
പ്രമേഹം നമുക്കറിയാം വളരെ ഗൗരവമായിത്തന്നെ കണക്കാക്കേണ്ടൊരു ജീവിതശൈലീരോഗമാണ്. പല അനുബന്ധ പ്രശ്നങ്ങളിലേക്കും രോഗങ്ങളിലേക്കുമെല്ലാം ക്രമേണ പ്രമേഹം നമ്മെ നയിച്ചേക്കാം. അതിനാല്‍ തന്നെ പ്രമേഹത്തെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്.
ചിലരില്‍ നേരത്തെ തന്നെ പ്രമേഹത്തിനുള്ള സാധ്യതകള്‍ ഉണ്ടായിരിക്കും. ഇതിനും ചില ലക്ഷണങ്ങളെല്ലാമുണ്ട്. ഇത്തരക്കാരില്‍ ഭാവിയില്‍ പ്രമേഹം വരാം. അധികവും ടൈപ്പ്- 2 പ്രമേഹമാണ് മുതിര്‍ന്നവരില്‍ കാണുന്നത്.
എന്നാല്‍ പ്രമേഹസാധ്യതകള്‍ കല്‍പിക്കപ്പെട്ടവര്‍ക്ക് പ്രമേഹം പിടിപെടുന്നത് ഒഴിവാക്കാൻ ഒരു മാര്‍ഗം അവലംബിക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. യുഎസിലെ 'ടഫ്സ് മെഡിക്കല്‍ സെന്‍ററി'ല്‍ നിന്നുള്ള ഗവേഷകസംഘമാണ് ഈ പഠനത്തിന് പിന്നില്‍.
വൈറ്റമിൻ-ഡിയും പ്രമേഹവും തമ്മിലുള്ള ബന്ധമാണ് ഇവര്‍ പഠനത്തിലൂടെ വിശദീകരിക്കുന്നത്. വൈറ്റമിൻ-ഡി കുറഞ്ഞാല്‍ പ്രമേഹ സാധ്യത കൂടുമെന്നും അതിനാല്‍ വൈറ്റമിൻ -ഡി സപ്ലിമെന്‍റ്സ് മുൻകൂട്ടി എടുത്താല്‍ പ്രമേഹത്തെ തടഞ്ഞുനിര്‍ത്താമെന്നുമാണ് ഇവര്‍ തങ്ങളുടെ പഠനത്തിലൂടെ അവകാശപ്പെടുന്നത്.
വൈറ്റമിൻ-ഡി ശരീരത്തില്‍ പല ധര്‍മ്മങ്ങളും നിറവേറ്റുന്നുണ്ട്. ഇതില്‍ പ്രധാനമാണ് ഇൻസുലിൻ ഹോര്‍മോണിന്‍റെ ഉത്പാദനവും ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസ് വേര്‍തിരിച്ചെടുത്ത് ഇതിനെ പ്രോസസ് ചെയ്തെടുക്കുന്ന ജോലിയും. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ അല്ലെങ്കില്‍ ശരീരത്തിന് ഉള്ള ഇൻസുലിൻ ഹോര്‍മോണിനോട് കൃത്യമായി പ്രതികരിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ് പ്രമേഹമുണ്ടാകുന്നത്.
അങ്ങനെയെങ്കില്‍ തീര്‍ച്ചയായും വൈറ്റമിൻ-ഡിക്കും പ്രമേഹത്തിനും തമ്മില്‍ ബന്ധമുണ്ടാകാം. എന്നാല്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുംവിധത്തില്‍ പ്രമേഹത്തെ തടയാൻ മുൻകൂട്ടി തന്നെ വൈറ്റമിൻ-ഡി സപ്ലിമെന്‍റ്സ് എടുക്കുന്നത് അത്ര ആരോഗ്യകരമല്ല എന്നാണ് മറ്റ് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
വൈറ്റമിൻ-ഡി കാര്യമായും സൂര്യപ്രകാശത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. കുറച്ച് നമ്മുടെ ശരീരത്തില്‍ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നു. ബാക്കി ഭക്ഷണത്തിലൂടെയും ലഭിക്കും. എന്നാല്‍ ഇന്ന് ധാരാളം പേരില്‍ വൈറ്റമിൻ-ഡി കുറവ് കാണപ്പെടുന്നുണ്ട്. മോശം ജീവിതരീതികളുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ വൈറ്റമിൻ-ഡി കുറയുന്നത് മൂലം പല പ്രശ്നങ്ങളും നേരിടുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇത്തരം ഘട്ടങ്ങളില്‍ വൈറ്റമിൻ-ഡി സപ്ലിമെന്‍റ്സ് എടുക്കാവുന്നതാണ്. അതേസമയം സ്വയം തീരുമാനിച്ച് സപ്ലിമെന്‍റ്സ് എടുക്കുന്നത് എപ്പോഴും വെല്ലുവിളി തന്നെയാണ്.
Also Read:- കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam