ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ കഴിക്കേണ്ട ഗുളിക; ഉടൻ ചെയ്യേണ്ട മറ്റ് കാര്യങ്ങള്‍

By Web TeamFirst Published Oct 5, 2022, 6:14 PM IST
Highlights

ഹൃദയാഘാതം സംഭവിച്ചാല്‍ ആ വ്യക്തി അതോടെ മരിക്കുമെന്ന് ഉറപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. കൃത്യമായ പ്രാഥമിക ചികിത്സ, ഒപ്പം തുടര്‍ ചികിത്സ എന്നിവ ലഭിച്ചാല്‍ യാതൊരു പ്രശ്നവുമില്ലാതെ ആ വ്യക്തിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാവുന്നതേയുള്ളൂ.

ഹൃദയാഘാതം സംഭവിക്കുമ്പോള്‍ അത് മരണത്തിലേക്ക് എത്തും മുമ്പ് തന്നെ രോഗിയെ രക്ഷപ്പെടുത്താൻ കഴിയാവുന്ന സാഹചര്യമുണ്ടായിട്ടും രക്ഷപ്പെടുത്താൻ കഴിയാതെ, അവരെ മരണത്തിലേക്ക് പറഞ്ഞുവിടേണ്ടി വരുന്നത് പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ അറിയാതിരിക്കുന്നത് മൂലമാണ്. സ്വയവും ഇങ്ങനെ മരണത്തിലേക്ക് കടന്നുപോകുന്ന എത്രയോ പേരുണ്ട്. 

ഹൃദയാഘാതം സംഭവിച്ചാല്‍ ആ വ്യക്തി അതോടെ മരിക്കുമെന്ന് ഉറപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. കൃത്യമായ പ്രാഥമിക ചികിത്സ, ഒപ്പം തുടര്‍ ചികിത്സ എന്നിവ ലഭിച്ചാല്‍ യാതൊരു പ്രശ്നവുമില്ലാതെ ആ വ്യക്തിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാവുന്നതേയുള്ളൂ. ഹൃദയാഘാതത്തിലാണെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി പിന്നീടുള്ള ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. എന്തായാലും സ്വയമോ മറ്റൊരാളിലോ ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചെയ്യേണ്ട  ചില കാര്യങ്ങള്‍ മനസിലാക്കി വയ്ക്കൂ... 

ഒന്ന്...

ആദ്യഘട്ടം ലക്ഷണങ്ങള്‍ തിരിച്ചറിയലാണ്. അത് സ്വയമായാലും മറ്റൊരാളിലായാലും. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായി വരാം. അതുപോലെ നേരത്തെ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉള്ളവരിലും ലക്ഷണങ്ങളില്‍ വ്യത്യാസം വരാം. സ്ത്രീകളില്‍ വേദന പല കേസുകളിലും അനുഭവപ്പെടില്ല. പകരം അസ്വസ്ഥത, തളര്‍ച്ച എന്നിവയെല്ലാം കൂടുതലായി കാണാം. 

ദഹനപ്രശ്നം വരിക, ഓക്കാനം, അസഹനീയമായ ക്ഷീണം, ശ്വാസതടസം, ആകെ അസ്വസ്ഥത എന്നിവയെല്ലാം ഹൃദയാഘാത ലക്ഷണമായി വരാം. അമിതമായ വിയര്‍പ്പ്- നെഞ്ചില്‍ മാത്രമല്ലാതെ കഴുത്തിലും കീഴ്ത്താടിയിലും ഇരുകൈകളിലും നടുവിലേക്കും വേദന, നെഞ്ച് തിങ്ങുന്നതായ തോന്നാല്‍ എല്ലാം ഹൃദയാഘാത ലക്ഷണമായി വരാം. 

രണ്ട്...

രോഗലക്ഷണങ്ങള്‍ കണ്ട് ഇത് കൃത്യമായി എന്താണെന്ന് മനസിലാക്കാൻ നമുക്ക് സാധിക്കണമെന്നില്ല. അതിനാല്‍ തന്നെ രോഗിയുടെ അവസ്ഥ മോശമാണെന്ന് കണ്ടാല്‍ ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയാണ് വേണ്ടത്. ആംബുലൻസില്‍ യാത്ര ചെയ്യാൻ പലര്‍ക്കും മടിയാണ്. അതുകൊണ്ട് കാര്യമില്ല, ആശുപത്രിയിലേക്കുള്ള യാത്രമധ്യേ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ ആംബുലൻസിനുള്ള സൗകര്യം മറ്റ് വാഹനങ്ങള്‍ക്കില്ലെന്ന് മനസിലാക്കുക. ആംബുലൻസിന് വിളിക്കാനായി ഒട്ടും സമയം പാഴാക്കരുത്. കാരണം ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ട് സമയം വൈകിക്കും തോറും രോഗിയുടെ ഹൃദയപേശികള്‍ മരിച്ചുകൊണ്ടിരിക്കും. ഇത് രോഗിയെ രക്ഷപ്പെടുത്താനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്. 

മൂന്ന്...

ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ആസ്പിരിൻ ഉണ്ടെങ്കില്‍ ഇത് കഴിക്കാവുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ പറയുന്നു. 325 എംജിയുടെ ഒരു ഫുള്‍ ഡോസോ അല്ലെങ്കില്‍ ബേബി ആസ്പിരിൻ ആണെങ്കില്‍ 81 എംജിയുടെ നാലെണ്ണമോ എടുക്കാം. ആംബുലൻസ് വിളിച്ചുപറഞ്ഞ ശേഷം ഇത് കഴിക്കാവുന്നതാണ്. 

ധമനികള്‍ രക്തം കട്ട പിടിച്ച് അടഞ്ഞുപോയിട്ടുണ്ടെങ്കില്‍ ഇവയെ പൊട്ടിക്കാനാണ് ആസ്പിരിൻ കഴിക്കുന്നത്. ആസ്പിരിൻ വിഴുങ്ങുന്നതിന് പകരം ചവച്ചരച്ച് തന്നെ കഴിക്കുക. ഇത് കൂടുതല്‍ ഫലം ചെയ്യും. 

നാല്...

ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരാള്‍ സ്വയം വാഹനമോടിച്ച് ആശുപത്രിയിലേക്ക് പുറപ്പെടരുത്. സഹായത്തിന് മറ്റൊരാള്‍ മാത്രമാണുള്ളതെങ്കില്‍ അയാളും വാഹനമോടിക്കരുത്. ആംബുലൻസിന് തന്നെ വിളിക്കുക. ഇക്കാര്യം നിര്‍ബന്ധമായും ഓര്‍ത്തിരിക്കുക. പ്രത്യേകിച്ച് സ്വയം വാഹനമോടിക്കുന്നത്. ഒരുപക്ഷെ ആശുപത്രിയിലെത്തിയാല്‍ ഹൃദയാഘാതത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടേക്കാം. എന്നാല്‍ വാഹനമോടിച്ചാല്‍ വാഹനാപകടം സംഭവിക്കാനുള്ള സാധ്യതകളേറെയാണ്. ഇത് ഒന്നിലധികം ജീവനുകളെ ബാധിക്കാം. 

അഞ്ച്...

ഹൃദയാഘാത ലക്ഷണങ്ങള്‍ കാണുകയും രോഗി പ്രതികരണമില്ലാത്ത വിധം കുഴഞ്ഞുപോവുകയും ചെയ്താല്‍ ഉടൻ തന്നെ സിപിആര്‍ നല്‍കണം. രോഗിയുടെ പള്‍സ് നോക്കി, കവിളില്‍ ശക്തിയായി തട്ടി വിളിക്കണം. ഇതിലൊന്നും പ്രതികരണമില്ലെങ്കില്‍ സിപിആര്‍ നല്‍കുക. സിപിആര്‍ നല്‍കല്‍ നിസാരമായ കാര്യമല്ല. ഇത് കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. 

Also Read:- കൊവിഡിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടാറുണ്ടോ?

click me!