
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഒലിവ് ഓയിലെന്ന് നമുക്കെല്ലാം അറിയാം. എങ്കിലും നമ്മള്‍ മലയാളികള്‍ക്ക് ഇപ്പോഴും ഒലിവ് ഓയിലിനോട് ഒരു പഥ്യമില്ലെന്നതാണ് വാസ്തവം. പല സ്ഥലങ്ങളിലും നിത്യേന പാചകത്തിനായി ഉപയോഗിക്കുന്നത് പോലും ഒലിവ് ഓയിലാണ്. ഈ ശീലം അവരില്‍ പല നല്ല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുമുണ്ട്.
ഇതുമായി ചേര്‍ത്തുവായിക്കാവുന്ന ഒരു പഠനത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ഒലിവ് ഓയിലും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കാന്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ തീരുമാനിച്ചു. അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അങ്ങനെ ഒരു ലക്ഷം പേരില്‍ നിന്നായി അതിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ തുടര്‍ച്ചയായി ശേഖരിച്ചുപോന്നു.
ഇന്നിതാ ദീര്‍ഘകാലം നീണ്ട ആ പഠനത്തിന്റെ നിഗമനം ഗവേഷകര്‍ പുറത്തുവിട്ടിരിക്കുകയാണ്. അതായത്, ഒലിവ് ഓയിലിനും ഹൃദയാരോഗ്യത്തിനും ഇടയ്ക്കുള്ള ബന്ധം നമ്മള്‍ കരുതുന്നതിനെക്കാളെല്ലാം മുകളിലാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ദിവസവും മുക്കാല്‍ ടീസ്പൂണ്‍ ഒലിവ് ഓയില്‍ കഴിക്കുന്ന ഒരാളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഇതിന് ഗവേഷകര്‍ യുകെയില്‍ നിന്ന് ശേഖരിച്ച പല കേസ് സ്റ്റഡികളും തെളിവുകളായി നിരത്തുന്നുണ്ട്. മുമ്പും ഒലിവ് ഓയില്‍ ഹൃദയസുരക്ഷയ്ക്ക് നല്ലതെന്ന തരത്തില്‍ പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഈ പഠനവും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam