പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വിളിച്ചു ചേര്‍ത്ത സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കുമായാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
സംസ്ഥാനത്ത് ഒമിക്രോണ്‍ (Omicron) വ്യാപിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ (palliative care) രോഗികള്‍ക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വിളിച്ചു ചേര്‍ത്ത സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കുമായാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് (veena george) ഫേസ്ബുക്കില്‍ കുറിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ അവരവരുടെ പ്രദേശത്തെ കിടപ്പിലായതും വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തതുമായ രോഗികളുള്ള വീടുകളുമായി നിരന്തര ബന്ധം പുലര്‍ത്തണം. ഫോണ്‍ വഴിയും മറ്റും ബന്ധപെട്ടു വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കണം.
ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള വീടുകള്‍ ഉണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവും സന്നദ്ധസംഘടനകളുമായി ബന്ധപെട്ടു വേണ്ട കാര്യങ്ങള്‍ ചെയ്യണം.
ആശുപത്രികളും പാലിയേറ്റീവ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഇവര്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങുന്നില്ല എന്നു ഉറപ്പുവരുത്തണം.
എല്ലാ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കണം.
രോഗികള്‍ക്കാര്‍ക്കെങ്കിലും പനി, തൊണ്ടവേദന, ജലദോഷം എന്നീ ബുദ്ധിമുട്ടുകള്‍ പുതിയതായി വന്നാല്‍ ആശമാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരികയും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് പരിചരണം നല്‍കുന്ന യൂണിറ്റുകള്‍, ഹോം കെയര്‍ എണ്ണം വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കണം.
സേവനം ആവശ്യമുള്ള രോഗികളുടെ ലിസ്റ്റ് സന്നദ്ധ സഘടനകള്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സ്വീകരിക്കാവുന്നതാണ്.
ഹോം കെയറില്‍ പങ്കെടുക്കുന്ന നഴ്‌സുമാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിശീലനം നല്‍കേണ്ടതാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ബോധവല്‍ക്കരണം ഹോം കെയറിന് ചെല്ലുന്ന വീടുകളില്‍ നല്‍കേണ്ടതാണ്.
കോവിഡ് വ്യാപനമുണ്ടാകാതെ മുന്‍കരുതല്‍ സ്വീകരിച്ചു വേണം ഹോം കെയര്‍ നടത്തുവാന്‍.
ഹോം കെയര്‍ നടത്തുമ്പോള്‍ രോഗികളുടെ കുടുംബാംഗങ്ങളുമായി സാമൂഹിക അകലം പാലിക്കുവാന്‍ പരമാവധി ശ്രദ്ധിക്കണം.
കോവിഡ് രോഗ രോഗ ലക്ഷണങ്ങളുള്ള രോഗികളുടെ വിവരം സര്‍ക്കാര്‍ ആശുപത്രിയില്‍ അറിയിക്കണം.
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ക്കുള്ള പരിശോധനയും ചികിത്സയും സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ ഡോക്ടര്‍മാരെ ഫോണ്‍ വഴി ബന്ധപെട്ടോ ഇ സഞ്ജീവിനി പ്ലാറ്റഫോം വഴിയോ സ്വീകരിക്കേണ്ടതാണ്. രോഗികളുടെ അവസ്ഥയനുസരിച്ചു വീട്ടില്‍ നല്‍കുവാന്‍ കഴിയുന്ന ചികിത്സകള്‍ വീട്ടുകാരുടെ സമ്മതത്തോടെ വീട്ടില്‍ തന്നെ നല്‍കാവുന്നതാണ്.
ഹോസ്പിറ്റല്‍ ചികിത്സ ആവശ്യമാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് രോഗികളെ ആശുപത്രിയിലേക്ക് മറ്റേണ്ടതാണ്.
കാന്‍സര്‍ ബാധിച്ചവര്‍, ഡയാലിസിസ് രോഗികള്‍ എന്നിവരുടെ ചികിത്സ മുടങ്ങാതിരിക്കുവാന്‍ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ടു വേണ്ട ഇടപെടലുകള്‍ നടത്തണം.