
വയറിന്‍റെ ആരോഗ്യം മോശമായാല്‍ ആകെ ആരോഗ്യം മോശമായി എന്ന് പറയുന്നത് കേട്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ വലിയൊരു പരിധി വരെ ഇത് ശരി തന്നെയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വയറിന്‍റെ ആരോഗ്യം മോശമായാല്‍ അത് പല രീതിയില്‍ നമ്മെ ബാധിക്കും. ഇതിനുള്ളൊരു പ്രധാന കാരണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
നമ്മുടെ വയറ്റിനകത്ത് അസംഖ്യം സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടുന്നുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് എല്ലാം ഇതില്‍ വരും. ഇവയില്‍ നമുക്ക് ഗുണകരമാകുന്ന അണുക്കളും ദോഷമായി വരുന്നവയുമുണ്ട്. ജൈവികമായി ഇവയ്ക്കൊരു 'ബാലൻസ്' ഉണ്ടായിരിക്കും. ഇത് തെറ്റുമ്പോള്‍ കാര്യമായും ബാധിക്കപ്പെടുന്നത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ആണത്രേ.
രോഗ പ്രതിരോധവ്യവസ്ഥയെ കുറിച്ച് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. നമ്മുടെ ശരീരത്തിലേക്ക് പുറത്തുനിന്നെത്തുന്ന രോഗാണുക്കളെ പോരാടി തോല്‍പിച്ച് ശരീരത്തെ സുരക്ഷിതമാക്കി നിര്‍ത്തലാണ് പ്രതിരോധ വ്യവസ്ഥയുടെ ധര്‍മ്മം.
വാറസ്- ബാക്ടീരിയ- ഫംഗസ് എന്ന് തുടങ്ങി വിവിധ വിഷാംശങ്ങള്‍ അടക്കം നമ്മുടെ ശരീരത്തെ പ്രശ്നത്തിലാക്കുന്ന പുറത്തുനിന്നുള്ള രോഗാണുക്കളെയും പദാര്‍ത്ഥങ്ങളെയും തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോശങ്ങളെല്ലാം ചേര്‍ന്നതാണ് പ്രതിരോധ വ്യവസ്ഥ.
വയറ്റിലെ സൂക്ഷ്മാണുക്കളുടെ 'ബാലൻസ്' തെറ്റുമ്പോള്‍ ഇത് പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അതുവഴി വിവിധ അസുഖങ്ങള്‍ നമ്മെ വേട്ടയാടുകയും ചെയ്യുകയാണ്. അതുകൊണ്ടാണ് വയറിന്‍റെ ആരോഗ്യം നഷ്ടമായാല്‍ ആകെ ആരോഗ്യം നഷ്ടമായി എന്ന് പറയുന്നത്. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തെയും വയറ്റിനകത്തെ സൂക്ഷ്മാണുക്കളുടെ സമൂഹം സ്വാധീനിക്കുന്നുണ്ട്. ഇതുവഴി ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡര്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകാം.
നേരെ തിരിച്ച് പറഞ്ഞാല്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ മൂലം പ്രതിരോധ വ്യവസ്ഥയോ മാനസികാരോഗ്യമോ എല്ലാം ബാധിക്കപ്പെട്ടാല്‍ അത് നമ്മുടെ വയറിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ വയറിന്‍റെ ആരോഗ്യം നല്ലരീതിയില്‍ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ഡയറ്റാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. കാര്യമായും പ്രോബയോട്ടിക്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക.
ഒപ്പം തന്നെ ഉറക്കം ശരിയായ രീതിയില്‍ തന്നെ ക്രമീകരിക്കുക. മാനസിക സമ്മര്‍ദ്ദങ്ങളും അകറ്റിനിര്‍ത്തുക. ഇവയെല്ലാം ശ്രദ്ധിക്കാനായാല്‍ വയറിന്‍റെ ആരോഗ്യം നല്ലതുപോലെ കൊണ്ടുപോകാൻ സാധിക്കും.
Also Read:- വയറിനെ പ്രശ്നത്തിലാക്കുന്ന മൂന്ന് കാര്യങ്ങള്‍ തിരിച്ചറിയൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam