
നമ്മുടെ ആരോഗ്യത്തിന് മേല്‍ ഭീഷണിയാകുന്ന പല തരത്തിലുമുള്ള രോഗകാരികള്‍ നമ്മുടെ പരിസരത്തുണ്ട്. ചെറിയൊരു അശ്രദ്ധ മതി, ഇത്തരത്തിലുള്ള രോഗകാരികള്‍ക്ക് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുങ്ങാൻ. പിന്നിടുണ്ടാകുന്ന പ്രശ്നങ്ങളോ പ്രയാസങ്ങളോ ചിലപ്പോള്‍ എളുപ്പത്തില്‍ കണ്ടെത്താനോ പരിഹരിക്കാനോ സാധിക്കണമെന്നുമല്ല.
ഇക്കാര്യങ്ങളെല്ലാം ഓര്‍മ്മപ്പെടുത്തുകയാണ് ഫ്ളോറിഡയില്‍ നിന്നുള്ള ഡോണി ആഡംസ് എന്നയാള്‍ക്ക് സംഭവിച്ച അപൂര്‍വമായൊരു അവസ്ഥ. വാര്‍ത്തകളിലൂടെയാണ് ഇദ്ദേഹത്തിന്‍റെ കഥ ഏവരും അറിഞ്ഞത്. അത്ര സാധാരണമല്ലാത്ത സാഹചര്യമായതിനാല്‍ തന്നെ ഇത് വ്യാപകമായ രീതിയില്‍ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരിക്കുകയാണ്.
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ! മുമ്പ് എപ്പോഴെങ്കിലും നിങ്ങള്‍ ഇവയെക്കുറിച്ച് കേട്ടിരിക്കാം. ശരീരത്തില്‍ സംഭവിക്കുന്ന എന്തെങ്കിലും ചെറിയ മുറിവുകളോ പരുക്കുകളോ മുഖാന്തരം ശരീരത്തിനകത്തേക്ക് കയറിക്കൂടുന്ന ഈ ബാക്ടീരിയ, അതിവേഗം നമ്മുടെ കോശകലകള്‍ തിന്നുതീര്‍ക്കുകയാണ് ചെയ്യുക. എന്നുവച്ചാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നോ അതിലധികമോ അവയവങ്ങള്‍ തന്നെ നഷ്ടപ്പെടാം. അല്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകാം. എന്നാല്‍ ഈ ബാക്ടീരിയല്‍ ആക്രമണം അത്ര സാധാരണമല്ല.
ഡോണിയുടെ കാര്യത്തില്‍ വ്യത്യസ്തമായത് ഈ ബാക്ടീരിയ പ്രവേശിച്ച വഴിയാണ്. ബന്ധുക്കള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ഡോണിക്ക് ബന്ധുവായ ഒരാളില്‍ നിന്ന് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹമിത് കാര്യമാക്കിയെടുത്തില്ല. എങ്കിലും മുറിവായതിനാല്‍ ആശുപത്രിയില്‍ പോയി ടെറ്റനസ് എടുക്കുകയും ആന്‍റിബയോട്ടിക്സ് കഴിക്കുകയും ചെയ്തു.
പക്ഷേ മൂന്നാം ദിവസമായപ്പോഴേക്ക് കാലിന് ഭയങ്കര വേദന അനുഭവപ്പെടാൻ തുടങ്ങി. നടക്കാൻ പോലുമാകാത്ത അവസ്ഥ. മുറിവാണെങ്കില്‍ ഉണങ്ങുകയില്ലെന്നും തോന്നി. അത് പഴുത്തുതുടങ്ങിയിരുന്നു. അങ്ങനെ ഡോണി വീണ്ടും ആശുപത്രിയിലെത്തി. അവിടെ വച്ച് വിശദപരിശോധന നടത്തിയതിന് ശേഷമാണ് സംഭവം മാസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ആക്രമണമാണെന്ന് വ്യക്തമാകുന്നത്.
അതിവേഗം ബാക്ടീരിയകള്‍ ഡോണിയുടെ തുടയിലെ കോശകലകള്‍ ഭക്ഷിക്കാൻ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇ ഭാഗത്തെ മാംസം അത്രയും ഡോക്ടര്‍മാര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. അപ്പോഴും ആശുപത്രിയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തനിക്ക് കാല്‍ വരെ നഷ്ടമായേനെ എന്നാണ് ഡോണി പറയുന്നത്. എന്തായാലും മനുഷ്യൻ കടിച്ച മുറിവിലൂടെയും ഇങ്ങനെയൊരു അപകടകാരിയായ ബാക്ടീരിയയുടെ ആക്രമണമുണ്ടാകുന്നത് ഏറെ ശ്രദ്ധ നല്‍കേണ്ടൊരു സാഹചര്യം തന്നെയാണെന്നാണ് വാര്‍ത്തയോട് പ്രതികരിക്കുന്നവരെല്ലാം പറയുന്നത്.
Also Read:- 'എല്ലാ ദിവസവും ഒരുപോലെ, അതേ ആളുകള്‍- കാഴ്ചകള്‍'; വിചിത്രമായ രോഗാവസ്ഥയുമായി ഒരാള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-