
സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. പലപ്പോഴും രോഗത്തിന്‍റെ കാരണം വ്യക്തമാകാറില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ സ്തനാര്‍ബുദമുണ്ടാക്കുന്ന ജീനിനെ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു. ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരും യുഎസിലെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകരും ചേര്‍ന്നാണ് പഠനം നടത്തിയത്.
ക്യാന്‍സറിനെക്കുറിച്ചുള്ള ബ്രിട്ടീഷ് ജേണലിലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ജീനിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഗവേഷകര്‍ അര്‍ബുദരോഗികളില്‍ നടത്തിയ പഠനത്തില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ അഞ്ച് ജീനുകളെ കണ്ടെത്തി. അവയില്‍ ഏറ്റവും കൂടുതല്‍ ആക്ടീവ് ആയത് സിബിഎക്‌സ്2 എന്ന ജീന്‍ ആണ്. ആരോഗ്യവതികളില്‍ ഈ ജീനിന്‍റെ അളവ് കുറവാണെന്നും സ്തനാര്‍ബുദമുള്ളവരില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
സിബിഎക്‌സ്2 ജീനും സ്തനാര്‍ബുദവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനം പറയുന്നത്. സ്തനാര്‍ബുദമുള്ളവരില്‍ ഈ ജീനിനെ ഇല്ലാതാക്കിയപ്പോള്‍ രോഗികളില്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച കുറഞ്ഞു. അതിനാല്‍ ട്യൂമറിന്‍റെ വളര്‍ച്ചയ്ക്ക് ഈ ജീന്‍ കാരണമാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്ന് സര്‍വകലാശാലാ പ്രൊഫസര്‍ ജെസ് മാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam