ഹൃദ്രോഗമുണ്ടെന്ന് സൂചന ലഭിച്ചാൽ പ്രധാനമായി ചെയ്യേണ്ടത്...

By Web TeamFirst Published May 9, 2019, 6:24 PM IST
Highlights

ഹൃദ്രോഗമുണ്ടെന്ന് സംശയം തോന്നിയാൽ ടെസ്റ്റുകൾ നടത്തുക. അമിതവണ്ണം, ബ്ലഡ് പ്രഷർ, ഷുഗർ ഇവ നിയന്ത്രിക്കുക, പതിവായി ലഘുവായ വ്യായാമം ചെയ്യുക (നടത്തം), ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക ഇവയാണ് രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ, രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാനുള്ള മരുന്നുകൾ നിർദേശിക്കാറുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്.

ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാൻ ഏറ്റവും നല്ലൊരു മാർ​ഗമാണ് വ്യായാമം. നടക്കുമ്പോള്‍ വേദന, ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചത്ത്‌ അസ്വസ്ഥകള്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. 

നെഞ്ചുവേദന വന്നാൽ ...

നെഞ്ചുവേദന വന്നാൽ എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യരുത്. കിടക്കണം. ഹൃദയത്തിന് പരമാവധി വിശ്രമം കൊടുക്കണം. സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിൽ പോകരുത്. ഇതിന് മറ്റുള്ളവരുടെ സഹായം തേടുക. കൊറോണറി കെയർ സൗകര്യം ഉള്ള ആംബുലൻസ് വരുത്തി പോകുന്നതാണ് ഏറ്റവും സുരക്ഷിതം.

കാർഡിയാക് അറസ്റ്റ് വന്ന് ഹൃദയം നിന്നു പോകുന്ന അവസ്ഥയിലാണ് മൗത്ത് ടു മൗത്ത് ബ്രീത്ത്, ചെസ്റ്റ് കം പ്രഷൻ ഇവ ചെയ്യുന്നത്. (കാർഡിയാക് റിസസിറ്റേഷൻ അഥവാ ഹാർട്ട് വീണ്ടും പ്രവർത്തിപ്പിച്ചെടുക്കുക). ഹാർട്ട് അറ്റാക്ക് ഉണ്ടായ രോഗിയുടെ കാര്യത്തിൽ ഹൃദയധമനികളിലെ ബ്ലോക്കുകൾ നീക്കുക എന്നതാണ് സുപ്രധാനമായ ലക്ഷ്യം എന്നോർക്കുക. ബ്ലോക്കുകൾ അലിയിച്ചു കളയാനുള്ള മരുന്ന് വേഗം കൊടുത്താൽ രോഗിയുടെ ജീവൻ രക്ഷിക്കാനാകും.

ആൻജിയോഗ്രാം പരിശോധനയിലൂടെ ബ്ലോക്കുകൾ എത്രത്തോളമുണ്ടെന്ന് കൃത്യമായി അറിയാൻ സാധിക്കും. കൊറോണറി ധമനികളിൽ 70 ശതമാനം വരെ അടവുണ്ടെങ്കിൽ ആൻജിയോ പ്ലാസ്റ്റി ചെയ്യണം. മൂന്ന് കൊറോണറി ധമനികളിലും ഒരേസമയത്ത് ബ്ലോക്ക് ഉള്ള അവസ്ഥയിലും ഹൃദയത്തിന് ഏറ്റവും റിസ്കുള്ള മറ്റു ചില അവസ്ഥകളിലും ബൈപാസ് സർജറി വേണ്ടി വരും. സർജറി നിർദേശിച്ചാൽ എത്രയും വേഗം അതു ചെയ്യുന്നതാണ് സുരക്ഷിതം. സർജറിക്കു ശേഷം ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ഹൃദ്രോഗസൂചനകൾ ഉണ്ടെന്ന് സംശയം തോന്നിയാൽ...

ഹൃദ്രോഗമുണ്ടെന്ന് സംശയം തോന്നിയാൽ ടെസ്റ്റുകൾ നടത്തുക. അമിതവണ്ണം, ബ്ലഡ് പ്രഷർ, ഷുഗർ ഇവ നിയന്ത്രിക്കുക, പതിവായി ലഘുവായ വ്യായാമം ചെയ്യുക (നടത്തം), ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക ഇവയാണ് രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ, രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാനുള്ള മരുന്നുകൾ നിർദേശിക്കാറുണ്ട്. ഇവ മുടക്കരുത്. ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ കൊളസ്ട്രോൾ) കൂടാതെയാണ് നോക്കേണ്ടത്.

ഗുഡ് കൊളസ്ട്രോൾ (എച്ച്ഡിഎൽ കൊളസ്ട്രോൾ) നല്ലതാണ്. ഫിഷ് ഓയിൽ, ഒലിവ് ഓയിൽ ഇവ ഗുണകരമാണ്. ഹൃദയാരോഗ്യത്തിന് ഒലിവ് ഓയിലും റൈസ് ബ്രാൻ ഓയിലും (അല്ലെങ്കിൽ ഒലിവ് ഓയിലും സൺഫ്ളവർ ഓയിലും) തുല്യ അളവിൽ പാചകത്തിന് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ആഗോളതലത്തിലെ ചില പഠനങ്ങൾ പറയുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക. വനസ്പതി, വെണ്ണ, അനിമൽ ഫാറ്റ് തുടങ്ങിയവ ഒഴിവാക്കുക.

click me!