മുഖക്കുരുവിന്റെ കാരണം കണ്ടെത്താന്‍ ചില മാര്‍ഗങ്ങള്‍; ഒപ്പം അവയെ പരിഹരിക്കാനും...

By Web TeamFirst Published Jun 26, 2021, 2:11 PM IST
Highlights

പ്രകൃതിദത്തമായ എന്തും ഏതും മുഖസൗന്ദര്യത്തിന് ഉപയോഗിക്കാമെന്ന് കരുതരുത്. നമ്മള്‍ കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് പോലെ തന്നെ മുഖത്ത് പരീക്ഷിക്കുന്ന സാധനങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്
 

മുഖക്കുരു മൂലമുള്ള പ്രശ്നങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല. കൗമാര കാലഘട്ടത്തിലാണ് മിക്കവാറും പേരും മുഖക്കുരു മൂലമുള്ള വിഷമതകള്‍ ഏറെയും അനുഭവിച്ചിട്ടുണ്ടാവുക. എന്നാല്‍ ചിലരെങ്കിലും കൗമാരത്തിനപ്പുറവും ഈ പ്രശ്‌നം നേരിട്ടുകാണും. 

കൗമാരത്തിനപ്പുറത്തേക്ക് മുഖക്കുരു നീണ്ടുനില്‍ക്കുന്നതോ, പുതുതായി മുഖക്കുരുവുണ്ടാവുകയോ ചെയ്യുന്നത് അത്ര സാധാരണമല്ല. അതായത്, കൗമാരം, വളര്‍ച്ചയുടെ പെടുന്നനെയുള്ള ജൈവികമായ മാറ്റത്തിന്റെയും കാലമാണ്. ഈ ഘട്ടത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമെല്ലാം മുഖക്കുരു വരുന്നത് സ്വാഭാവികമായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. 

അതേസമയം, കൗമാരം കടന്നവരില്‍ മുഖക്കുരുവുണ്ടാകുന്നതിന് പല കാരണങ്ങളും വരാം. ഡയറ്റ് അടക്കമുള്ള ലൈഫ്‌സ്റ്റൈല്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, ഉറക്കപ്രശ്‌നങ്ങള്‍, മദ്യപാനം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം എന്നിങ്ങനെ പല ഘടകങ്ങള്‍ മുതിര്‍ന്നവരിലെ മുഖക്കുരുവിന് കാരണമാകാം. 

മുഖക്കുരുവിന്റെ സ്ഥാനം നോക്കി ചെറിയ രീതിയില്‍ അതിന്റെ കാരണം കണ്ടെത്താന്‍ നമുക്ക് സാധ്യമാണ്. ഇത്തരത്തില്‍ നെറ്റിയിലാണ് മുഖക്കുരുവെങ്കില്‍ അത് ദഹനവ്യവസ്ഥയെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നതാണ്. മൂക്കിന് മുകളിലാണ് മുഖക്കുരുവെങ്കില്‍ അത് ഹൃദ്രോഗങ്ങളുടെ സൂചനയാകാറുണ്ടത്രേ. 

 


താടിയില്‍ മുഖക്കുരുവുണ്ടാകുന്നതാണെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. കവിളിലാണെങ്കില്‍ അത് ആമാശയ- ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നുവത്രേ. എന്നാല്‍ എല്ലായ്പോഴും മുഖക്കുരുവിന് കാരണങ്ങള്‍ ഇവയെല്ലാം തന്നെ ആകണമെന്നില്ല. എങ്കില്‍ക്കൂടിയും ഈ സാധ്യതകളും ഉള്‍പ്പെടുന്നതായി അറിയാമെന്ന് മാത്രം. 

മുഖക്കുരുവിനെ ഫലപ്രദമായി നേരിടാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം...

ഇടയ്ക്കിടെ മുഖം കഴുകിക്കൊണ്ടിരിക്കുന്നത് മുഖക്കുരു തടയാന്‍ നല്ലതാണ്. അതുപോലെ അവരവരുടെ ചര്‍മ്മത്തിന്റെ സ്വഭാവം മനസിലാക്കിക്കൊണ്ട് ചര്‍മ്മസംരക്ഷണ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാം. ഇതിനൊപ്പം അറിഞ്ഞിരിക്കേണ്ട മറ്റൊന്ന് കൂടി പങ്കുവയ്ക്കാം. പ്രകൃതിദത്തമായ എന്തും ഏതും മുഖസൗന്ദര്യത്തിന് ഉപയോഗിക്കാമെന്ന് കരുതരുത്. 

നമ്മള്‍ കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് പോലെ തന്നെ മുഖത്ത് പരീക്ഷിക്കുന്ന സാധനങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്. പുതിനയില- മല്ലിയില അരച്ചത് മുഖത്ത് തേക്കുന്നതും ആര്യവേപ്പില ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നതും നീം ഓയില്‍ തേക്കുന്നതും എല്ലാം ചില ഫലപ്രദമായ 'ഹെര്‍ബല്‍' പരീക്ഷണങ്ങളാണ്. 

 

 

പപ്പായ ഫേസ്പാക്ക് ഉപയോഗിക്കുന്നതും മുഖക്കുരുവിനെ ചെറുക്കാന്‍ നല്ലതാണ്. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് 'സിങ്ക്' അടങ്ങിയ ഭക്ഷണം കഴിക്കാം. മത്തന്‍ കുരു, ബീന്‍സ്, ബദാം എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്നതാണ്. 

മേക്കപ്പ് പരിമിതമായ അളവില്‍ മാത്രം ഉപയോഗിച്ച് ശീലിക്കുക, മുഖചര്‍മ്മം മോയിസ്ചറൈസ് ചെയ്ത് സൂക്ഷിക്കുക, എപ്പോഴും മുഖത്ത് സ്പര്‍ശിച്ചുകൊണ്ടിരിക്കാതിരിക്കുക, അധികനേരം സൂര്യപ്രകാശമേല്‍ക്കാതിരിക്കുക, മുഖക്കുരുവുള്ളവര്‍ അത് പൊട്ടിച്ചുകളയാതിരിക്കുക, മാനസിക സമ്മര്‍ദ്ദങ്ങളുണ്ടെങ്കില്‍ അവയെ അതിജീവിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മുഖക്കുരുവിനെ അകറ്റിനിര്‍ത്താന്‍ ചെയ്യാവുന്ന 'ടിപ്‌സ്' ആണ്. ഇതിനൊപ്പം പ്രധാനമാണ്- ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക എന്നതും. മുഖക്കുരു വിട്ടുമാറുന്നില്ല എങ്കില്‍ തീര്‍ച്ചയായും സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണുകയും വേണ്ട നിര്‍ദേശങ്ങളോ ചികിത്സയോ തേടുകയും ചെയ്യേണ്ടതുണ്ട്. അക്കാര്യത്തില്‍ മടിയോ ആശയക്കുഴപ്പമോ തോന്നേണ്ടതില്ല. 

Also read:- വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...

click me!