ഇദ്ദേഹത്തിന് വിചിത്രമായ ഒരു രോഗാവസ്ഥയാണ്. അതായത് എല്ലാ ദിവസവും ഇദ്ദേഹത്തിന് ഒരുപോലെ തോന്നും. എല്ലാ രാവിലെകളും ഒരുപോലെ. എല്ലാ പകലുകളും ഒരുപോലെ. ഇന്നലെ പോയ അതേ വഴിയല്ലേ ഇത് എന്ന് ഇന്നും തോന്നും, നാളെയും അങ്ങനെ തന്നെ. ഇദ്ദേഹം തന്‍റെ അവസ്ഥയെ കുറിച്ച് ഡോക്ടര്‍മാരോട് വിശദീകരിച്ചത് എങ്ങനെയെന്ന് കേള്‍ക്കൂ...

നാം വായിച്ചും കേട്ടുമെല്ലാം അറിഞ്ഞിട്ടുള്ള അസുഖങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ നമ്മുടെ അറിവിനും അപ്പുറത്ത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന എത്രയോ പ്രശ്നങ്ങളുണ്ട്. ഇവയില്‍ ചിലതിനെല്ലാം വൈദ്യശാസ്ത്രത്തിന് വരെ ഉത്തരങ്ങള്‍ കണ്ടെത്താനായിട്ടുണ്ടാകില്ല. അത്രയും വിചിത്രമെന്നോ അപൂര്‍വമെന്നോ പറയാവുന്ന പല പ്രശ്നങ്ങളും മനുഷ്യരെ ബാധിക്കാം. 

ഇത്തരത്തിലൊരു കേസിനെ കുറിച്ച് വിശദമായി പങ്കുവച്ചിരിക്കുകയാണ് പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'BMJ Case Reports'. എണ്‍പത് വയസായ ഒരാളാണ് ഈ കേസിലെ രോഗി. 

ഇദ്ദേഹത്തിന് വിചിത്രമായ ഒരു രോഗാവസ്ഥയാണ്. അതായത് എല്ലാ ദിവസവും ഇദ്ദേഹത്തിന് ഒരുപോലെ തോന്നും. എല്ലാ രാവിലെകളും ഒരുപോലെ. എല്ലാ പകലുകളും ഒരുപോലെ. ഇന്നലെ പോയ അതേ വഴിയല്ലേ ഇത് എന്ന് ഇന്നും തോന്നും, നാളെയും അങ്ങനെ തന്നെ. ഇദ്ദേഹം തന്‍റെ അവസ്ഥയെ കുറിച്ച് ഡോക്ടര്‍മാരോട് വിശദീകരിച്ചത് എങ്ങനെയെന്ന് കേള്‍ക്കൂ...

'എല്ലാ ദിവസവും ആവര്‍ത്തനം ആയി വരികയാണ്. ടിവിയില്‍ കാണുന്ന ഷോകള്‍ പോലും. എവിടേക്കെങ്കിലും പോയാല്‍ അതേ ആളുകളെ തന്നെ വീണ്ടും കാണുന്നു. ഒരേ കാറുകള്‍ എന്‍റെ പിന്നില്‍ വരുന്നു. അതിലിരിക്കുന്നവരും പഴയ ആളുകള്‍ തന്നെ. അവരൊക്കെ നേരത്തേ കണ്ടപ്പോള്‍ ധരിച്ച വസ്ത്രം തന്നെയാണ് ധരിച്ചിട്ടുണ്ടാകുക. ഒരേ ബാഗുകള്‍, സംസാരിക്കുമ്പോഴാകട്ടെ പറഞ്ഞത് തന്നെ പറയും. ഒന്നും പുതിയതായിട്ടില്ല...'- അദ്ദേഹം പറഞ്ഞു. 

'ഗ്രൗണ്ട്ഹോഗ് സിൻഡ്രോം', 'ദേജാവു' എന്നെല്ലാം ഇങ്ങനെ സംഭവങ്ങള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതായി തോന്നുന്ന അവസ്ഥയെ പല പേരുകളിലും സൂചിപ്പിക്കപ്പെടാറുണ്ട്. എന്നാലിതൊരു രോഗാവസ്ഥ തന്നെയായി മാറുന്നത് അപൂര്‍വമാണെന്ന് കേസ് സ്റ്റഡി പറയുന്നു. 

ഈ കേസിലെ എണ്‍പതുകാരന് അല്‍ഷിമേഴ്സ് രോഗമുള്ളതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അല്‍ഷിമേഴ്സിനും ഇപ്പറഞ്ഞ രോഗാവസ്ഥയ്ക്കും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഡോക്ടര്‍മാര്‍ക്കായിട്ടില്ല. ഇദ്ദേഹത്തിന് ഓര്‍മ്മപ്രശ്നവും വാക്കുകള്‍ മറന്നുപോകുന്ന പ്രശ്നവുമെല്ലാമുണ്ടത്രേ. 

സാധാരണഗതിയില്‍ 'ദേജാവു' എന്ന് പറയപ്പെടുന്ന അവസ്ഥ അങ്ങനെ ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ടല്ല ഉണ്ടാകുന്നതെന്നും ഇത് സാധാരണ ആളുകളിലും പല സന്ദര്‍ഭങ്ങളിലും കാണുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ സംഭവം നേരത്തേ ഉണ്ടായതാണല്ലോ, ഇത് ഞാൻ മുമ്പെവിടെയോ കണ്ടതാണല്ലോ, അല്ലെങ്കില്‍ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്കറിയാമല്ലോ എന്നൊക്കെയുള്ള തോന്നലുകള്‍ ഉണ്ടായിട്ടില്ലേ? പക്ഷേ ഇദ്ദേഹത്തിന്‍റെ കേസില്‍ എല്ലാ ദിവസവും ഇങ്ങനെയാവുകയാണെന്നാണ് പറയപ്പെടുന്നത്. 

മുമ്പ് ഒരു സൈനികൻ 'സെറിബ്രല്‍ മലേരിയ' എന്ന ഏറെ ഗൗരവമുള്ള അണുബാധ പിടിപെട്ടതിന് പിന്നാലെ ഇതുപോലെ താൻ തന്‍റെ മുഴുവൻ ജീവിതവും നേരത്തെ ജീവിച്ചിട്ടുള്ളതാണ് എന്ന് വിശ്വസിച്ചിരുന്നു. ഇദ്ദേഹത്തെ കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. 'ഗ്രൗണ്ട്ഹോഗ് ഡേ', 'ദ മാപ് ഓഫ് ടൈനി പെര്‍ഫെക്ട് തിംഗ്സ്', 'പാം സ്പ്രിംഗ്സ്' എന്നിങ്ങനെ ചില സിനിമകളിലും ഇതേ പ്രമേയമാണ് വന്നിട്ടുള്ളത്. 

എന്തായാലും വിചിത്രമായ ഈ അവസ്ഥയ്ക്ക് പിറകിലെ ശാസ്ത്രീയസത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഇനി വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതുവരേക്കും ഇതെല്ലാം നിഗൂഢമായ മനുഷ്യാവസ്ഥകളുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടും. 

Also Read:- ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ? ഇതാ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍....

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News