കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ നാല് പഴങ്ങള്‍...

By Web TeamFirst Published Feb 9, 2023, 7:03 PM IST
Highlights

കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണിത്. 

ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്ന ഗ്രന്ഥിയാണ് കരള്‍. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. 

കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും.

ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  'നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' അഥവാ മദ്യപാനം മൂലമല്ലാതെ പിടിപെടുന്ന കരള്‍വീക്കത്തിനെ തടയാന്‍ ബെറി പഴങ്ങള്‍ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. 

രണ്ട്... 

മുന്തിരി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളിന്‍റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. 'പോളിഫെനോൾസ്' എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്.

മൂന്ന്...

ആപ്പിളാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന പറയുന്നത് വെറുതേയല്ല. ഇവ കരള്‍വീക്കത്തിനെ തടയാന്‍ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

നാല്... 

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ഇവ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.  വിറ്റാമിന്‍ സി, ഇ, കെ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് അവക്കാഡോ. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും അവക്കാഡോ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം ഈ തെറ്റുകള്‍...

click me!