പല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍; കഴിക്കേണ്ടവയും...

By Web TeamFirst Published Jul 5, 2021, 3:15 PM IST
Highlights

ചോക്ലേറ്റ് കഴിക്കരുത്, കഴിച്ചാല്‍ പല്ല് ചീത്തയാകും എന്നെല്ലാമുള്ള ഉപദേശങ്ങള്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കേട്ടിട്ടില്ലേ? ഇത് ശരി തന്നെയാണ്. എന്നാല്‍ ചോക്ലേറ്റോ, മധുര പലഹാരങ്ങളോ മാത്രമല്ല പല്ലിനെ നശിപ്പിക്കുന്നത്

ആരോഗ്യമുള്ള ശരീരത്തിന്റെ ഒരു ലക്ഷണമാണ് വൃത്തിയായും മനോഹരമായും ആരോഗ്യത്തോടെയുമിരിക്കുന്ന പല്ലുകള്‍. പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് പതിവായി ശുചിത്വം പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഡയറ്റിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് മിക്കപ്പോഴും പല്ലുകളുടെ ആരോഗ്യത്തെ പ്രാഥമികമായി സ്വാധീനിക്കുന്നത്. അതിനാല്‍ തന്നെ, കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. 

ഒഴിവാക്കേണ്ട ഭക്ഷണം...

ചോക്ലേറ്റ് കഴിക്കരുത്, കഴിച്ചാല്‍ പല്ല് ചീത്തയാകും എന്നെല്ലാമുള്ള ഉപദേശങ്ങള്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കേട്ടിട്ടില്ലേ? ഇത് ശരി തന്നെയാണ്. എന്നാല്‍ ചോക്ലേറ്റോ, മധുര പലഹാരങ്ങളോ മാത്രമല്ല പല്ലിനെ നശിപ്പിക്കുന്നത്. 

പ്രകൃതിദത്തമായി മധുരം അടങ്ങിയ, അതായത് കാര്‍ബോഹൈഡ്രേറ്റ് അധികമായി അടങ്ങിയ ഭക്ഷണവും പല്ലിനെ ക്രമേണ നശിപ്പിക്കുന്നു. പ്രകൃതിദത്തമായ മധുരം എന്ന് പറയുമ്പോള്‍ ഫ്രക്ടോസ്, ലാക്ടോസ്, ഗാലക്ടോസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഇതിനൊപ്പം തന്നെ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വരുന്ന കൃത്രിമമധുരം കൂടിയാകുമ്പോള്‍ പല്ലുകള്‍ക്ക് അത് ഇരട്ടി വെല്ലുവിളിയാകുന്നു. 

 

 

ഈ മധുരങ്ങളെല്ലാം എങ്ങനെയാണ് പല്ലിനെ നശിപ്പിക്കുന്നതെന്ന് അറിയാമോ? അതും വിശദമാക്കാം. വായിലെത്തിയ ശേഷം ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തിലൂടെ, ഇവ പുളിച്ച് ഓര്‍ഗാനിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. പല്ലിന് കാഠിന്യം നല്‍കുന്ന കോശകലകളിലുള്ള 'കാത്സ്യം ഹൈഡ്രോക്‌സി ആപറ്റൈറ്റ്' ഈ ഓര്‍ഗാനിക് ആസിഡില്‍ ലയിച്ചുപോകുന്നു. ക്രമേണ പല്ലുകളില്‍ പോടും, കേടുപാടുകളും രൂപപ്പെടുന്നു. 

മധുരമടങ്ങിയ ഭക്ഷണം മാത്രമല്ല, അസിഡിക് ഭക്ഷണപാനീയങ്ങളും പതിവാക്കുന്നത് പല്ലിന് നല്ലതല്ല. ഇവ പല്ലിന്റെ ഇനാമലിനെ തകര്‍ക്കുന്നു. ഇതോടെ പല്ല് നശിച്ചുപോകാനും വഴിയൊരുങ്ങുന്നു. 

പ്രകടമായി ഒട്ടിപ്പിടിക്കുന്നത് പോലുള്ള ഭക്ഷണങ്ങളും പല്ലിന് അത്ര ആരോഗ്യകരമല്ല. ഇവ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ പല്ലിനെ വൃത്തിയാക്കാനും ആസിഡ് ഘടകങ്ങളെ നിയന്ത്രിച്ചുവയ്ക്കാനും ഉമിനീരിന് സാധിക്കാതെ വരും. ഇതും ക്രമേണ പല്ലുകള്‍ക്ക് കേടുപാട് പറ്റുന്നതിന് കാരണമാകുന്നു.

പല്ലുകളുടെ ആരോഗ്യത്തിന് ചെയ്യേണ്ടത്...

ദിവസം മുഴുവന്‍ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലമാണ് ആദ്യം മാറ്റേണ്ടത്. ഓരോ തവണയും എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോള്‍ വായ കഴുകുക. ഇത് നിര്‍ബന്ധമായും ശീലമാക്കുക. 

 


ആദ്യമേ സൂചിപ്പിച്ചത് പോലെ മധുരം അടങ്ങിയ ഭക്ഷണം, അസിഡിക് ആയ ഭക്ഷണപാനീയങ്ങള്‍ എന്നിവയെല്ലാം കുറയ്ക്കുക. പരമാവധി ഇവ ഒഴിവാക്കുന്നത് തന്നെയാണ് ആകെ ആരോഗ്യത്തിനും നല്ലത്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്തുക. ഇതിലൂടെ പല്ലിന്റെ ആരോഗ്യത്തെ തീര്‍ച്ചയായും മെച്ചപ്പെടുത്തുവാനാകും. 

അതുപോലെ ദഹനസംബന്ധമായ എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കില്‍ അത് ഡോക്ടറെ കണ്ട്, പരിഹരിക്കാന്‍ ശ്രമിക്കുക. ഡയറ്റ് ക്രമീകരിക്കുക. കാരണം ദഹനപ്രശ്‌നങ്ങളുള്ളവരിലും വായയുടെ ആരോഗ്യം മോശമായി വരാറുണ്ട്.

Also Read:- ബീറ്റ്റൂട്ട് ഇരിപ്പുണ്ടോ...? ലിപ് ബാം വീട്ടിൽ തന്നെ തയ്യാറാക്കാം

click me!