
നമ്മുടെ അടുക്കളകളില്‍ നിത്യേന കാണപ്പെടുന്ന ചേരുവകളിലൊന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ഇതൊരു കറിക്കൂട്ട് എന്ന നിലയ്ക്ക് മാത്രമല്ല ഔഷധമൂല്യമുള്ള ഒന്നായിക്കൂടിയാണ് പരമ്പരാഗതമായിത്തന്നെ പരിഗണിച്ചുവരുന്നത്.
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് പ്രധാനമായും നമ്മള്‍ വെളുത്തുള്ളിയെ മരുന്നായി ആശ്രയിക്കാറ്. അതുപോലെ തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വെളുത്തുള്ളിക്ക് വലിയ പങ്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നത്.
വെളുത്തുള്ളിയും ഹൃദയാരോഗ്യവും തമ്മിലും ചെറിയ ചില ബന്ധങ്ങളുണ്ട്. മിക്കവര്‍ക്കും ഇതെക്കുറിച്ച് അത്ര അവബോധമില്ലെന്നതാണ് സത്യം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഉയര്‍ന്ന കൊളസ്‌ട്രോളുള്ളവരും വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മല്‍ഹോത്ര പറയുന്നത്.
ഈ രണ്ട് അവസ്ഥകളേയും നിയന്ത്രിച്ചുനിര്‍ത്താന്‍ വെളുത്തുള്ളി ശരീരത്തെ സഹായിക്കുമത്രേ. നമുക്കറിയാം രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമായി ഉയരുന്നതും, കൊളസ്‌ട്രോള്‍ ലെവല്‍ കൂടുന്നതുമെല്ലാം നേരിട്ട് ഹൃദയത്തെ ബാധിക്കാറുണ്ട്. ഹൃദയാഘാതത്തിന് വരെ ഇവ കാരണമാകാറുമുണ്ട്.
അതുപോലെ പ്രായം കൂടുമ്പോള്‍ ഹൃദയധമനികളിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയുമത്രേ. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'വെബ് എംഡി'യിലെ ലേഖനത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തേ വന്നിരുന്നു.
ഇങ്ങനെ പല തരത്തിലാണ് വെളുത്തുള്ളി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. എന്തായാലും തികച്ചും അനുകൂലമായ തരത്തില്‍ തന്നെയാണ് വെളുത്തുള്ളി ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എന്ന കാര്യം ഉറപ്പിക്കാം.
Also Read:- ഈ അഞ്ച് ഭക്ഷണങ്ങൾ കരളിന്റെ ആരോഗ്യത്തിന് മികച്ചത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam