
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.
കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും.
ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
മുന്തിരി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളിന്‍റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. 'പോളിഫെനോൾസ്' എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്.
രണ്ട്...
പച്ചിലക്കറികള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാന്‍ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ചീര പോലുള്ള ഇലക്കറികള്‍ കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.
മൂന്ന്...
ഓട്മീല്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
നാല്...
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.
അഞ്ച്...
കോഫി ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്. ഒപ്പം കോഫിയില്‍ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാല്‍ ഇവ പല കരള്‍ രോഗങ്ങളെയും തടയാം. മിതമായ അളവില്‍ മാത്രം കോഫി കുടിക്കാനും ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam