശാസ്ത്രജ്ഞനാണ് (Physicist) . എല്ലാം പാറ്റേണുകളിലായാണ് കാണുക. ജീവിതത്തിലെ ഓരോന്നിലും സമവാക്യങ്ങള്‍ കാണുന്നയാള്‍. എല്ലാത്തിലും തിയറി കാണുന്നയാള്‍...'- ലോകം ആരാധിക്കുന്ന പ്രിയ നടനും നിര്‍മ്മാതാവുമായ വില്‍ സ്മിത്തേന്റെതാണ് ഈ വാക്കുകള്‍. വായിച്ച് പഠിക്കുകയെന്നത് എപ്പോഴും വില്‍ സ്മിത്തിന് ബുദ്ധിമുട്ടായിരുന്നു. അതേസമയം പല സ്‌ക്രിപ്റ്റുകള്‍ ഒരേസമയം ഓര്‍ത്തെടുത്ത് പെര്‍ഫോം ചെയ്യാന്‍ സവിശേഷമായ കഴിവ് വില്‍ സ്മിത്തിന്റെ പ്രത്യേകതയാണ്. 

ജെസിക്ക വാട്ട്സൺ...

നമ്മള്‍ ജീവിക്കാന്‍ അധൈര്യപ്പെടുന്ന തരത്തിലുള്ള സ്വപ്നങ്ങളോളം വളര്‍ന്നയാളാണ് ജെസിക്ക വാട്ട്‌സണ്‍. ഓസ്‌ട്രേലിയക്കാരിയായ ജെസിക്ക ഒരു നാവികയാണ്. പതിനാറാം വയസ്സില്‍ കപ്പലില്‍ ഭൂമിയെ പ്രദക്ഷിണം വച്ച് റെക്കോര്‍ഡ് സ്ഥാപിച്ചു.

കെയ്റ നൈറ്റ്ലി...

'എനിക്ക് വായിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഭാഷ വലിയ ഇഷ്ടവുമായിരുന്നു. ഇതൊരുപക്ഷേ ഭയങ്കര വിചിത്രമായി തോന്നിയേക്കാം. പക്ഷേ എന്റെ മാതാപിതാക്കള്‍ വളരെ വിശാലമായി ചിന്തിക്കുന്നവരായിരുന്നു. അതെനിക്ക് ഗുണം ചെയ്തു'- 'ഡിസ്ലെക്‌സിയ'യെ തോല്‍പിച്ച പ്രമുഖ നടി കെയ്‌റ നൈറ്റ്‌ലിയുടെ വാക്കുകള്‍. 

സർ റിച്ചാർഡ് ബ്രാൻസൺ...

'എന്തോ പ്രശ്‌നമുണ്ടെന്ന് സ്വയം തോന്നുന്നത് .. അതായത് ഒരു നെഗറ്റീവ് ചിന്ത, അത് മാറണമെങ്കില്‍ അതിനെ പൊസിറ്റീവ് ആക്കുകയേ നിവൃത്തിയുള്ളൂ. ഡിസ്ലെക്‌സിയയുമായി പോരാടിത്തുടങ്ങിയപ്പോള്‍ തന്നെ ഞാനീ പാഠം പഠിച്ചു....'- പ്രമുഖ ബിസിനസ്മാനായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റേതാണ് ഈ വാക്കുകള്‍.

'ഡിസ്ലെക്‌സിയ ഡെയിലി'യുടെ വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി