
നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇവയ്ക്കെല്ലാം കൃത്യമായ കാരണങ്ങളും കാണാം. എന്നാല്‍ മിക്കവരും ഇങ്ങനെ കാണുന്ന ആരോഗ്യപ്രശ്നങ്ങളോ പ്രയാസങ്ങളോ എല്ലാം നിസാരമായി തള്ളിക്കളയാറാണ് പതിവ്. പക്ഷേ ഈ പ്രവണത അത്ര നല്ലതല്ല. ഭാവിയില്‍ ഇതേ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനോ, അല്ലെങ്കില്‍ ഗൗരവമുള്ള രോഗങ്ങളാകാനോ എല്ലാം സാധ്യതയുണ്ട്.
ഇത്തരത്തില്‍ മിക്കവരും നിസാരമായി തള്ളിക്കളയുന്ന പ്രശ്നങ്ങളാണ് തളര്‍ച്ചയും, ക്ഷീണവും കിതപ്പുമൊക്കെ. അധികം ജോലി ചെയ്യുന്നതിന്‍റെയോ, യാത്രയുടെയോ, സ്ട്രെസിന്‍റെയോ എല്ലാം ഭാഗമായാകാം ഇതെല്ലാം വരുന്നത് എന്ന വിധിയെഴുത്ത് സ്വന്തമേ അങ്ങ് ചെയ്യും. ഒന്ന് റെസ്റ്റ് ചെയ്താല്‍ മാറും എന്നും സ്വയം വിശ്വസിപ്പിക്കും.
പക്ഷേ ക്ഷീണവും കിതപ്പും തളര്‍ച്ചയുമൊന്നും ഇങ്ങനെ എപ്പോഴും നിസാരമാക്കി കളയരുത്. ഇവ ചില ഘട്ടങ്ങളിലെങ്കിലും ഹൃദയം അപകടത്തിലാണെന്നതിന്‍റെ സൂചനകളായി വരുന്നവയാണ്.
ഹൃദയത്തിന് ഫലപ്രദമായ രീതിയില്‍ രക്തം പമ്പ് ചെയ്യാൻ സാധിക്കാതിരിക്കുമ്പോള്‍ ശ്വാസതടസമുണ്ടാകാം. ഇതാകാം കിതപ്പിലേക്ക് നയിക്കുന്നത്. പ്രത്യേകിച്ചും എന്തെങ്കിലും ജോലികള്‍ (ശാരീരികമായി) ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇത് അനുഭവപ്പെടുക. നടത്തം, പടി കയറല്‍, വ്യായാമം, നീന്തല്‍ എന്നിങ്ങനെ ഏത് ആക്ടിവിറ്റിയിലും ഇത് വരാം.
കിതപ്പിനൊപ്പം തന്നെ നെഞ്ചില്‍ വേദനയുണ്ടോ എന്നതും പരിശോധിക്കണം. കാരണം നെഞ്ചുവേദനയുണ്ടെങ്കില് അത് എത്ര ചെറുതായാലും ഹൃദയത്തിന്‍റെ കാര്യം ഒന്ന് പരിശോധിപ്പിക്കുന്നതാണ് നല്ലത്. ഹൃദയാഘാതം അടക്കമുള്ള പ്രതിസന്ധികളിലേക്കുള്ള സൂചനയായി നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്.
നെഞ്ചിടിപ്പില്‍ വല്ലാത്ത വ്യത്യാസമുണ്ടെങ്കിലും ശ്രദ്ധിക്കണം. ഉത്കണ്ഠയുള്ളവരിലും ഗര്‍ഭിണികളിലും മദ്യപാനികളിലും മറ്റ് ലഹരി ഉപയോഗിക്കുമ്പോഴുമെല്ലാം നെഞ്ചിടിപ്പ് ഉയരാം. ഇതൊന്നുമില്ലാതെ നെഞ്ചിടിപ്പില്‍ വ്യത്യാസം കാണുകയാണെങ്കില്‍ കരുതലെടുക്കണം. ഇതും ഹൃദയത്തിന് പ്രശ്നമുണ്ടെന്നതിന്‍റെ സൂചനയാകാം.
ക്ഷീണം, കിതപ്പ് എന്നിവയ്ക്കെല്ലാം പുറമെ തലകറക്കവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി പരിശോധിക്കുന്നതാണ് ഉചിതം. അതുപോലെ കാലില്‍ നീര് കാണുന്ന സന്ദര്‍ഭങ്ങളും ശ്രദ്ധിക്കണം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം ഇതുമുണ്ടെങ്കില്‍ ഹൃദയത്തിന്‍റെ ആരോഗ്യാവസ്ഥ പരിശോധിച്ച് ഉറപ്പിക്കേണ്ടതാണ്.
Also Read:- ഹൃദയാഘാതം മൂലം സൈക്ലിസ്റ്റിന്‍റെ മരണം; സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി ഡോക്ടര്‍....
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-