കൊവിഡിന് ശേഷം അസഹനീയമായ ക്ഷീണമോ? ഈ നാല് കാര്യങ്ങള്‍ ചെയ്തുനോക്കൂ...

By Web TeamFirst Published Sep 27, 2022, 1:38 PM IST
Highlights

രോഗബാധയുണ്ടാകുമ്പോള്‍ പുറത്തുനിന്നെത്തുന്ന രോഗകാരികളെ പോരാടി തോല്‍പിക്കുന്നതിനാല്‍ ശരീരം ക്ഷീണിക്കും. യഥാര്‍ത്ഥത്തില്‍ വൈറസ് അണുബാധകളില്‍ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നത് തന്നെ ഇത്തരത്തിലാണ്. 

കൊവിഡ് 19 രോഗബാധയുണ്ടാകുന്ന സമയത്തെക്കാളുപരി ഇതിന് ശേഷം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് ഏറെ ചര്‍ച്ചകളും. കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് ക്ഷീണം, ശ്വാസതടസം, ചിന്ത- ഓര്‍മ്മ എന്നിവയില്‍ അവ്യക്തത തുടങ്ങി പല പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ലോംഗ് കൊവിഡ് എന്നാണിതിനെ മെഡിക്കലി വിശേഷിപ്പിക്കുന്നത്. 

രോഗബാധയുണ്ടാകുമ്പോള്‍ പുറത്തുനിന്നെത്തുന്ന രോഗകാരികളെ പോരാടി തോല്‍പിക്കുന്നതിനാല്‍ ശരീരം ക്ഷീണിക്കും. യഥാര്‍ത്ഥത്തില്‍ വൈറസ് അണുബാധകളില്‍ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നത് തന്നെ ഇത്തരത്തിലാണ്. 

രോഗബാധയ്ക്ക് ശേഷം ശരീരം അതിനുണ്ടായ നഷ്ടങ്ങളെയെല്ലാം നികത്താൻ ശ്രമിച്ചുതുടങ്ങും. ഇതിന് പക്ഷേ സമയമെടുക്കും. ഈ സമയങ്ങളിലെല്ലാം തളര്‍ച്ച അനുഭവപ്പെടാം. ഇത്തരത്തില്‍ കൊവിഡിന് ശേഷം അനുഭവപ്പെടുന്ന തളര്‍ച്ചയെ മറികടക്കാൻ സഹാകയമായിട്ടുള്ള നാല് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ശരീരത്തെ ആകെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. പ്രധാനമായും ഭക്ഷണത്തെ തന്നെയാണ് ആശ്രയിക്കേണ്ടത്. വിശപ്പില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇടവിട്ട് ചെറിയ അളവിലായി പലവട്ടം ദിവസത്തില്‍ ഭക്ഷണം കഴിക്കുക. ഇതില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.  പാനീയങ്ങളും നല്ലതുപോലെ കഴിക്കുക. ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍- ധാതുക്കള്‍ എല്ലാം ഭക്ഷണത്തിലൂടെ ഉറപ്പിക്കണം. 

ആവശ്യത്തിന് കാര്‍ബും ഈ ഘട്ടത്തില്‍ കഴിത്തണം. കാരണം ഊര്‍ജ്ജം വേണമെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുക തന്നെ വേണം. ചോറ്, ബ്രഡ്, ഉരുളക്കിഴങ്ങ് എല്ലാം ഇത്തരത്തില്‍ കഴിക്കാം. 

പ്രോട്ടീനും നല്ലതുപോലെ എത്തണം. ഇതിന് ചിക്കൻ, ദാല്‍ എല്ലാം കഴിക്കാം. കട്ടത്തൈരും വളരെ നല്ലതാണ്. 

പാനീയങ്ങളാകുമ്പോള്‍ വെള്ളത്തിലുപരി ഇളനീര്‍, ഫ്രഷ് ചെറുനാരങ്ങാ ജ്യൂസ്, മോര് എന്നിവയെല്ലാം നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകളാണ് ക്ഷീണത്തെ മറികടക്കാൻ സഹായിക്കുന്നത്. എന്നാലിവയിലൊന്നും കാര്യമായി ഷുഗര്‍ ചേര്‍ക്കരുത്. 

ഡയറ്റില്‍ നട്ട്സും സീഡ്സും പരിമിതമായ അളവില്‍ ദിവസവും കഴിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്. ബദാം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് രാവിലെ കഴിക്കുന്നതെല്ലാം ഏറെ നല്ലത്.

രണ്ട്...

കൊവിഡിന് ശേഷം ഉടന്‍ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ വര്‍ക്കൗട്ടിലേക്ക് കടക്കേണ്ട. കൊവിഡിന് ശേഷം കുറച്ചുനാള്‍ ലളിതമായ കായികാധ്വാനം മതി. ലഘുവായ നടത്തം, അതും വീട്ടിലോ പരിസരങ്ങളിലോ മതി- ആണ് ഏറ്റവും ഉത്തമം. വ്യായാമം തീരെ ഇല്ലാതിരിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കും. യോഗയും ഈ സമയത്ത് പരിശീലിക്കാവുന്നതാണ്. കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് കടക്കേണ്ട എന്നുമാത്രം. അതിന് അല്‍പം കൂടി കാത്തിരിക്കാം. 

മൂന്ന്...

ഭക്ഷണത്തിനും വ്യായാമത്തിനുമൊപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊരു ഘടകമാണ് ഉറക്കം. ആഴത്തിലുള്ള - കൃത്യമായ ഉറക്കം എല്ലാ ദിവസവും ഉറപ്പാക്കണം. പ്രത്യേകിച്ച് രാത്രിയില്‍ തന്നെ ഉറക്കം ലഭിക്കണം. കൊവിഡിന് ശേഷ ധാരാളം പേര്‍ ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

കാര്യമായ രീതിയിലാണ് ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നതെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട പരിഹാരം തേടാവുന്നതാണ്. 

നാല്...

മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളും ശ്രദ്ധിക്കുന്ന കൂട്ടത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടൊരു കാര്യമാണിനി പങ്കുവയ്ക്കുന്നത്. മനസിന്‍റെ സന്തോഷം ഉറപ്പാക്കല്‍. ഇത് വളരെ പ്രധാനമാണ്. ശരീരം ഒരു രോഗത്തില്‍ നിന്ന് അതിജീവിച്ച് വരാൻ പോലും മനസിന്‍റെ സൗഖ്യം ആവശ്യമാണ്. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും മനസിന് സന്തോഷവും സമാധാനവും നല്‍കുന്ന കാര്യങ്ങളില്‍ മുഴുകാനും സാധിച്ചാല്‍ അത് രോഗമുണ്ടാക്കിയ തളര്‍ച്ചയില്‍ നിന്ന് മറികടക്കാൻ സഹായിക്കും. 

Also Read:- കൊവിഡ് വൈറസിന് സമാനമായി മറ്റൊരു വൈറസ് കൂടി; ഖോസ്ത-2നെ കുറിച്ചറിയാം

click me!