
വണ്ണം കുറയ്ക്കുകയെന്നത് നിസാരമായ സംഗതിയല്ല. ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനും ശരീരഭാരത്തിനും അനുസരിച്ച് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. എന്ന് മാത്രമല്ല ഓരോ വ്യക്തിക്കും ഓരോ രീതിയിലുള്ള തയ്യാറെടുപ്പുകളായിരിക്കും വണ്ണം കുറയ്ക്കാനായി ആവശ്യമായി വരിക.
എന്തായാലും പൊതുവില്‍ ചില കാര്യങ്ങള്‍ വണ്ണം കുറയ്ക്കാനായി ഡയറ്റിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി വരാറുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട- കരുതലെടുക്കേണ്ട ചിലത്- അഥവാ ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഓര്‍ക്കുക, ഇത് വണ്ണം കുറയ്ക്കാനായി ഡയറ്റിലേക്ക് പോകുന്ന ആര്‍ക്കും ബാധകമാണ്. എന്നാലോ ഡയറ്റിലേക്ക് പോകും മുമ്പ് ഇവയെക്കുറിച്ച് ഒരു ഡോക്ടറുമായി സംസാരിക്കുന്നതാണ് എപ്പോഴും സുരക്ഷ. കാരണം ആദ്യമേ സൂചിപ്പിച്ചത് പോലെ ചിലര്‍ക്ക് ഡയറ്റ് ശരിയാകണമെന്നില്ല, അതുപോലെ നമ്മളറിയാത്ത ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടെങ്കില്‍ അതും തിരിച്ചടിയായി വരാം. ഇനി ടിപ്സിലേക്ക്...
ഒന്ന്...
കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം. നിങ്ങള്‍ വര്‍ക്കൗട്ടിലൂടെയോ വ്യായാമത്തിലൂടെയോ എരിച്ചുകളയുന്ന കലോറിയെക്കാള്‍ കുറവായിരിക്കണം നിങ്ങള്‍ കഴിക്കേണ്ടത്. ഇതിന് അനുസരിച്ച് കലോറി കുറഞ്ഞ വിഭവങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റ് പ്ലാൻ ചെയ്യുക. അതേസമയം കലോറി തീരെ കുറയ്ക്കുകയും അരുത്. ഇത് ആരോഗ്യത്തെ ബാധിക്കാം.
രണ്ട്...
നമ്മള്‍ കഴിക്കുന്ന ഭക്ഷണം ബാലൻസ്ഡ് ആയിരിക്കണം. അതായത് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിങ്ങനെ എല്ലാ ഘടകങ്ങളും ലഭിച്ചിരിക്കണം. ആവശ്യമായ പോഷകങ്ങളെല്ലാം നമുക്ക് ഭക്ഷണത്തിലൂടെ കിട്ടണം. ഇക്കാര്യത്തില്‍ ശ്രദ്ധ നിര്‍ബന്ധമായും നല്‍കുക.
പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റ് എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. അപ്പോള്‍ തന്നെ ഭക്ഷണം ഏറെക്കുറെ ബാലൻസ്ഡ് ആകും.
മൂന്ന്...
എന്ത് ഭക്ഷണം കഴിക്കുമ്പോഴും അതിന്‍റെ അളവ് നിയന്ത്രിക്കണം. ഇത് ഡയറ്റിലേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രിയപ്പെട്ട വിഭവമാണ്, അല്ലെങ്കില്‍ ആരോഗ്യകരമായ വിഭവമാണ്, രുചിയുണ്ട് എന്നുള്ള കാരണങ്ങള്‍ കൊണ്ടൊന്നും അളവില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
അതുപോലെ നമ്മള്‍ സാധാരണഗതിയില്‍ കഴിക്കുന്നത് പോലെ നാലുനേരം എന്നുള്ളത് മാറ്റി ആറ് നേരവും ഏഴ് നേരവുമെല്ലാം ആക്കാവുന്നതാണ്. അളവ് നിയന്ത്രിക്കുമ്പോള്‍ ഇടയ്ക്കിടെ വിശപ്പനുഭവപ്പെടാം. ഇതിന് ശമനമാകാനും ഈ രീതി സഹായിക്കും. എന്നാല്‍ ആരോഗ്യകരമായ സ്നാക്സ് വിഭവങ്ങള്‍ മാത്രമേ ഈ സമയത്തും കഴിക്കാവൂ. അപ്പോള്‍ അളവിന്‍റെ കാര്യം മറക്കല്ലേ....
നാല്...
ഭക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ കുടിക്കുന്ന വെള്ളത്തിനും പ്രാധാന്യം നല്‍കുക. നല്ലതുപോലെ വെള്ളം കുടിക്കണം. ഇത് ദഹനം കൂട്ടാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുമെല്ലാം സഹായിക്കും.
അഞ്ച്...
മൈൻഡ്ഫുള്‍ ഈറ്റിംഗ് എന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കാം. ഇത് ഡയറ്റില്‍ പോകുമ്പോള്‍ പ്രാക്ടീസ് ചെയ്യാവുന്നൊരു കാര്യമാണ്. അതായത് മനസറിഞ്ഞ് കഴിക്കുക. കഴിക്കുന്ന ഭക്ഷണം എന്തോ, അതിലേക്ക് ശ്രദ്ധ നല്‍കി, അല്‍പാല്‍പമായി എടുത്ത് പതിയെ ചവച്ചരച്ച് കഴിക്കുക. ഇത് ദഹനം കൂട്ടാനും, അമിതമായി കഴിക്കുന്നത് തടയാനും, കഴിക്കുന്നത് ശരീരത്തില്‍ പിടിക്കാനും, എളുപ്പം സംതൃപ്തി തോന്നാനുമെല്ലാം സഹായിക്കും.
ആറ്...
ഡയറ്റിലാകുമ്പോഴും ചില ഭക്ഷണങ്ങള്‍ നമ്മെ കൊതിപ്പിക്കാം. എന്നാലിത്തരത്തില്‍ പ്രോസസ്ഡ് ഭക്ഷണങ്ങളോടോ പാക്കറ്റ് വിഭവങ്ങളോടോ കൊതി തോന്നുന്നതും ഇടയ്ക്കിടെ ഡയറ്റ് മുറിക്കുന്നതും നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് മനസിലാക്കുക.
ഏഴ്...
ഡയറ്റിലൂടെ മാത്രം വണ്ണം കുറയ്ക്കാമെന്ന് എല്ലാവരും ചിന്തിക്കരുത്. ചെറുതായി വണ്ണം കുറയ്ക്കാനെല്ലാം ഡയറ്റ് പാലിച്ചാല്‍ മതി. എന്നാല്‍ കാര്യമായി വണ്ണം കുറയ്ക്കണമെങ്കില്‍ ഡയറ്റിനൊപ്പം നിര്‍ബന്ധമായും വ്യായാമം കൊണ്ടുപോകണം. ഡയറ്റിലാകുമ്പോള്‍ ആദ്യമേ നിങ്ങള്‍ ചെയ്യേണ്ടത്, വണ്ണം കുറഞ്ഞോ വണ്ണം കുറഞ്ഞോ എന്ന് ദിവസവും പരിശോധിക്കുന്ന ആ ഉത്കണ്ഠ ഉപേക്ഷിക്കലാണ്. ക്ഷമയോടെ സന്തോഷത്തോടെ ഡയറ്റും വ്യായാമവുമായി മുന്നോട്ടുപോവുക. എങ്കിലേ ഫലപ്രദമായ രീതിയിലും ഭംഗിയായും നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാൻ സാധിക്കൂ.
Also Read:- സ്ട്രെസും കഷണ്ടിയും തമ്മില്‍ ബന്ധമുണ്ടോ? പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചിലത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam