
മത്സരാധിഷ്ഠിതമായ ഇന്നത്തെ ലോകത്ത് അധികപേര്‍ക്കും ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂറും തികയുന്നില്ല എന്നതാണ് എല്ലായ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന പരാതി.
ജോലിയും വീട്ടിലെ കാര്യങ്ങളും മറ്റ് വ്യക്തിപരമായ കാര്യങ്ങളും കൂടിയാകുമ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ലെന്നാണ് മിക്കവരും പരാതിപ്പെടാറ്. അതുകൊണ്ട് തന്നെ ഇന്ന് സ്വന്തമായി പാചകം ചെയ്ത് ഭക്ഷണം കഴിക്കുന്നവര്‍ കുറഞ്ഞുവരികയാണ്. ഒന്നുകില്‍ ഹോട്ടല്‍ ഭക്ഷണങ്ങളെ ആശ്രയിക്കും, അതല്ലെങ്കില്‍ മറ്റുള്ളവര്‍ പാകം ചെയ്യുന്നത് കഴിക്കും. ഇതാണ് അധികപേരുടെയും രീതി. ഭൂരിഭാഗം പേരും ഹോട്ടല്‍ ഭക്ഷണത്തെ തന്നെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ സ്വന്തമായി പാചകം ചെയ്ത് കഴിക്കുന്നത് കൊണ്ട് ചില ഗുണങ്ങള്‍ വ്യക്തികള്‍ക്കുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ പാചകം ചെയ്ത് കഴിക്കുന്നത് മനസിനെ എത്തരത്തിലെല്ലാം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഇനി വിശദമാക്കുന്നത്.
രുചിയോര്‍മ്മയിലേക്ക്...
ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്നത് രുചിയുമായി ബന്ധപ്പെട്ട ഓര്‍മ്മശക്തിയെ കൂടുതല്‍ സജീവമാക്കും. തയ്യാറാക്കാൻ പോകുന്ന വിഭവത്തിന്‍റെ രുചിയെ കുറിച്ച് ആദ്യമേ ചില സങ്കല്‍പങ്ങള്‍ തലച്ചോറിലുണ്ടാകാം. ഇത് ഭക്ഷണം നല്ലരീതിയില്‍ ആസ്വദിക്കുന്നതിനും ആരോഗ്യപരമായി ഭക്ഷണത്തെ അനുഭവിക്കുന്നതിനുമെല്ലാം സഹായിക്കുന്നു.
കഴിവുകള്‍ മെച്ചപ്പെടുത്താൻ...
തലച്ചോറിന്‍റെ ആജ്ഞയ്ക്ക് അനുസരിച്ച് നമ്മുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കുമ്പോഴാണല്ലോ അതിന് പ്രായോഗികതലത്തില്‍ നല്ലൊരു ഫലമുണ്ടാകുന്നത്. പാചകം ചെയ്യുന്നവരെ സംബന്ധിച്ച് വിവിധ ജോലികള്‍ ചെയ്തുചെയ്ത് അവരില്‍ ഈ കഴിവ് മെച്ചപ്പെട്ടിരിക്കും. ചടുലത, ഒന്നിച്ച് പല കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള നൈപുണ്യം, ഓര്‍മ്മശക്തി, കൈകളും- കണ്ണുകളും എല്ലാം ഒരുപോലെ തലച്ചോറിന്‍റെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്‍റെ വേഗതയും കൃത്യതയുമെല്ലാം മെച്ചപ്പെടുത്താൻ പാചകം സഹായിക്കും. എപ്പോഴും ഉത്സാഹത്തോടെ തുടരുന്നതിനും ഇത് നല്ലൊരു കാരണമാകും.
ധ്യാനത്തിന് പകരം...
ധാരാളം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഇന്ന് അധികവും. ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും കുറയ്ക്കാനും മനസിനെ ഒന്ന് അയച്ചുവിടാനുമെല്ലാം ഒരു ധ്യാനം പോലെ പാചകം സഹായിക്കാം. എന്നാല്‍ തിരക്കിട്ടുള്ള - സമ്മര്‍ദ്ദത്തിലുള്ള പാചകത്തിന് ഈ ഫലം നല്‍കാൻ സാധിക്കണമെന്നില്ല.
ശ്രദ്ധ കൂട്ടാൻ...
ഏത് കാര്യം ചെയ്യുമ്പോഴായാലും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കണമല്ലോ. ഇതിനൊരു നല്ല പരിശീലനം കൂടിയാണ് പാചകം ചെയ്യല്‍. ശ്രദ്ധ തെറ്റിയാല്‍ ഒരുപാട് അബദ്ധങ്ങള്‍ അടുക്കളയില്‍ സംഭവിക്കാം. അതിനാല്‍ എത്ര ശ്രദ്ധ കുറഞ്ഞവരായാലും കുറഞ്ഞ അളവില്‍ മനസിനെ കേന്ദ്രീകരിക്കാൻ അവര്‍ ശ്രമിക്കുന്നു. ഇതുവഴി ശ്രദ്ധ പിടിച്ചുനിര്‍ത്താൻ നല്ലൊരു പരിശീലനമാകുന്നു.
Also Read:- വെളുത്തുള്ളി കേടാകാതിരിക്കാനും ജോലികള്‍ ഈസിയാക്കാനും ഇതാ ഒരു കിടിലൻ പൊടിക്കൈ!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam