
മുഖസൗന്ദര്യത്തിന് കോട്ടം പറ്റുന്നത് ആര്‍ക്കായാലും ദുഖമുണ്ടാക്കുന്നതാണ്. വെയില്‍, ചൂട്, മാലിന്യം, മോശം ഡയറ്റ്, സ്ട്രെസ്, ഉറക്കമില്ലായ്മ, വിവിധ അസുഖങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം എന്നിങ്ങനെ പല ഘടകങ്ങളും മുഖചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്.
മുഖചര്‍മ്മത്തിന് കേടുപാടുകളേല്‍ക്കുന്നത് തടയാനോ, അല്ലെങ്കില്‍ കേടുപാടുകള്‍ പരിഹരിക്കാനോ വലിയൊരു അളവ് വരെ നമ്മുടെ ഡയറ്റ് നമ്മെ സഹായിക്കാം. അത്തരത്തില്‍ മുഖചര്‍മ്മം അഴകുറ്റതും തിളക്കവും വൃത്തിയുമുള്ളതുമാക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പച്ചക്കറികളും പഴങ്ങളും പാലും അടക്കം പല വിഭവങ്ങളും ഇക്കൂട്ടത്തില്‍ വരുന്നു.
ഒന്ന്...
മുഖചര്‍മ്മം ഭംഗിയായിരിക്കാൻ നാം ഭക്ഷണത്തിലൂടെ ഏറ്റവുമധികം ഉറപ്പുവരുത്തേണ്ടൊരു ഘടകം വൈറ്റമിൻ-സിയാണ്. മുഖചര്‍മ്മത്തിലെ കോശങ്ങള്‍ കേടാകുന്നത് തടയുന്നതിനും പ്രായം തോന്നിക്കുന്നതിനെ ചെറുക്കുന്നതിനുമെല്ലാം വൈറ്റമിൻ സി അവശ്യം വേണം.
ഓറഞ്ച്, മുസമ്പി പോലുള്ള സിട്രസ് പഴങ്ങള്‍, പേരക്ക, ബ്രൊക്കോളി, ക്യാപ്സിക്കം, പപ്പായ എന്നിവയെല്ലാം വൈറ്റമിൻ-സിക്കായി കഴിക്കാവുന്നതാണ്. കഴിക്കല്‍ മാത്രമല്ല, ഇവയുപയോഗിച്ച് മുഖം സ്ക്രബ് ചെയ്യുകയോ മാസ്ക് തയ്യാറാക്കി ഇടുകയോ എല്ലാം ചെയ്യാം.
രണ്ട്...
വൈറ്റമിൻ- ഇയും മുഖസൗന്ദര്യത്തിനായി അവശ്യം ഭക്ഷണത്തിലൂടെ നേടേണ്ട ഘടകമാണ്. ബദാം, സൂര്യകാന്തി വിത്ത്, സാഫ്ളോര്‍ ഓയില്‍, കപ്പലണ്ടി എന്നിവയെല്ലാം വൈറ്റമിൻ-ഇയുടെ നല്ല ഉറവിടങ്ങളാണ്.
മൂന്ന്...
ചുവപ്പും പിങ്കും നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും കാര്യമായ അളവില്‍ കാണപ്പെടുന്ന 'ലൈസോപീൻ' എന്ന ഘടകമാണ് അടുത്തതായി മുഖചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്തുന്നതിനായി ഉറപ്പാക്കേണ്ടത്. തക്കാളി, ആപ്രിക്കോട്ട്, പപ്പായ, മുന്തിരി, പീച്ച്, തണ്ണിമത്തൻ, ക്രാൻബെറി എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. തക്കാളി മുഖത്ത് അരച്ച് ഇടുന്നതും നല്ലതാണ്.
നാല്...
മുഖചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് ഒഴിവാക്കാനും പ്രായം തോന്നിക്കുന്നത് ചെറുക്കാനുമെല്ലാം 'റെറ്റിനോള്‍' എന്ന ഘടകം ഉറപ്പുവരുത്തണം. പാല്‍, ചീസ്, യോഗര്‍ട്ട്, ഫോര്‍ട്ടിഫൈഡ് ഫുഡ് എന്നിവയെല്ലാമാണ് ഇതിന്‍റെ സ്രോതസുകള്‍.
അഞ്ച്...
'കുര്‍ക്കുമിൻ' എന്നത് മിക്കവരും കേട്ടിരിക്കും. മഞ്ഞളിലാണ് 'കുര്‍ക്കുമിൻ' കാര്യമായി അടങ്ങിയിട്ടുള്ളത്. ഇതും മുഖചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്താനോ കൂട്ടാനോ എല്ലാം സഹായികമായിട്ടുള്ള ഘടകമാണ്. ഇതിനായി ഹല്‍ദി തയ്യാറാക്കി കഴിക്കാവുന്നതാണ്. അതായത് മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത്. അതല്ലെങ്കില്‍ ചെറിയ ചൂടുവെള്ളത്തില്‍ അല്‍പം മഞ്ഞള്‍ കലര്‍ത്തി കഴിക്കുന്നതും നല്ലതാണ്.
Also Read:- ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍ അറിയാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam