
ശരീരം 'ഫിറ്റ്' ആയിരിക്കണമെന്ന് ( Fitness Goal ) ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാല്‍ ഫിറ്റ്‌നസിന് വേണ്ടി പ്രയത്‌നിക്കാന്‍ പലര്‍ക്കും മടിയാണ്. ഡയറ്റും (Diet and Workout ) വര്‍ക്കൗട്ടും ഒരുപോലെ കൊണ്ടുപോയാല്‍ മാത്രമേ ശരീരം 'ബാലന്‍സ്ഡ്' ആയ രീതിയില്‍ 'ഫിറ്റ്' ആയിരിക്കൂ.
എന്തായാലും ആകെ ശരീരത്തിന്റെ വണ്ണം കുറയ്ക്കുന്നത് പോലെയല്ല, വയറ് മാത്രം കുറയ്ക്കുന്നത്. മിക്കവരും എപ്പോഴും പരാതിപ്പെടുന്നൊരു പ്രശ്‌നമാണിത്. എന്ത് ചെയ്തിട്ടും വയറ് കുറയുന്നില്ല എന്നത്. വയറ് കുറയാന്‍ പ്രത്യേകമായ വ്യായാമമുറകളുണ്ട്. ഇത്, അറിയാവുന്നവരോട് വേണ്ട നിര്‍ദേശങ്ങള്‍ ആരാഞ്ഞ ശേഷം പതിവായി ചെയ്യാവുന്നതാണ്.
ഒപ്പം തന്നെ ഡയറ്റിലും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, അവയുടെ അളവ്, കഴിക്കുന്ന സമയം എല്ലം ശ്രദ്ധിക്കാം. ഇത്തരത്തില്‍ വയറ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ പല ഭക്ഷണങ്ങളുമുണ്ട്. അങ്ങനെ ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്ന നാല് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
യോഗര്‍ട്ടാണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. ഇതിനൊപ്പം ഫ്രൂട്ട്‌സോ നട്ട്‌സോ കൂടി ചേര്‍ത്ത് കഴിക്കാവുന്നതാണ്. പല പഠനങ്ങളും നേരത്തെ തന്നെ യോഗര്‍ട്ട് വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍ പുറത്ത് നിന്ന് 'റെഡിമെയ്ഡ്' ആയി വാങ്ങുന്ന യോഗര്‍ട്ട് അത്ര ഉചിതമല്ല.
രണ്ട്...
നമ്മുടെ പ്രഭാതഭക്ഷണങ്ങളുടെ പട്ടികയില്‍ ആദ്യം വരുന്ന ഏതാനും വിഭവങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഉപ്പുമാവ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം തന്നെയാണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്.
മൂന്ന്...
മിക്ക വീടുകളിലും ബ്രേക്ക്ഫാസ്റ്റിനൊപ്പം കാണുന്നതാണ് മുട്ട. പുഴുങ്ങിയതോ, ഓംലെറ്റോ, ബുള്‍സൈയോ എല്ലാമായി മുട്ട തീന്‍മേശയില്‍ നിര്‍ബന്ധമാണ്. മുട്ടയും വയറ് കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് നല്ല തെരഞ്ഞെടുപ്പാണ്.
കാര്‍ബും ഫാറ്റും കുറവാണ് എന്നതിനാലും വിശപ്പ് പെട്ടെന്ന് ഒതുക്കാന്‍ സഹായിക്കുമെന്നതിനാലുാമണ് മുട്ട അനുയോജ്യമായ വിഭവമാകുന്നത്.
നാല്...
രാവിലെ ഓട്‌സ് കഴിച്ചുകൊണ്ട് ദിവസം തുടങ്ങുന്നവര്‍ ഏറെയാണ്. എളുപ്പത്തില്‍ തയ്യാറാക്കാമെന്നതിലാണ് അധികപേരും ഇത്
തെരഞ്ഞെടുക്കുന്നത്. എന്നാല്‍ വളരെയധികം ആരോഗ്യഗുണങ്ങളും ഓട്‌സിനുണ്ട്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഇത് അനുയോജ്യമായി വരുന്നത്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്‌സ്, അതുപോലെ തന്നെ ഫാറ്റ് ഇല്ലതാനും. ഇതാണ് ഓട്‌സിനെ നല്ലൊരു തെരഞ്ഞെടുപ്പാകുന്നത്.
Also Read:- വിറ്റാമിന്‍ ഡിയുടെ അഭാവം ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമോ? പഠനം പറയുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam