
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നൊരു കാലമാണിത്.പ്രത്യേകിച്ച് വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കാര്യമായ അവബോധം ഏവരിലും ഉണ്ടാകേണ്ടതുമുണ്ട്.ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്ത്യ. വിഷാദം മനുഷ്യനെ എത്തരത്തിലെല്ലാം ബാധിക്കുമെന്നത് സംബന്ധിച്ചും ഇതിനെ മറികടക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുമെല്ലാം നാം അറിഞ്ഞിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഇതിലൂടെ തന്നെ വ്യക്തമാണ്.
ഒപ്പം തന്നെ ആത്മവിശ്വാസത്തോടെ മുന്നേറാൻ സ്വന്തം മാനസികാരോഗ്യത്തെ കുറിച്ചും തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. ഇവിടെയിപ്പോള്‍ നിങ്ങള്‍ 'മെന്‍റലി സ്ട്രോംഗ്' അഥവാ മനസുകൊണ്ട് ശക്തിയുള്ളവരാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ മനസുകൊണ്ട് ശക്തര്‍ തന്നെ. ധൈര്യമായി നിങ്ങള്‍ക്ക് മുന്നേറാം.
ഒന്ന്...
ചുറ്റുപാടുകളോട്,ചുറ്റും ജീവിക്കുന്ന മനുഷ്യരോട് ദയാപൂര്‍വം ഇടപെടാൻ നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ? എങ്കില്‍ ഇത് നിങ്ങളുടെ മനശക്തിയുടെ തെളിവ് തന്നെയായി കണക്കാക്കാം. ദയ- കരുണ എല്ലാം ശക്തമായ മനസില്‍ നിന്നുണ്ടാകുന്ന വികാരങ്ങളാണ്.
രണ്ട്...
നിങ്ങള്‍ക്ക് പറ്റുന്ന തെറ്റുകള്‍ ഉള്‍ക്കൊള്ളാനും അവ അംഗീകരിക്കാനും തിരുത്താനും നിങ്ങള്‍ ശ്രമിക്കാറുണ്ടോ? ഇതും മനശക്തിയുടെ പ്രതിഫലനം തന്നെ. ദുര്‍ബലമായ മനസുകളാണ് എപ്പോഴും പിഴവുകളെ ന്യായീകരിച്ച് മുന്നോട്ടുപോവുക.
മൂന്ന്...
ക്ഷമയാണ് മനശക്തിയുടെ മറ്റൊരു സൂചന.ഏത് സാഹചര്യത്തെയും ക്ഷമയോടെയും സംയമനത്തോടെയും കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മനസിന്‍റെ ബലമായി കണക്കാക്കാം.
നാല്...
മടി കൂടാതെ സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് പലപ്പോഴും വിഡ്ഢിത്തമായോ, ദൗര്‍ബല്യമായോ ആണ് മിക്കവരും വിലയിരുത്തുന്നത്. എന്നാല്‍ വികാരപ്രകടനങ്ങളില്‍ സങ്കോചം കാണിക്കാതിരിക്കുന്നത് മനശക്തിയുടെ തെളിവാണെന്ന് വേണം മനസിലാക്കാൻ.
അഞ്ച്...
പ്രതിസന്ധികളില്ലാതെ ജീവിതമില്ല. എന്നാല്‍ ഈ പ്രതിസന്ധികളില്‍ നിന്ന് മുന്നോട്ട് പോകാൻ സാധിക്കുന്നവരാണ് ശക്തര്‍.'സാരമില്ല, അത് പോട്ടെ' എന്ന സമീപനം. നമ്മെ മുറിപ്പെടുത്തുകയോ ബാധിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളെയോ ആളുകളെയോ ഉപേക്ഷിച്ച് മുന്നേറാൻ കഴിയുന്നവര്‍ തീര്‍ച്ചയായും മാനസികമായി ശക്തര്‍ തന്നെ.
ആറ്...
സ്വന്തം പിഴവുകള്‍ തിരുത്തി മുന്നോട്ട് പോകുന്നതിനെ കുറിച്ച് ആദ്യമേ സൂചിപ്പിച്ചുവല്ലോ. ഇതിനൊപ്പം സ്വയം വ്യക്തിത്വത്തെ പുതുക്കുന്നതിനും തേച്ചുമിനുക്കി നല്ലതാക്കിയെടുക്കുന്നതിനും നിരന്തരം ശ്രമിക്കുക കൂടി ചെയ്യുന്നവരാണെങ്കില്‍ ഉറപ്പാണ് നിങ്ങള്‍ ശക്തര്‍ തന്നെ. ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നേറാം.
Also Read:- ഫോണിൽ വരുന്ന നോട്ടിഫിക്കേഷനുകൾ ഉടനെ തന്നെ നോക്കുന്ന ശീലമുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam