
ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം അമിതവണ്ണം കാരണമാകാറുണ്ട്. എന്നുവച്ചാല്‍ വണ്ണമുള്ളവരെല്ലാം ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമായി കഴിയുന്നവര്‍ ആണെന്നല്ല. പക്ഷേ ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് മൂലം വണ്ണം കൂടുമ്പോള്‍ അത് കൊളസ്ട്രോള്‍- ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങളിലേക്കെല്ലാം വ്യക്തികളെ നയിക്കാം.
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വണ്ണമുള്ളവരാണ് എപ്പോഴും അസുഖങ്ങളെ പേടിക്കേണ്ടത്, മെലിഞ്ഞവര്‍ സുരക്ഷിതരാണ് എന്നൊരു കാഴ്ചപ്പാട് പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ധാരണ വേണ്ട. പല അസുഖങ്ങളും മെലിഞ്ഞവരെയും വണ്ണമുള്ളവരെയും ഒരുപോലെ ബാധിക്കാം.
ഇത്തരത്തില്‍ മെലിഞ്ഞവരെ ബാധിക്കാവുന്നൊരു രോഗം തന്നെയാണ് ഫാറ്റി ലിവര്‍. കരളില്‍ ഒരുപാട് കൊഴുപ്പ് അടിയുന്നത് മൂലമാണ് ഫാറ്റി ലിവര്‍ പിടിപെടുന്നത്. അതിനാല്‍ തന്നെ വണ്ണമുള്ളവരിലാണ് ഇതിന് സാധ്യതകളേറെയും എന്ന് നാം ചിന്തിക്കാം. മെലിഞ്ഞവരില്‍ ഇതിന് സാധ്യതയില്ലെന്നും ചിന്തിക്കാം. പക്ഷേ ഫാറ്റി ലിവര്‍ മെലിഞ്ഞവരെയും ബാധിക്കുമെന്നതാണ് സത്യം. പ്രധാനമായും നാല് കാരണങ്ങളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
മദ്യപാനം...
പതിവായി മദ്യപിക്കുന്നവരാണെങ്കില്‍ മെലിഞ്ഞിരിക്കുന്നവരാണെങ്കിലും അവരിലും ഫാറ്റി ലിവര്‍ സാധ്യത തുറക്കുകയായി. കാരണം മദ്യത്തിലുള്ള 'എംപ്റ്റി കലോറികള്‍' ഫാറ്റ് ആയി മാറുകയും ഇത് കരളില്‍ അടിയുകയും ചെയ്യുന്നതോടെയാണ് ഫാറ്റി ലിവറുണ്ടാകുന്നത്.
ചെറിയ പേശികള്‍...
പേശികള്‍ അത്യാവശ്യം വലുപ്പമുള്ളവരാണെങ്കില്‍ അവരുടെ ശരീരത്തിലെത്തുന്ന ഫാറ്റിനെ പേശികളുടെ നിലനില്‍പിന് വേണ്ടിത്തന്നെ കാര്യമായി ഉപയോഗിക്കാം. അതേസമയം വലുപ്പമോ വണ്ണമോ ഇല്ലാത്ത പേശികളുള്ളവരാണെങ്കില്‍ അവരിലെത്തുന്ന ഫാറ്റ് കരളില്‍ അടിയുന്നു. ഇതാണ് ഫാറ്റി ലിവറിലേക്ക് സാധ്യത തുറക്കുന്നത്.
പാരമ്പര്യഘടകങ്ങള്‍...
പാരമ്പര്യഘടകങ്ങളും ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാം. അമിതശരീരവണ്ണമില്ലാത്തവരിലും ആരോഗ്യമുള്ളവരിലുമെല്ലാം ഇക്കാരണം കൊണ്ട് ഫാറ്റി ലിവര്‍ പിടിപെടാം.
'മെറ്റബോളിക് ഡിസോര്‍ഡര്‍'...
'മെറ്റബോളിക് ഡിസോര്‍ഡര്‍' എന്നാല്‍ അസാധാരണമായ കെമിക്കല്‍ റിയാക്ഷനുകള്‍ ശരീരത്തില്‍ നടക്കുന്ന അവസ്ഥയാണ്. ഇത് ആരോഗ്യത്തെ തകിടം മറിക്കുകയോ ആരോഗ്യത്തെ 'ഇംബാലൻസ്' ചെയ്യുകയോ ചെയ്യാം. ഇതിന്‍റെ ഭാഗമായും ഫാറ്റി ലിവര്‍ പിടിപെടാം.
Also Read:- വയറ്റിലോ നടുവിന്‍റെ ഒരു ഭാഗത്തോ പെട്ടെന്ന് വരുന്ന കടുത്ത വേദന; കാരണം അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam