
നമ്മുടെ കുട്ടികൾക്ക് പുറത്തിറങ്ങി സ്വൈര്യമായി വിഹരിക്കാനാവാതെയായിട്ട് ഇപ്പോൾ മാസം നാലു പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗണിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവും അധികം ബാധിക്കുന്നതും നമ്മുടെ കുഞ്ഞുങ്ങളെത്തന്നെ ആയിരിക്കണം. അതേപ്പറ്റി ഇതുവരെ വേണ്ടത്ര ഗവേഷണങ്ങൾ ഒരു സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വളരെ അസ്വാഭാവികമായ ലോക്ക് ഡൗൺ എന്ന ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ കുട്ടികളെ എങ്ങനെ സഹായിക്കണം എന്ന് നമുക്ക് വേണ്ടത്ര നിശ്ചയമില്ല. വരുമാനനഷ്ടവും, ജോലിയിലെ സംഘർഷങ്ങളും അച്ഛനമ്മമാരിൽ ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം പലപ്പോഴും കുട്ടികളോടുള്ള ദേഷ്യമായിട്ടാവും താഴേക്ക് കൈമാറപ്പെടുന്നത്. അല്ലെങ്കിൽ തന്നെ സ്വന്തം സ്വാതന്ത്ര്യത്തിൽ വന്ന കുറവുകൊണ്ടും പഠനത്തിന്റെ ഭാവിയെച്ചൊല്ലിയുള്ള ആശങ്കകളും മഥിച്ചുകൊണ്ടിരിക്കുന്ന ആ പിഞ്ചുമനസ്സുകളിൽ സ്വാഭാവികമായും വലിയ ചുഴലിക്കാറ്റുകൾ വീശുന്ന കാലമായിരിക്കും ഈ കൊറോണക്കാലം.
ലോക്ക് ഡൗൺ കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റി രാജ്യത്ത് നടന്ന ആദ്യ പഠനങ്ങളിൽ ഒന്ന് ജയ്‌പൂരിലെ ജെകെ ലോൺ ആശുപത്രിയിലെ ഡോക്ടർമാരുടേതാണ്. 203 കുട്ടികളിൽ അവർ നടത്തിയ വിശദമായ പഠനം ഇതേപ്പറ്റി വളരെ പ്രസക്തമായ പല കണ്ടെത്തലുകളിലേക്കും നമ്മെ നയിച്ചിരിക്കുകയാണ്. ആശുപത്രിയുടെ ശിശുരോഗ വിദഗ്ധനും പീഡിയാട്രിക്സ് വിഭാഗം മേധാവിയുമായ ഡോ. അശോക് ഗുപ്തയാണ് ഇത്തരത്തിൽ ഒരു പാദനത്തെക്കുറിച്ച് ആദ്യമായി ആലോചിച്ചതും അത് സാക്ഷാത്കരിക്കാൻ മുൻകൈ എടുത്തതും. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആശുപത്രിയിലെ പീഡിയാട്രിക്സ് സ്പെഷ്യലിസ്റ്റുകളായ ഡോ. രമേശ് ചൗധരി, ഡോ. ധനരാജ് ബാഗ്രി, ഡോ. കമലേഷ് അഗർവാൾ, ഡോ. വിവേക് അത്‌വാനി, ഡോ. അനിൽ ശർമ്മ എന്നിവർ ചേർന്നാണ് പഠനം പൂർത്തിയാക്കിയത്.
ലോക്ക് ഡൗൺ കാലയളവിനിടെ പഠനത്തിന് വിധേയനാക്കിയ കുട്ടികളിൽ 65.2 ശതമാനത്തിനും ശാരീരികമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 23.40% പേരുടെ ശരീരഭാരം വർധിച്ചു. 26.90% പേർക്ക് തലവേദന, അകാരണമായ ശുണ്ഠി എന്നിവ അനുഭവപ്പെട്ടു. 22.40% പേർക്ക് കണ്ണുവേദന, ചൊറിച്ചിൽ എന്നിവ ഉണ്ടായി. ലോക്ക് ഡൗൺ കാലത്ത് പതിവിൽ കവിഞ്ഞ് സ്മാർട്ട് ഫോൺ സ്‌ക്രീനിലേക്ക് തുറിച്ചു നോക്കിയിരുന്ന ആ കുട്ടികളിൽ 70.70% പേർക്കും അകാരണമായി കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. അവരിൽ പെരുമാറ്റ വൈകല്യങ്ങളും കാണാൻ തുടങ്ങി. 23.90% പേര് ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുമ്പുവരെ നിത്യവും ചെയ്തിരുന്ന പല പണികളും ചെയ്യാൻ മടി കാണിച്ചു തുടങ്ങി. 20.90 ശതമാനം പേരിലും അശ്രദ്ധ കണ്ടുതുടങ്ങി. 36.80 ശതമാനം പേർ പതിവിലും അഹങ്കാരത്തോടെ പ്രതികരിക്കാൻ തുടങ്ങി. 17.40% പേരിൽ അറ്റെൻഷൻ സ്പാൻ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ലോക്ക് ഡൗൺ കാലത്ത് കുട്ടികളുടെ സ്മാർട്ട് സ്‌ക്രീൻ ഉപഭോഗം രണ്ടുമുതൽ മൂന്നുമടങ്ങു വരെയായി വർധിച്ചു എന്നാണ് കണ്ടെത്തൽ. അതായത് ദിവസേന ഒന്ന് മുതൽ രണ്ടു മണിക്കൂർ വരെ എന്നതിൽ നിന്ന് ഏതാണ്ട് അഞ്ചുമണിക്കൂർ വരെ ആയി അത് വർധിച്ചിട്ടുണ്ട്. ഈ സ്മാർട്ട് സ്‌ക്രീൻ ഉപഭോഗം വർധിച്ചതിന് ആനുപാതികമായി അവരുടെ ശാരീരിക അധ്വാനവും കുറഞ്ഞിട്ടുണ്ട്.
കുട്ടികളിൽ പകുതിയും ഇപ്പോൾ, ഉറങ്ങാൻ കിടന്ന് ഇരുപതു മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നേരം കഴിഞ്ഞാണ് ഉറക്കം പിടിക്കുന്നത്. 17% കുട്ടികൾ ഉറക്കത്തിനിടെ ഉണരുന്നു. അവർ പിന്നെയും ഉറക്കം പിടിക്കാൻ ചുരുങ്ങിയത് അരമണിക്കൂർ നേരമെങ്കിലും പിടിക്കുന്നുണ്ട്. പകൽ പലർക്കും ഉറക്ക ക്ഷീണം, തലവേദന, അസ്വസ്ഥത, ശരീരഭാരവർധന, പുറം വേദന എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പലരും ടോയ്‌ലെറ്റിൽ പോകുന്നത് പോലും ഇപ്പോൾ അസമയങ്ങളിൽ ആയിട്ടുണ്ട്.
മൂന്നിൽ രണ്ടു ഭാഗം കുട്ടികളുടെയും അച്ഛനമ്മമാർ, ലോക്ക് ഡൗൺ പുരൊഗമിക്കെ, തങ്ങളുടെ കുട്ടികളുടെ സ്വഭാവം മോശമായി എന്ന് പരാതി പറഞ്ഞു. പലരിലും അകാരണമായ ദേഷ്യവും, ചെറിയ കാര്യങ്ങൾക്ക് പോലും ഒച്ചവെക്കുന്ന ശീലവും, സഹോദരങ്ങൾ തമ്മിൽ നിസ്സാരമായ കാര്യങ്ങളുടെ പേരിൽ അടിയും വഴക്കും ഉണ്ടാക്കുന്ന പതിവും വർധിച്ചു. മൊബൈൽ ഫോൺ, റിമോട്ട്, ലാപ്ടോപ്പ്, പാഡ് തുടങ്ങിയ ഗാഡ്‌ജെറ്റുകൾ ആരുപയോഗിക്കും എന്ന കാര്യത്തിൽ കുട്ടികൾക്കിടയിലും, കുട്ടികളും രക്ഷിതാക്കളും തമ്മിലും ഒക്കെ വഴക്കുകൾ വർധിച്ചിട്ടുണ്ട്. അച്ഛനമ്മമാരിൽ പലരും വർക്ക് ഫ്രം ഹോം ആയതുകൊണ്ട് ഇങ്ങനെ വഴക്കുണ്ടാക്കുന്ന കുട്ടികൾക്ക് അപ്പപ്പോൾ തല്ലു കിട്ടുന്നതും കൂടിയിട്ടുണ്ട്.
കൊവിഡ് ലോക്ക് ഡൗൺ ഫലത്തിൽ, നമ്മുടെ കുട്ടികളുടെ മാനസിക നിലയെ വളരെ നെഗറ്റീവ് ആയിട്ടാണ് ബാധിച്ചിട്ടുള്ളത് എന്നാണ് ഈ പഠനത്തിലെ കണ്ടെത്തൽ എന്ന് ഡോ. അനാമിക പാപ്രിവാൾ എന്ന ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് IANS നോട് പറഞ്ഞു. അത് അവരുടെ ശാരീരികവും, മാനസികവും, വൈകാരികവുമായ തലങ്ങളിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. അത് നയിക്കുന്നത് ഉറക്കക്കുറവിലേക്കും, മാനസിക വിഭ്രാന്തികളിലേക്കും, അച്ഛനമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഇടയിലുള്ള വഴക്കുകളിലേക്കുമാണ് എന്നും പഠനം വെളിപ്പെടുത്തി. കുട്ടികളുടെ മാനസിക നിലയിലുണ്ടാകുന്ന ഈ ലോക്ക് ഡൗൺ എഫക്റ്റുകളെ വേണ്ടുംവിധം കൈകാര്യം ചെയ്തില്ലെങ്കിൽ സംഗതികൾ കൈവിട്ടുപോകാനും, പിന്നീട് പശ്ചാത്തപിക്കേണ്ടി വരാനും സാധ്യതയുണ്ട് എന്ന മുന്നറിയിപ്പോടെയാണ് പഠനം അവസാനിപ്പിച്ചിട്ടുള്ളത്.