ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

By Web TeamFirst Published Jan 10, 2023, 6:59 PM IST
Highlights

അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.

ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണിത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ വേണം. 

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ശരിയായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഭക്ഷ്യധാന്യങ്ങളോ, ചാ മുഴുധാന്യങ്ങളിളോ കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, ഒമേഗ 3 അടങ്ങിയ ഭക്ഷണവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. 

രണ്ട്...

പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.  സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ്  ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. 

മൂന്ന്...

വെള്ളം ധാരാളം കുടിക്കുക. ഇത് ഹൃദയത്തിന്‍റെയും  ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

പുകവലി ഉപേക്ഷിക്കുക. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും. മദ്യപാനവും കുറയ്ക്കുന്നതാണ് നല്ലത്. 

അഞ്ച്...

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടാം. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ ശ്രമിക്കുക.  

ആറ്...

ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം. വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഏഴ്...

സ്ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം. 

Also Read: അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

click me!