
പ്രമേഹരോഗം അഥവാ ഷുഗര്‍ എന്താണെന്ന് ഏവര്‍ക്കുമറിയാം. ഒരു ജീവിതശൈലീരോഗമായി കണക്കാക്കപ്പെടുന്ന പ്രമേഹം പ്രധാനമായും ജീവിതരീതികളിലൂടെ തന്നെയാണ് നിയന്ത്രിച്ച് കൊണ്ടുപോകേണ്ടത്. ഇതില്‍ തന്നെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണെന്നും നമുക്കറിയാം.
എന്നാല്‍ നിത്യജീവിതത്തിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഷുഗര്‍ വീണ്ടും ഉയരാൻ അവ ഇടയാക്കും. ഇക്കാര്യങ്ങളില്‍ പലതും കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കൊരുപക്ഷെ അത്ഭുതം തോന്നാം. ഇവയെല്ലാം ഷുഗര്‍ കൂട്ടുമോ എന്ന സംശയവും വരാം. ഏതെല്ലാമാണ് ഇത്തരത്തില്‍ ഷുഗര്‍ കൂടാൻ കാരണമാകുന്ന കാര്യങ്ങളെന്ന് പരിശോധിച്ചുനോക്കാം...
ഒന്ന്...
പ്രഭാതഭക്ഷണം അഥവാ ബ്രേക്ക്ഫാസ്റ്റ് നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ഷുഗര്‍ കൂട്ടാൻ ഇടയാക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമെല്ലാം ശേഷം ഇത് ഷുഗര്‍ കൂട്ടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും സമയത്തിന് ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക.
രണ്ട്...
ആരും അത്ര പെട്ടെന്ന് ചിന്തിക്കാത്തൊരു കാരണമാണ് ഇനി പങ്കുവയ്ക്കുന്നത്. ചൂട് കൂടുതലുള്ള കാലാവസ്ഥയില്‍ സൂര്യതപമേല്‍ക്കാറുണ്ട്, അല്ലേ? ഇതും ഷുഗര്‍ കൂട്ടുമത്രേ. സൂര്യതപം മൂലമുണ്ടാകുന്ന സ്ട്രെസ് ആണത്രേ ഇതിലേക്ക് നയിക്കുന്നത്.
മൂന്ന്...
കാപ്പി കഴിക്കുന്നത് ഷുഗര്‍ കൂട്ടണമെങ്കില്‍ അതില്‍ പഞ്ചസാര ചേര്‍ക്കണമല്ലോ. ഇങ്ങനെ ആയിരിക്കും മിക്കവരും ചിന്തിക്കുക. എന്നാല്‍ ചിലരില്‍ കാപ്പി മാത്രം തന്നെ, അതായത് കഫീൻ തന്നെ ഷുഗര്‍ കൂട്ടുമത്രേ. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഷുഗര്‍ കൂടുതലുള്ളവരാണിത് നോക്കേണ്ടത്.
നാല്...
ഉറക്കം പതിവായി ശരിയാകുന്നില്ലെങ്കില്‍ ഇതും ഷുഗര്‍ വര്‍ധിപ്പിക്കാം. ഉറക്കപ്രശ്നം ശരീരത്തിലുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഷുഗര്‍ കൂട്ടുന്നത്.
അഞ്ച്...
ചിലരില്‍ പുലര്‍ച്ചെ ഏതാനും മണിക്കൂറുകളിലേക്ക് മാത്രമായി ഷുഗര്‍ കൂടുന്ന പ്രതിഭാസം കാണാറുണ്ട്. 2.00 മണി മുതല്‍ 8.00 മണി വരെയാണത്രേ ഇതിന്‍റെ സമയം. ഇതും ഈ മണിക്കൂറുകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ഭാഗമായാണ് സംഭവിക്കുന്നത്.
ആറ്...
മോണരോഗവും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോയെന്നത് മിക്കവരിലുമുള്ള സംശയമാണ്. കാരണം ഇത്തരത്തിലുള്ള വാദം നിങ്ങള്‍ പലയിടത്തും കേട്ടുകാണും. യഥാര്‍ത്ഥത്തില്‍ ഈ വാദത്തില്‍ കഴമ്പുണ്ട്. 'അമേരിക്കൻ ഡെന്‍റല്‍ അസോസിയേഷ'ന്‍റെ ഒരു ലേഖനത്തില്‍ പറയുന്നത് പ്രകാരം മോണരോഗം ഒരു വ്യക്തിയില്‍ ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിക്കാം. 'പീരിയോഡോന്‍റൈറ്റിസ്' എന്ന ഗൗരവമുള്ള മോണരോഗമാണെങ്കില്‍ ഈ സാധ്യത നല്ലരീതിയില്‍ കൂടുമത്രേ.
ഏഴ്...
നമ്മള്‍ ദിവസവും കുടിക്കേണ്ട വെള്ളത്തിന് ഒരളവുണ്ട്. ഇതില്‍ കുറവ് സംഭവിച്ചാല്‍ അത് നിര്‍ജലീകരണത്തിലേക്ക് നയിക്കാം. നിര്‍ജലീകരണവും ഷുഗര്‍ വര്‍ധിപ്പിക്കാൻ ഇടയാക്കും.
എട്ട്...
കൃത്രിമമധുരം കഴിക്കുന്നതും ഷുഗര്‍ കൂട്ടും. റിഫൈൻഡ് ഷുഗറിനെക്കാള്‍ നല്ലതാണ് എന്ന വാദത്തോടെയാണ് പലരും ആര്‍ട്ടിഫിഷ്യല്‍ ഷുഗര്‍ ഉപയോഗിക്കുന്നത്. എന്നാലിതും പ്രമേഹമുള്ളവര്‍ക്ക് നല്ലതല്ലെന്ന് മനസിലാക്കുക.
Also Read:- പ്രമേഹരോഗികള്‍ക്ക് ഗുണകരമാകുന്ന, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന അഞ്ച് സൂപ്പുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam