
ഒരു ആപ്പ് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. രാവിലെ കണ്ണുതുറന്നാല്‍ പലരും ആദ്യം കയറുന്നത് തന്നെ ഈ ആപ്പില്‍ ആയിരിക്കും. അതെ, വാട്ട്സ്ആപ്പ് അത്രമാത്രം ആളുകളെ സ്വാധീനിച്ചിരിക്കുന്നു. വാട്ട്സ്ആപ്പ് മാത്രമല്ല, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയും ജീവിതത്തില്‍ നമ്മുക്ക് മിസ് ചെയ്യാന്‍ പറ്റാത്തതായി മാറിയിട്ടുണ്ട്.
രാത്രി ഉറക്കമില്ലാതെ ഫോണില്‍ പരതുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. കാലത്തിന്‍റെ ഒരു പോക്കേ! 'ഞാന്‍ ഒരു ഫോണ്‍ അഡിക്ട് ആണ്' എന്ന് പറയുന്നവരുടെ എണ്ണം ഇന്ന് കൂടിയിട്ടുണ്ട്. ഫോണിന്‍റെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് നമ്മള്‍ പലതവണ ചര്‍ച്ച ചെയ്തിട്ടുളളതാണ്.
വാട്ട്സ്ആപ്പ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ്. 1.5 ബില്ല്യണ്‍ ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പിന്‍റെ ഈ അമിത ഉപയോഗം നല്ലതാണോ? ഇതിനെ കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. വാട്ട്സ്ആപ്പില്‍ അധികസമയം ചിലവഴിക്കുന്നവരില്‍ താന്‍ തനിച്ചാണ് എന്ന ചിന്ത കുറവായിരിക്കും എന്നാണ് പുതിയ പഠനം പറയുന്നത്. ഇംഗ്ലണ്ടിലെ എഡ്ജ് ഹില്‍ യൂണിവേഴ്സിറ്റിയാണ് (Edge Hill University) പഠനം നടത്തിയത്.
ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ സയന്‍സിലും പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പിന്‍റെ ഉപയോഗം മാനസികാരോഗ്യം നല്‍കുമെന്നാണ് പഠനം പറയുന്നത്. പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും, ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനും, കുടുംബവും സുഹൃത്തുക്കളുമായി ആരോഗ്യപരമായ സംഭാഷണത്തിലേര്‍പ്പെടാനും വാട്ട്സ്ആപ്പ് സഹായിക്കും. തനിച്ചായി എന്ന ചിന്ത ഇല്ലാതാക്കി മനസ്സിന് സന്തോഷം നല്‍കാന്‍ ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam