
സാധാരണഗതിയില്‍ മുടി നരച്ചുതുടങ്ങുന്നത് ( Grey Hair ) പ്രായമാകുമ്പോഴാണ്. എന്നാല്‍ ചിലരില്‍ നേരത്തേ തന്നെ നര കയറിത്തുടങ്ങാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളും കാണാം. 'സ്‌ട്രെസ്' ( Mental Stress), വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്ഥ ബാധിക്കുന്നത്, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിങ്ങനെ പോകുന്നു കാരണങ്ങളുടെ പട്ടിക.
ഇതില്‍ ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലം നര കയറുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ പരിഹരിക്കാനും ജീവിതരീതികള്‍ തന്നെ മെച്ചപ്പെടുത്തിയാല്‍ മതിയാകും.
തലയോട്ടിയില്‍ മുടി വളര്‍ന്നുതുടങ്ങുന്ന ഭാഗത്ത് (ഹെയര്‍ ഫോളിക്കിള്‍) കാണപ്പെടുന്ന 'പിഗ്മെന്റ് കോശങ്ങള്‍' ഉത്പാദിപ്പിക്കുന്ന 'മെലാനിന്‍' എന്ന കെമിക്കല്‍ ആണ് മുടിക്ക് കറുപ്പ് നിറം നല്‍കുന്നത്. പ്രായമാകുമ്പോള്‍ ഈ കോശങ്ങള്‍ നശിച്ചുതുടങ്ങുന്നതോടെ മെലാനിന്‍ ഉത്പാദനം കുറയുന്നു. ഇതോടെയാണ് മുടിയില്‍ നര വരുന്നത്. ഈ ഘട്ടത്തില്‍ നമുക്ക് കാര്യമായ പരിഹാരങ്ങളൊന്നും ചെയ്യുക സാധ്യമല്ല.
എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് വില്ലനാകുന്നതെങ്കില്‍ ഒരു പരിധി വരെ ഇതിന് പരിഹാരം കാണാം. ഡയറ്റില്‍ തന്നെ ചിലത് ശ്രദ്ധിക്കാനായാല്‍ ഒരുപക്ഷേ നരയെ പിടിച്ചുകെട്ടാനാകും. മെലാനിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
സിട്രസ് ഫ്രൂട്ട്‌സ് ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. വൈറ്റമിന്‍-ഡി, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍-ഇ, വൈറ്റമിന്‍-എ എന്നിവയുടെ സ്രോതസാണ് സിട്രസ് ഫ്രൂട്ട്‌സ്. ഇവയെല്ലാം മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
രണ്ട്...
ഇലകള്‍ കാര്യമായി അടങ്ങിയ പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്താം. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി, ചീര, ലെറ്റൂസ് എല്ലാം നല്ലത് തന്നെ. ഇവയും മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു.
മൂന്ന്...
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലത് തന്നെ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നു. അതുകൊണ്ട് തന്നെ പിഗ്മെന്റ് കോശങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
നാല്...
ബെറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇവയും ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. സ്‌ട്രോബെറി, രാസ്‌ബെറി, ബ്രൂബെറി എല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു.
ഇനി മെലാനിന്‍ ഉത്പാദനം കുറയാന്‍ ഇടയാക്കുന്ന ചില ഘടകങ്ങള്‍ കൂടി ഒന്നറിയാം.
ഒന്ന്...
അല്‍ട്രാവയലറ്റ് കിരണങ്ങള്‍ കാര്യമായി ഏല്‍ക്കുന്നുവെങ്കില്‍ അത് മെലാനിന്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം. ഇത് ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കാം.
രണ്ട്...
പുകവലിക്കുന്നവരിലും അകാലനര കാണാം. തലയോട്ടിയില്‍ കാര്യമായ രീതിയില്‍ രക്തയോട്ടം നടക്കാതെ വരികയും ഇത് ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും തന്മൂലം മെലാനിന്‍ ഉത്പാദനം കുറയുകയും ചെയ്യാം.
മൂന്ന്...
ആദ്യമേ സൂചിപ്പിച്ചത് പോലെ മാനസിക സമ്മര്‍ദ്ദവും വലിയ അളവില്‍ അകാലനരയ്ക്ക് കാരണമാകുന്നുണ്ട്. ഉത്കണ്ഠ പോലുള്ള മാനസികപ്രശ്‌നങ്ങളും വേഗത്തില്‍ മുടി നരയ്ക്കാന്‍ കാരണമാകുന്നു. സ്‌ട്രെസ്- ഉത്കണ്ഠയെല്ലാം മൂലം ഉറക്കം നഷ്ടമാകുന്നതും വിശപ്പ് കെടുത്തുന്നതും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കുകയാണ് ചെയ്യുന്നത്.
നാല്...
മുടിയുടെ ആരോഗ്യത്തിനും നിറത്തിനും തിളക്കത്തിനുമെല്ലാം വൈറ്റമിനുകള്‍ ആവശ്യമാണല്ലോ. അങ്ങനെയങ്കില്‍ ഈ വൈറ്റമിനുകളുടെ അഭാവം മുടിയെ പ്രതികൂലമായി ബാധിക്കാമല്ലോ. അതെ, വൈറ്റമിനുകളുടെ അഭാവം അകാലനരയ്ക്ക് കാരണമായി വരാം. വൈറ്റമിന്‍ ബി12 കുറയുന്നതാണ് കൂടുതലും നരയ്ക്ക് കാരണമാകുന്നത്.
Also Read:- മുടികൊഴിച്ചിലും താരനും അലട്ടുന്നുണ്ടോ? ഇവ ഉപയോഗിച്ചാൽ മതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam