
ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജിമ്മിലെ പരിശീലനത്തിനിടെ ഹൃദയാഘാതം മൂലം മരണത്തിലെത്തിയവര്‍ പ്രമുഖരടക്കം നിരവധി പേരാണ്. ഇത്തരം വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ അമിത വ്യായാമം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാമെന്ന തരത്തിലുള്ള ആശങ്കകള്‍ അടുത്ത കാലത്തായി ആളുകളില്‍ ശക്തമാണ്.
സമാനമായൊരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ നിന്ന് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജിമ്മിലെ പരിശീലകന് തന്നെയാണ് ഈ സംഭവത്തില്‍ ദുരവസ്ഥയുണ്ടായിരിക്കുന്നത്.
ജിമ്മില്‍ പരിശീലനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണെന്നാണ് സിസിടിവി ദൃശ്യങ്ങളിലുള്ള സൂചന. ഒരു കസേരയിലിരിക്കുകയായിരുന്നു പരിശീലകനായ ആദില്‍. ഇതിനിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം നേരിടുന്നു. അപ്പോള്‍ തന്നെ കൂടെയുള്ളവരുടെ ശ്രദ്ധയില്‍ ഇത് പെടുകയും ഇവര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ പരിചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വൈകാതെ തന്നെ ആദില്‍ തളര്‍ന്നുവീഴുകയാണ്. ഇതോടെ എല്ലാവരും ചേര്‍ന്ന് എടുത്താണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.
എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പെ തന്നെ ആദിലിന്‍റെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുപ്പത്തിമൂന്ന് വയസ് മാത്രമുള്ള ആദിലിന് എങ്ങനെയാണ് ഇത്തരത്തില്‍ പെടുന്നനെയൊരു ഹൃദയാഘാതം സംഭവിച്ചതെന്ന അമ്പരപ്പാണ് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് താഴെ ഏവരും ചോദിക്കുന്നത്.
നിലവില്‍ ഈ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പലരും പിൻവലിച്ചിട്ടുണ്ട്. നേരത്തെ വ്യാപകമായ രീതിയിലാണ് ഇത് പ്രചരിക്കപ്പെട്ടിരുന്നത്.
മരിക്കുന്നതിന് മുമ്പ് ആദിലിന് ദിവസങ്ങളായി പനിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും ജിമ്മില്‍ പോകുന്നത് ഒഴിവാക്കിയില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ അറിയിക്കുുന്നത്. ഇദ്ദേഹത്തിന് ഭാര്യയും നാല് മക്കളുമുണ്ട്.
പെടുന്നനെയുണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ ഒരിക്കലും ആര്‍ക്ക്- എപ്പോള്‍- ഏത് പ്രായക്കാരില്‍ സംഭവിക്കും എന്നൊന്നും പ്രവചിക്കുക സാധ്യമല്ല. മറഞ്ഞിരിക്കുന്ന ഹൃദയസംബന്ധമായ പല ഘടകങ്ങളും പെടുന്നെയുള്ള ഹൃദയാഘാതത്തിലേക്കോ ഹൃദയസ്തംഭനത്തിലേക്കോ എല്ലാം നയിക്കാം.
അതേസമയം ജിമ്മിലെ വര്‍ക്കൗട്ട് മൂലം ഹൃദയാഘാതം സംഭവിക്കുമോയെന്ന ഭയവും പലരിലുമുണ്ടാകാം. ഇത് അപൂര്‍വമായൊരു സാഹചര്യമാണെന്ന് തന്നെ പറയാം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തിയിട്ടുള്ളവരാണെങ്കില്‍ വര്‍ക്കൗട്ട് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ചെയ്യാവൂ. അതല്ലെങ്കില്‍ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് മാത്രം വര്‍ക്കൗട്ടുകള്‍ ചെയ്യുക. കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് കടക്കും മുമ്പ് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായും ചെയ്യുക. മറ്റ് വിഷമതകളില്ലാത്തവരാണെങ്കില്‍ കൂടിയും കൃത്യമായ ഇടവേളകളില്‍ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പിക്കുന്നത് എപ്പോഴും നല്ലതാണ്.
നടൻ പുനീത് രാജ്‍കുമാര്‍, ബിഗ് ബോസ് ജേതാവും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ല, കൊമേഡിയൻ രാജു ശ്രീവാസ്തവ എന്നീ പ്രമുഖരടക്കം പലരും അടുത്ത കാലത്തായി വര്‍ക്കൗട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടും ഹൃദയാഘാതം മൂലം മരിച്ചുവെന്നത് ആളുകളില്‍ വലിയ രീതിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ആരോഗ്യകരമായ ഡയറ്റ്, ഉറക്കം, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുള്ള ജീവിതം എന്നീ നല്ല ശീലങ്ങളെല്ലാം ഹൃദയാഘാതത്തില്‍ നിന്ന് ഒരു പരിധി വരെ നമ്മെ രക്ഷിക്കാം. അതേസമയം പരിപൂര്‍ണമായ സുരക്ഷ ഒരിക്കലും നമുക്ക് വാഗ്ദാനം ചെയ്യുക സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു.
Also Read:-ഹൃദയാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ കഴിക്കേണ്ട ഗുളിക; ഉടൻ ചെയ്യേണ്ട മറ്റ് കാര്യങ്ങള്‍