'ഫാദേഴ്‌സ് ഡേ'യില്‍ അച്ഛന്മാര്‍ക്കായി അഞ്ച് 'ഹെല്‍ത്ത് ടിപ്‌സ്'...

By Web TeamFirst Published Jun 21, 2020, 9:48 PM IST
Highlights

കുടുംബസ്ഥനായ ഒരാള്‍ തീര്‍ച്ചയായും കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയനാകേണ്ടതുണ്ട്. ഇക്കാര്യം അമ്മമാര്‍ക്കും ബാധകം തന്നെ. അപ്രതീക്ഷിതമായി പെട്ടെന്ന് ഒരസുഖം ഉള്ളതായി തിരിച്ചറിയുന്ന അവസ്ഥ, അതിന്റെ ആഘാതം എന്നിവ ഒഴിവാക്കാനും, രോഗം ഗുരുതരമായ ശേഷം മാത്രം തിരിച്ചറിയുന്ന സാഹചര്യമില്ലാതാക്കനും ഈ പതിവുള്ള പരിശോധന നല്ലത് തന്നെ

അച്ഛന്‍ എന്ന് പറയുമ്പോള്‍ മിക്കവാറും മക്കള്‍ക്കെല്ലാം 'സൂപ്പര്‍മാന്‍' പരിവേഷമാണ് മനസില്‍  വരിക. തനിക്കെന്ത് പറ്റിയാലും തന്നെ രക്ഷപ്പെടുത്താനും പൊതിഞ്ഞുപിടിക്കാനും അച്ഛനുണ്ടല്ലോ എന്ന മനോബലമാണ് മക്കളുടെ ധൈര്യം. സ്‌നേഹം, കരുതല്‍ എന്നിങ്ങനെയുള്ള മൂല്യങ്ങളാണ് അമ്മയില്‍ കണ്ടെത്തുന്നതെങ്കില്‍ അച്ഛനില്‍ കണ്ടെത്തുന്നതെല്ലാം 'ശക്തി'യുമായി ബന്ധപ്പെട്ട ഘടകങ്ങളായിരിക്കും. 

തികച്ചും പരമ്പരാഗതമായ ഒരു സങ്കല്‍പമാണിത്. എന്നാല്‍ ഇപ്പോഴും, പുതിയ തലമുറ പോലും ഈ സങ്കല്‍പങ്ങളില്‍ തുടരുകയും ചെയ്യുന്നുണ്ട്. അതിനാല്‍ത്തന്നെ ശാരീരികമായി ആരോഗ്യത്തോടെയിരിക്കുകയെന്നത് ഓരോ അച്ഛനേയും സംബന്ധിച്ച് അവശ്യം വേണ്ട കാര്യമാണ്. ഇതിനായി ഈ 'ഫാദേഴ്‌സ് ഡേ'യില്‍ ചില 'ഹെല്‍ത്ത് ടിപ്‌സ്' നോക്കിയാലോ? 

ഒന്ന്...

പതിവായി വ്യായാമം ചെയ്യുക. താല്‍പര്യപ്രകാരമുള്ള ഏത് രീതിയും ഇതിനായി തെരഞ്ഞെടുക്കാം. സ്വന്തം ആരോഗ്യം മെച്ചപ്പെടുന്നതിന്റെ കൂടെത്തന്നെ ശാരീരികാരോഗ്യത്തെ കുറിച്ച് മക്കളില്‍ മികച്ച അവബോധമുണ്ടാകാനും ഇത് സഹായിക്കും. 

രണ്ട്...

ശാരീരികാരോഗ്യം നല്ലതായി നില്‍ക്കണമെങ്കില്‍ തീര്‍ച്ചയായും മാനസികാരോഗ്യവും മെച്ചപ്പെടേണ്ടതുണ്ട്. മിക്കവാറും അച്ഛന്മാരും തന്റേതായ ആധികളും പ്രശ്‌നങ്ങളുമൊന്നും കുടുംബത്തില്‍ ആരെയും അറിയിക്കാതെ സ്വയം നേരിടുകയാണ് പതിവ്. എന്നാല്‍ ഈ പതിവ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് മനസിലാക്കുക. 

 

 

മാനസിക സമ്മര്‍ദ്ദം പല ഗുരുതരമായ അസുഖങ്ങളിലേക്കും നിങ്ങളെയെത്തിച്ചേക്കാം. അതിനാല്‍ എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് സമാധാനപൂര്‍വ്വം പങ്കാളിയോടും മറ്റ് കുടുംബാംഗങ്ങളോടും പങ്കുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. 

സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ അടുപ്പമുള്ളത് ആരുമായിട്ടാണ് എങ്കില്‍ അവരുമായും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാം. വൈദ്യസഹായം തേടേണ്ടയത്രയും ഗൗരവത്തില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ടെങ്കില്‍ അതും തേടുക. 

മൂന്ന്...

ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ വയ്ക്കുക. കൃത്യമായ ഡയറ്റൊന്നും പാലിച്ചില്ലെങ്കിലും സാമാന്യം ആരോഗ്യകരമായ രീതിയിലാണ് ഭക്ഷണക്രമം മുന്നോട്ടുപോകുന്നതെന്ന് ഉറപ്പാക്കുക. അമിത ഭക്ഷണം ഒഴിവാക്കിക്കൊണ്ട് പോഷകസമ്പുഷ്ടമായ ഭക്ഷണംപല തവണകളിലായി മിതമായ അളവില്‍ കഴിച്ചുശീലിക്കുക. ഇത് കുട്ടികള്‍ക്കും നല്ല മാതൃക സൃഷ്ടിക്കും. 

നാല്...

കുടുംബസ്ഥനായ ഒരാള്‍ തീര്‍ച്ചയായും കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പിന് വിധേയനാകേണ്ടതുണ്ട്. ഇക്കാര്യം അമ്മമാര്‍ക്കും ബാധകം തന്നെ. അപ്രതീക്ഷിതമായി പെട്ടെന്ന് ഒരസുഖം ഉള്ളതായി തിരിച്ചറിയുന്ന അവസ്ഥ, അതിന്റെ ആഘാതം എന്നിവ ഒഴിവാക്കാനും, രോഗം ഗുരുതരമായ ശേഷം മാത്രം തിരിച്ചറിയുന്ന സാഹചര്യമില്ലാതാക്കനും ഈ പതിവുള്ള പരിശോധന നല്ലത് തന്നെ. 

 

 

ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലും വ്യതിയാനമുണ്ടെങ്കില്‍ ജീവിതരീതിയില്‍ ചിട്ടകള്‍ പാലിക്കാം. അതിനും ചെക്കപ്പ് അനിവാര്യമാണ്. 

അഞ്ച്...

വ്യക്തിശുചിത്വം തീര്‍ച്ചയായും പാലിക്കുക. അത് ദിവസേന രണ്ടുനേരം പല്ല് തേക്കുന്നത് മുതല്‍ കൊറോണക്കാലത്തെ ഇടവിട്ടുള്ള കൈ കഴുകല്‍ വരെ ആകാം. വ്യക്തിപരമായി ആരോഗ്യത്തിന് ഗുണപ്പെടും എന്നതിന് പുറമെ കുട്ടികള്‍ ഇത് കണ്ട് പഠിക്കുന്നതും വളരെ നല്ലതല്ലേ? 

ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ഉന്മേഷത്തോടെ കുടുംബജീവിതം തുടരാന്‍ ഓരോ അച്ഛനും കഴിയട്ടെ. ശരീരത്തിന്റെ സന്തോഷത്തിനും മനസിന്റെ സന്തോഷത്തിനുമായി ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം.

Also Read:- ഇന്ന് 'ഫാദേഴ്സ് ഡേ'; അച്ഛന്മാർക്കായി ഒരു ദിനം...

click me!