Shoulder Pain : എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'?; ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്...

Web Desk   | others
Published : Mar 16, 2022, 06:43 PM IST
Shoulder Pain :  എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'?; ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്...

Synopsis

വലിയൊരു പരിധി വരെ ഒരേ തരത്തിലുള്ള ഇരിപ്പാണ് ഇതിന് കാരണമാകുന്നത്. ഒപ്പം തന്നെ വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.അതിനാല്‍ തന്നെ ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്  

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ ( Office Job ) സംബന്ധിച്ച്, പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അവര്‍ നിത്യജീവിതത്തില്‍ നേരിട്ടേക്കാം. ഇതില്‍ പ്രധാനമാണ് തോള്‍ വേദനയും ( shoulder Pain ) , കഴുത്ത് വേദനയും ( Neck Pain ) , നടുവേദനയുമെല്ലാം ( Back Pain ). വലിയൊരു പരിധി വരെ ഒരേ തരത്തിലുള്ള ഇരിപ്പാണ് ഇതിന് കാരണമാകുന്നത്. ഒപ്പം തന്നെ വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

അതിനാല്‍ തന്നെ ഓഫീസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടൊരു പ്രശ്‌നമാണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'. 

എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'?

തോള്‍ഭാഗത്ത് കടുത്ത വേദനയും ചലനങ്ങള്‍ക്ക് പരിമിതിയും വരുന്നൊരു അവസ്ഥയാണിത്. സാധാരണഗതിയില്‍ പ്രമേഹമുള്ളവരിലും എന്തെങ്കിലും തരത്തിലുള്ള പരിക്ക് പറ്റിയവരിലുമെല്ലാമാണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍' കാണപ്പെടുന്നത്. 

തോള്‍ഭാഗത്ത് എല്ലുകളെ ചേര്‍ത്തുവച്ചിരിക്കുന്ന സന്ധിക്ക് മുകളിലായുള്ള പാളി മുറുകിവരികയാണ് ഈ അവസ്ഥയിലുണ്ടാകുന്നത്. ഇതിന്റെ ഫലമായി വേദനയും ചലനങ്ങള്‍ക്ക് പരിമിതിയും അനുഭവപ്പെടുന്നു. 

മൂന്ന് ഘട്ടങ്ങളിലായാണേ്രത 'ഫ്രോസണ്‍ ഷോള്‍ഡര്‍' പുരോഗമിക്കുന്നത്. ഓരോ ഘട്ടവും മാസങ്ങളോളം നീണ്ടുനില്‍ക്കാം. ആദ്യഘട്ടത്തില്‍ തോള്‍ഭാഗം അനക്കുമ്പോള്‍ വേദന അനുഭവപ്പെടാം. കൈകളുടെ മുകള്‍ഭാഗത്തും തോളിന്റെ പിന്‍ഭാഗത്തുമെല്ലാം വേദനയുണ്ടാകാം. ചലനങ്ങള്‍ക്ക് നിയന്ത്രണം വരുന്നത് പോലെയുള്ള അനുഭവവും ഈ ഘട്ടത്തില്‍ തന്നെയുണ്ടാകാം. 

രണ്ടാം ഘട്ടത്തില്‍ വേദന അല്‍പം കൂടി കൂടുന്നു. അതുപോലെ തന്നെ ചലനങ്ങള്‍ വീണ്ടും പരിമിതപ്പെടുന്നു. ഈ ഘട്ടത്തില്‍ രാത്രിയില്‍ വേദന കൂടുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം. ക്രമേണ പകല്‍സമയത്തെ പ്രവര്‍ത്തികളും ബാധിക്കപ്പെടുന്നു. വീട്ടിലെ ജോലിയോ ഓഫീസ് ജോലിയോ എന്തുമാകട്ടെ, അതിലും മോശമായ സ്വാധീനം രോഗം ചെലുത്തുന്നു. പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങളില്‍ വരെ പ്രശ്‌നമുണ്ടാക്കാന്‍ രോഗങ്ങള്‍ക്ക് സാധ്യമാണ്. അത്തരം സാധ്യതകളെല്ലാം ഈ അസുഖത്തിന്റെ കാര്യത്തിലും സംഭവിക്കാം. എപ്പോഴും ദേഷ്യം, നിരാശ പോലുള്ള അവസ്ഥകളിലൂടെ രോഗി കടന്നുപോയേക്കാം. 

മൂന്നാം ഘട്ടമാകുമ്പോഴേക്ക് രോഗം കാര്യമായി മൂര്‍ച്ഛിക്കുന്നു. വേദനയും തോള്‍ഭാഗം അനക്കാന്‍ കഴിയാത്ത സാഹചര്യവും തീവ്രമായ രീതിയിലേക്ക് നീങ്ങുന്നു. ഈ ഘട്ടത്തിലേക്ക് എത്തുന്ന രോഗികളെ തിരിച്ച് സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും എളുപ്പമല്ല. 

എപ്പോഴാണ് തോള്‍വേദനയും കഴുത്തുവേദനയും കാര്യമായി എടുക്കേണ്ടത്? 

തോള്‍വേദനയും കഴുത്തുവേദനയും പതിവായി അനുഭവപ്പെടുമ്പോഴും അത് കാര്യമായി എടുക്കാത്തവരാണ് ഏറെ പേരും. എന്നാല്‍ നിര്‍ബന്ധമായും ഗൗരവത്തിലെടുക്കേണ്ട പ്രശ്‌നങ്ങളാണിവയെന്നാണ് ഡോക്ടര്‍മാര്‍ തന്നെ ഓര്‍മ്മപ്പെടുത്തുന്നത്. 

തോളിലോ കഴുത്തിലോ ആകട്ടെ, വേദനയ്‌ക്കൊപ്പം തന്നെ മരവിപ്പ്, ശക്തി ക്ഷയിച്ച് പോകുംവിധത്തിലുള്ള അനുഭവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന വേദനയും അസ്വസ്ഥതയും, തോളിലും നെഞ്ചിലും ചുവപ്പ് നിറം, നീര് എന്നിവയെല്ലാം കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടേണ്ടതാണ്. 

ചില സന്ദര്‍ഭങ്ങളില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമായും തോള്‍വേദന വരാറുണ്ട്. ഇത് തോളില്‍ നിന്ന് തുടങ്ങി നെഞ്ചിലേക്ക് പടരുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ശ്വാസതടസം കൂടി നേരിടുന്നുവെങ്കില്‍ വൈകാതെ തന്നെ ചികിത്സ തേടുക.

Also Read:- ഇരുന്നുറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ കരുതുക...

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?