നിങ്ങളില്‍ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്ന അ‍ഞ്ച് കാര്യങ്ങള്‍...

By Web TeamFirst Published Jun 1, 2023, 2:54 PM IST
Highlights

പലപ്പോഴും രോഗം സമയത്തിന് കണ്ടെത്താൻ സാധിക്കാത്തതാണ് വലിയ തിരിച്ചടിയാകുന്നത്. അതുപോലെ തന്നെ മോശം ജീവിതരീതികള്‍ ക്യാൻസര്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ക്യാൻസറിലേക്ക് ഭാവിയില്‍ സാധ്യത തുറക്കുന്ന അഞ്ച് കാരണങ്ങള്‍- പ്രധാനമായും ജീവിതരീതികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ക്യാൻസര്‍ രോഗത്തെ കുറിച്ച് ഏവര്‍ക്കുമറിയാം. വിവിധ തരത്തിലായി പല ക്യാൻസറുകളും ആളുകളില്‍ പിടിപെടാം. ഇന്ന് ലോകത്ത് തന്നെ രോഗബാധ മൂലം മരണപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ള കാരണമാണ് ക്യാൻസര്‍ ബാധ.

പലപ്പോഴും രോഗം സമയത്തിന് കണ്ടെത്താൻ സാധിക്കാത്തതാണ് വലിയ തിരിച്ചടിയാകുന്നത്. അതുപോലെ തന്നെ മോശം ജീവിതരീതികള്‍ ക്യാൻസര്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ക്യാൻസറിലേക്ക് ഭാവിയില്‍ സാധ്യത തുറക്കുന്ന അഞ്ച് കാരണങ്ങള്‍- പ്രധാനമായും ജീവിതരീതികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഭക്ഷണം...

നാം എന്ത് കഴിക്കുന്നോ അത് നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കും. ഇത്തരത്തില്‍ മോശം ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ അത് സ്വാഭാവികമായും ക്രമേണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

ഇങ്ങനെ ക്യാൻസറിലേക്ക് സാധ്യതയൊരുക്കുന്ന തരം ഭക്ഷണമാണ് പ്രോസസ്ഡ് ഫുഡ്. ഈ ഇനത്തില്‍ വരുന്ന ഏത് ഭക്ഷണവും പതിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ ക്യാൻസറിന് കാരണമാകുമെന്നല്ല, മറിച്ച് സാധ്യത കൂട്ടാവുന്ന ഘടകമാണെന്ന്. 

അമിതവണ്ണം...

മോശം ജീവിതരീതിയുടെ ഭാഗമായി ചിലരിലുണ്ടാകുന്ന അമിതവണ്ണവും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കാം. ഏതാണ്ട് പതിമൂന്ന് തരം ക്യാൻസറുകള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട് പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ ക്യാൻസര്‍ മരണസാധ്യതയും അമിതവണ്ണമുള്ളവരില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. 

മുകളില്‍ സൂചിപ്പിച്ചത് പോലെ അമിതവണ്ണമുള്ള എല്ലാവരും അനാരോഗ്യകരമായ അവസ്ഥയിലാണെന്നല്ല പറയുന്നത്. എന്നാല്‍ മോശമായ രീതിയില്‍ വണ്ണം കൂടിയിട്ടുള്ളവരില്‍ രോഗസാധ്യത കൂടുമെന്നാണ് അര്‍ത്ഥമാക്കുന്നത്. 

പുകവലി...

പുകവലിയും ക്യാൻസറും തമ്മിലുള്ള ബന്ധം പ്രത്യേകിച്ച് നമ്മള്‍ വിശദമാക്കേണ്ടതില്ല. കാരണം അത്രമാത്രം ഇതിന്‍റെ ഗൗരവം ഇന്ന് ഏവര്‍ക്കുമറിയാം. പല തരത്തിലുള്ള ക്യാൻസര്‍ ബാധയ്ക്ക് പുകവലി കാരണമാകാറുണ്ട്. വായ, തൊണ്ട, അന്നനാളം, ആമാശയം, കരള്‍, ശ്വാസകോശം, മലാശയം, പാൻക്രിയാസ്, വൃക്ക തുടങ്ങി പല അവയവങ്ങളെയും ബാധിക്കുന്ന ക്യാൻസറിലേക്ക് പുകവലി സാധ്യതയൊരുക്കാം. 

ഹെപ്പറ്റൈറ്റിസ്- ബി

ഹെപ്പറ്റൈറ്റിസ് ബി വൈറസ് പത്തിലധികം ക്യാൻസറുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഹെപ്പറ്റൈറ്റിസ്  സി വൈറസും ഇതുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന രോഗകാരിയാണ്. ഹെപ്പറ്റൈറ്റിസ് ബി മൂലം കരളില്‍ ക്യാൻസര്‍ ബാധിക്കാതിരിക്കാൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വ്യാപകമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. 

എച്ച്പിവി

എച്ച്പിവി (ഹ്യൂമണ്‍ പാപിലോമ വൈറസ്) മൂലവും ക്യാൻസര്‍ സാധ്യത കൂടാം. എച്ച്പിവി പ്രധാനമായും ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അധികവും സ്ത്രീകളിലാണ് ഇത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. സുരക്ഷിതമല്ലാത്ത ഓറല്‍ സെക്സ് എച്ച്പിവി സാധ്യത കൂട്ടുന്നതായി അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. 

Also Read:- 'സ്കിൻ' പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പാനീയങ്ങള്‍; കഴിവതും ഇവ ഒഴിവാക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

tags
click me!