ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ അറിയാതെ പോകുന്ന നാല് ലൈംഗികരോഗങ്ങള്‍...

By Web TeamFirst Published Nov 7, 2022, 10:23 PM IST
Highlights

സ്ത്രീകളെയോ പുരുഷന്മാരെയോ ചെറുപ്പക്കാരെയോ മദ്ധ്യവയസ്കരെയോ പ്രായമായവരെയോ എല്ലാം എസ് ടി ഐ ബാധിക്കാം. ലൈംഗികമായി സജീവമായിരിക്കുകയും സുരക്ഷിതമല്ലാത്ത സെക്സിലേര്‍പ്പെടുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും എസ് ടി ഐയെകുറിച്ച് അറിവ് നേടുകയും ഇതിനുള്ള പരിശോധനകള്‍ തുടര്‍ച്ചയായി ചെയ്യുകയും വേണം

ലൈംഗികരോഗങ്ങള്‍ അഥവാ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻസ് (എസ് ടി ഐ) ഏത് പ്രായത്തിലും ആരെ വേണമെങ്കിലും പിടികൂടാം. ഇതില്‍ ഒരേയൊരു കാര്യമേ ബാധകമായി വരൂ. സ്വാഭാവികമായും ലൈംഗികമായി സജീവമാണ് എന്ന ഒരൊറ്റ ഘടകം. 

സ്ത്രീകളെയോ പുരുഷന്മാരെയോ ചെറുപ്പക്കാരെയോ മദ്ധ്യവയസ്കരെയോ പ്രായമായവരെയോ എല്ലാം എസ് ടി ഐ ബാധിക്കാം. ലൈംഗികമായി സജീവമായിരിക്കുകയും സുരക്ഷിതമല്ലാത്ത സെക്സിലേര്‍പ്പെടുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും എസ് ടി ഐയെകുറിച്ച് അറിവ് നേടുകയും ഇതിനുള്ള പരിശോധനകള്‍ തുടര്‍ച്ചയായി ചെയ്യുകയും വേണം. കാരണം പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് മൂലമോ, ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പതിയാത്തത് മൂലമോ ലൈംഗികരോഗങ്ങള്‍ അറിയാതെ പോകാം.

അത്തരത്തില്‍ അറിയാതെ പോകാൻ സാധ്യതയുള്ള, ഏറ്റവും പ്രധാനപ്പെട്ട നാല് ലൈംഗികരോഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

സിഫിലിസിനെ കുറിച്ചാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമാദ്യം പറയാനുള്ളത്. പലരിലും സിഫിലിസ് ദീര്‍ഘകാലം കിടക്കുകയും രോഗം വല്ലാതെ ബാധിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രം ലക്ഷണങ്ങള്‍ പുറത്തുകാണിക്കുകയും ചെയ്യാം. ഇത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. ലൈംഗികമായി സജീവമായ, സുരക്ഷിതമല്ലാതെ സെക്സിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് വിധേയരാവുകയെന്നതാണ് ഇതിനെ ചെറുക്കാനുള്ള ഏകമാര്‍ഗം.

രണ്ട്...

ക്ലമീഡിയ എന്ന ലൈംഗികരോഗത്തെ കുറിച്ച് പലരും കേട്ടിരിക്കും. ക്ലമീഡിയ ട്രക്കോമാറ്റിസ് എന്ന ബാക്ടീരിയ ആണീ രോഗമുണ്ടാക്കുന്നത്. യോനീസ്രവത്തിലൂടെയോ ശുക്ലത്തിലൂടെയോ വായിലൂടെയോ എല്ലാം ഇത് പകരാം. ചിലരില്‍, പ്രത്യേകിച്ച് പുരുഷന്മാരില്‍ വര്‍ഷങ്ങളോളം ക്സമീഡിയ ഉള്ളതായി അറിയാൻ സാധിക്കാതെ പോകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗം ബാധിച്ച് 1-3 ആഴ്ചയ്ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാവുകയും പിന്നീടിത് പോവുകയും ചെയ്യാം. ഇതോടെ രോഗം കണ്ടെത്തപ്പെടാതെ പോവാം. 

മൂന്ന്...

ഗൊണേറിയ എന്ന രോഗത്തെ കുറിച്ചും മിക്കവരും കേട്ടിരിക്കും. ലൈംഗികരോഗങ്ങളില്‍ തന്നെ വളരെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നൊരു രോഗമാണിത്. ഇതും ലക്ഷണങ്ങള്‍ പ്രകടമാകാതെ പോകുന്നതിനാല്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ശ്രദ്ധിക്കും വിധം പ്രകടമാകാതെ പോകുന്നതിനാല്‍ കണ്ടെത്തപ്പെടാതെ പോകാവുന്ന രോഗമാണ്.

രോഗം ബാധിച്ച് 2-7 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ വരാം. ചില സന്ദര്‍ഭങ്ങളില്‍ മുപ്പത് ദിവസം, അതായത് ഒരു മാസം വരെയും ലക്ഷണങ്ങള്‍ കാണാൻ എടുക്കാം. എന്നാല്‍ 10-15 ശതമാനം പുരുഷന്മാരിലും 80 ശതമാനം സ്ത്രീകളിലും ഇതില്‍ ലക്ഷണങ്ങള്‍ അങ്ങനെ കാണപ്പെടുകയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

നാല്...

'മൈക്രോപ്ലാസ്മ ജെനിറ്റാലിയം' എന്ന ബാക്ടീരിയല്‍ ഇൻഫെക്ഷനും ഇത്തരത്തില്‍ അറിയപ്പെടാതെ പോകാം. അധികവും സ്ത്രീകളിലാണത്രേ ഇത് പ്രകടമാകാതെ പോവുക. രോഗാം ബാധിച്ച് 1-3 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകേണ്ടതാണ്. എന്നാലിങ്ങനെ സംഭവിക്കാത്തത് മൂലം വര്‍ഷങ്ങളോളം ഇതുമായി ജീവിക്കുന്നവരുണ്ടെന്നാണ് യുഎസിലെ 'സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവൻഷൻ' ചൂണ്ടിക്കാട്ടുന്നത്. 

Also Read:- കൗമാരപ്രായത്തിലുള്ള മക്കളുമായി 'സെക്സ്' സംസാരിക്കേണ്ടത് എങ്ങനെ?

click me!