മുലപ്പാൽ കുറവാണോ...? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി

By Web TeamFirst Published May 22, 2021, 9:09 AM IST
Highlights

മുലയൂട്ടുമ്പോൾ നാഡികൾക്കുണ്ടാകുന്ന ഉത്തേജനംകൂടുതൽ പാൽ സ്തനങ്ങളിൽ ഉത്പാദിപ്പിക്കാൻ സഹായകമാകും. മുലപ്പാൽ കുറവുള്ള അമ്മമാർ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. 

മുലയൂട്ടുന്ന അമ്മമാർ അവരുടെ ഭക്ഷണവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. മുലപ്പാൽ കൂടാൻ ഏറ്റവും നല്ല വഴി കുഞ്ഞിന് പാൽ കൊടുക്കുക എന്നത് തന്നെയാണ്. മുലയൂട്ടുമ്പോൾ നാഡികൾക്കുണ്ടാകുന്ന ഉത്തേജനംകൂടുതൽ പാൽ സ്തനങ്ങളിൽ ഉത്പാദിപ്പിക്കാൻ സഹായകമാകും. മുലപ്പാൽ കുറവുള്ള അമ്മമാർ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഉലുവ...

മുലപ്പാൽ വർദ്ധിപ്പിക്കാൻ ഏറ്റവും സഹായകമായ ഒരു ഭക്ഷണമാണ് ഉലുവ. മുലപ്പാൽ കൂട്ടാൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന ഈസ്ട്രജൻ പോലുള്ള സംയുക്തങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നുവെന്ന് പഠനങ്ങളിൽ പറയുന്നു. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

 

 

ഓട്സ്...

ഓട്‌സിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുലയൂട്ടുന്ന അമ്മമാർക്ക് അത്യന്താപേക്ഷിതമാണ്, മാത്രമല്ല മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായകവുമാണ്. പ്രസവശേഷം ഉണ്ടാകുന്ന പ്രമേഹം നിയന്ത്രിക്കാൻ ഓട്സ് ഉത്തമമാണ്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അവ ദഹനത്തിനു നല്ലതാണ്. ഓട്സ് പാൽ ചേർത്തോ അല്ലാതെയോ കഴിക്കാം.

പെരും ജീരകം...

ഉലുവ പോലെ പെരുംജീരകവും മുലപ്പാൽ വർദ്ധിക്കാൻ സഹായകമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി കുതിർത്ത് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക. അൽപ്പം പെരുംജീരകം ഭക്ഷണ ശേഷം വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. പെരുംജീരകത്തിൽ ഈസ്ട്രജൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുലപ്പാൽ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

വെളുത്തുള്ളി...

നിരവധി ഔഷധ ഗുണങ്ങളുള്ള വെളുത്തുള്ളി മുലപ്പാൽ വർധനവിനും സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. മാത്രമല്ല, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ​ഗുണകരമാണ്. 

 

 

ഇലക്കറികൾ...

 ഇരുമ്പ്, കാൽസ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് ഇലക്കറികൾ. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ബീറ്റാകരോട്ടിൻ, റൈബോഫ്ലേവിൻ എന്നിവ മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കും. മുലയൂട്ടുന്ന സ്ത്രീകൾ ദിവസവും ഇലക്കറികൾ ​കഴിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. 

 ബാര്‍ലി...

ബാര്‍ലി മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കോണ്‍ മുലപ്പാല്‍ കൂട്ടാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ഗർഭകാലത്ത് ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

click me!