പനി കേസുകൾ കൂടുന്നു; ഇതിൽ ശ്രദ്ധിക്കേണ്ട പനി, ലക്ഷണങ്ങളും...

Published : Sep 17, 2022, 07:15 PM ISTUpdated : Sep 17, 2022, 07:16 PM IST
പനി കേസുകൾ കൂടുന്നു; ഇതിൽ ശ്രദ്ധിക്കേണ്ട പനി, ലക്ഷണങ്ങളും...

Synopsis

ഡെങ്കിപ്പനി ഗുരുതരമാകുമ്പോൾ അത് രക്തത്തിന്‍റെ നോർമൽ അവസ്ഥയെ ബാധിക്കുകയോ ശ്വാസകോശത്തെ ബാധിക്കുകയോ രക്തസ്രാവത്തിന് ഇടയാക്കുകയോ നീര് കെട്ടിക്കിടക്കാൻ കാരണമാകുകയോ ചെയ്യാം. ഇതെല്ലാം ജീവന് പോലും ഭീഷണിയായേക്കാമെന്നതിനാലാണ് ഡെങ്കിപ്പനി തുടക്കത്തിലേ സൂക്ഷിക്കണമെന്ന് പറയുന്നത്.

കേരളത്തിൽ പലയിടങ്ങളിലും പനി കേസുകൾ വ്യാപകമായി വർധിക്കുന്നുണ്ട്. പ്രതിദിനം ഓരോ ആശുപത്രികളിലും എത്തുന്ന പനി കേസുകളിൽ കാര്യമായ വർധനവ് കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ജലദോഷവും മൂക്കടപ്പും തൊണ്ടവേദനയുമാണ് അധികം കേസുകളിലും പനിക്കൊപ്പം കണ്ടുവരുന്നത്. 

ഇതിൽ എച്ച് വൺ എൻ വൺ സാധ്യതയും ഡെങ്കിപ്പനി സാധ്യതയും ഒരുപോലെ വരാം. രണ്ട് ദിവസം മുമ്പാണ് തമിഴ്നാട്ടിൽ മുന്നൂറോളം വിദ്യാർത്ഥികളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച വാർത്ത വന്നത്. പനി, ജലദോഷം, ചുമ, തലവേദന, തൊണ്ടവേദന, തളർച്ച എന്നിവയാണ് എച്ച് വൺ എൻ വൺ ലക്ഷണമായി കാര്യമായി കാണുന്നത്. 

എച്ച് വൺ എൻ വൺ, ഒരാളിൽ നിന്ന് പെട്ടെന്ന് തന്നെ മറ്റൊരാളിലേക്ക് പകരുന്ന തരം പനിയാണ്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടാൽ വൈകാതെ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുന്നതാണ് ഉചിതം. 

കേരളത്തിലും എച്ച് വൺ എൻ വൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യം ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് എച്ച് വൺ എൻ വൺ ലക്ഷണങ്ങളോടെ രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട് എന്നാണിവർ പറയുന്നത്. 

തമിഴ്നാട്ടിൽ എച്ച് വൺ എൻ വൺ കൂട്ടമായി ബാധിക്കപ്പെട്ടത് പോലെ ബംഗാളിൽ അഞ്ഞൂറിലധികം ഡെങ്കു കേസുകളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ചേർത്തുവായിക്കുമ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനികളിൽ ഡെങ്കുവും ഉൾപ്പെടുന്നുണ്ട്. എച്ച് വൺ എൻ വൺ- ഡെങ്കു എന്നിവയ്ക്കൊപ്പം തന്നെ സംസ്ഥാനത്ത് എലിപ്പനിയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

ഏത് തരം പനിയും ശ്രദ്ധ നൽകേണ്ടത് തന്നെയാണ്.  ഇക്കൂട്ടത്തിൽ ഡെങ്കിപ്പനിയാണെങ്കിൽ ഒന്നുകൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം, ഒരു പരിധി വിട്ടാൽ ജീവന് തന്നെ ഭീഷണിയാകും വിധത്തിലേക്ക് മാറാൻ ഇതിന് സാധിക്കും. ഈ വർഷം ആഗസ്റ്റ് അവസാനം വരെ മാത്രം രാജ്യത്ത് മുപ്പതിനായിരത്തിലധികം ഡെങ്കു കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അങ്ങനെ വരുമ്പോൾ സാഹചര്യത്തിന്‍റെ തീവ്രത മനസിലാക്കാമല്ലോ. 

ഉയർന്ന പനിയാണ് ഡെങ്കിപ്പനിയുടെ ഒരു പ്രധാന ലക്ഷണം. കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ഓക്കാനം, ഛർദ്ദി, ഗ്രന്ഥികളിൽ വീക്കം, ചർമ്മത്തിൽ നിറവ്യത്യാസം എന്നിവയെല്ലാം ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. അസഹനീയമായ തളർച്ചയും ഇതിന്‍റെ ഭാഗമായി വരാം. പക്ഷേ തളർച്ച വൈറൽ പനികളുടെയെല്ലാം പൊതു ലക്ഷണമാണ്. 

ഡെങ്കിപ്പനി ഗുരുതരമാകുമ്പോൾ അത് രക്തത്തിന്‍റെ നോർമൽ അവസ്ഥയെ ബാധിക്കുകയോ ശ്വാസകോശത്തെ ബാധിക്കുകയോ രക്തസ്രാവത്തിന് ഇടയാക്കുകയോ നീര് കെട്ടിക്കിടക്കാൻ കാരണമാകുകയോ ചെയ്യാം. ഇതെല്ലാം ജീവന് പോലും ഭീഷണിയായേക്കാമെന്നതിനാലാണ് ഡെങ്കിപ്പനി തുടക്കത്തിലേ സൂക്ഷിക്കണമെന്ന് പറയുന്നത്. അസഹനീയമായ വയറുവേദന, അസ്വസ്ഥത, ഛർദ്ദിലിലോ മലത്തിലോ രക്തം, ശ്വാസം വേഗത്തിലാവുക, മോണയിൽ നിന്നോ മൂക്കിൽ നിന്നോ രക്തം വരിക എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം കണ്ടാൽ ഡെങ്കിപ്പനി അധികരിച്ചുവെന്ന് മനസിലാക്കാം. ഈ ഘട്ടത്തിൽ അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമാകാനുള്ള സാധ്യതകളേറെയാണ്. 

Also Read:- കൊതുകിനെ തുരത്താൻ ഉപയോഗിക്കാവുന്ന ചില മാര്‍ഗങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ