Bone Health: എല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Sep 27, 2022, 2:36 PM IST
Highlights

എല്ലുകളുടെ ബലത്തിനായി ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും ശീലങ്ങളെ കുറിച്ചുമാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. 

എല്ലുകളുടെ ആരോഗ്യവും ബലവും ഒരാളുടെ ആരോഗ്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതിനാല്‍ ആരോഗ്യപ്രദമായ ഡയറ്റ് എല്ലുകളുടെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്.

എല്ലുകളുടെ ബലത്തിനായി ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും ശീലങ്ങളെ കുറിച്ചുമാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. ചില ഭക്ഷണങ്ങള്‍ കാത്സ്യം ആഗീരണം ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ തടയുമെന്നും അഞ്ജലി മുഖര്‍ജി പറയുന്നു. 

അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ടവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

സോഫ്റ്റ് ഡ്രിങ്ക്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാരയും കഫീനും സോഫ്റ്റ് ഡ്രിങ്ക്സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യം ആഗീരണം ചെയ്യുന്നതില്‍ നിന്ന് തടയുകയും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. 

രണ്ട്...

നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് കോഫി കുടിച്ചുകൊണ്ടാകാം. എന്നാല്‍ കോഫി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്‍പും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും കോഫി നല്ലതല്ല. 

മൂന്ന്...

അനിമല്‍ പ്രോട്ടീന്‍ കൂടുതലടങ്ങിയ ആഹാരം സ്ഥിരമായി കഴിക്കുന്നതും കാത്സ്യം ആഗീരണം ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ തടയും. 

നാല്...

പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും കുറയ്ക്കുന്നതാണ് എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലത്.

അഞ്ച്...

പഞ്ചസാരയുടെയും ഉപ്പിന്‍റെയും അമിത ഉപയോഗവും കുറയ്ക്കുക. അതാണ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്. 


എല്ലുകളുടെ ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കൂടി നോക്കാം... 

1. പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

2. വിറ്റാമിനുകളും ധാതുക്കളും ഫൈബറും ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

3. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, ഇലക്കറികള്‍ എന്നിവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

4. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പോലുള്ള നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

5. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചാള പോലുള്ള മത്സ്യങ്ങളില്‍ ഇവ അടങ്ങിയിരിക്കുന്നു.

Also Read: തൈറോയ്ഡ് ക്യാന്‍സര്‍; അറിഞ്ഞിരിക്കാം ലക്ഷണങ്ങളും ചികിത്സയും...


 

click me!